•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

വച്ചുപൊറുപ്പിക്കാനാവില്ല ഇത്തരം സമരകോലാഹലങ്ങള്‍

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 7 April , 2022

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയപണിമുടക്ക് രണ്ടുദിവസം ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ബന്ദിയാക്കി. പണിമുടക്ക് ചരിത്രവിജയം, പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണം തുടങ്ങിയ തലക്കെട്ടുകളോടെ സംയുക്ത തൊഴിലാളിയൂണിയന്‍ സമിതി പത്രമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കൊടുത്ത് ആഹ്ലാദിച്ചപ്പോഴും, സമരക്കാരുടെ അക്രമങ്ങളും അഴിഞ്ഞാട്ടങ്ങളും വരുത്തിവച്ച വിനകള്‍ക്ക് ഉത്തരവാദികളാകാന്‍ സമരനേതാക്കള്‍ക്കു കഴിയുമോ എന്ന കേരളസമൂഹത്തിന്റെ ഗൗരവമായ ചോദ്യത്തിനു എന്തു മറുപടിയാണു പറയാനുള്ളത്? സമരത്തിന്റെ മറവില്‍ എന്തക്രമവും അഴിച്ചുവിടാന്‍ കൂട്ടാക്കാത്ത ഒരുതരം ഭീകരാന്തരീക്ഷത്തില്‍ മനുഷ്യജീവന്റെ മഹത്ത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏതൊരു പൗരനും സ്വയം സംരക്ഷണമേര്‍പ്പെടുത്താന്‍ നിര്‍ബന്ധിതരാവുന്നതു സ്വാഭാവികം. അതുകൊണ്ടാണ് പണിമുടക്കുദിനങ്ങളില്‍ മനുഷ്യന്‍ റിസ്‌കെടുക്കാന്‍ തയ്യാറാകാതെ സ്വന്തം വീടുകളില്‍ ജീവനും സ്വത്തിനും സുരക്ഷയൊരുക്കിക്കഴിയുന്നത്. അതു സമരത്തെ അനുകൂലിച്ചിട്ടോ ഭയപ്പെട്ടിട്ടോ ആണെന്നു സമരാനുകൂലികള്‍ തെറ്റിദ്ധരിക്കരുത്. പൊതുജനമധ്യത്തില്‍ അപമാനിതരാകാനോ മുറിവേല്ക്കാനോ മാനാഭിമാനമുള്ള ആര്‍ക്കുമാവില്ലല്ലോ.
സമരം ആഹ്വാനം ചെയ്യാനും അതില്‍ പങ്കെടുക്കാനും  സമരാനുകൂലികള്‍ക്ക് അവകാശമുള്ളതുപോലെതന്നെ സമരത്തില്‍ പങ്കെടുക്കാതിരിക്കാനും ഓരോ പൗരനും സ്വാതന്ത്ര്യവും അവകാശവുമുണ്ട്. പണിമുടക്കിന്റെ മറവില്‍ അക്രമം അഴിച്ചുവിടാനും ഗുണ്ടായിസം നടത്താനും തെരുവുകള്‍ വലിച്ചിഴയ്ക്കപ്പെടുന്നതു ജാഗ്രതയുള്ള കണ്ണുകളോടെ പൊതുസമൂഹം വിലയിരുത്തേണ്ടതാണ്. പണിമുടക്കിന്റെ പേരില്‍ ജനജീവിതം സ്തംഭിപ്പിക്കുന്നതും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും നീതീകരിക്കാനാവില്ല.
ബന്ദും പണിമുടക്കും കാലഹരണപ്പെട്ട സമരമുറകളാണെന്നു കാലങ്ങളായി പറയുന്നതല്ലാതെ, അതിനെ പ്രതിരോധിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ആര്‍ക്കും, കോടതികള്‍ക്കോ സര്‍ക്കാരുകള്‍ക്കോ കഴിയാതെ പോകുന്നത് വലിയ കഷ്ടമാണ്! ഇന്ത്യയ്ക്കു വെളിയിലൊരിടത്തും ഇത്തരം കാടത്തങ്ങള്‍ അരങ്ങേറുന്നില്ല എന്നത് പ്രബുദ്ധകേരളം തിരിച്ചറിയാതെ പോകരുത്. ഇന്ത്യയില്‍ത്തന്നെയും കേരളത്തിലല്ലാതെ മറ്റൊരു സംസ്ഥാനത്തും പണിമുടക്കിന് ഇത്രയേറെ 'സ്വീകാര്യത' കിട്ടിയിട്ടില്ലെന്ന ചരിത്രവസ്തുതയും ഇത്തിരി ലജ്ജയോടെയെങ്കിലും വിലയിരുത്തേണ്ടതാണ്.
സര്‍ക്കാര്‍ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അതിനുള്ള അവകാശം അവര്‍ക്കില്ലെന്നും അതു തടയേണ്ടതു സര്‍ക്കാരിന്റെ കടമയാണെന്നും കേരള ഹൈക്കോടതി ആവശ്യപ്പെട്ടത് ഒരര്‍ത്ഥത്തില്‍ പ്രത്യാശാനിര്‍ഭരമാണ്. കോടതിവിധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. പക്ഷേ, ഡയസ്‌നോണ്‍ അവഗണിച്ചും ജീവനക്കാര്‍ പണിമുടക്കി. 4824 ജീവനക്കാരുള്ള സെക്രട്ടേറിയറ്റില്‍ ആദ്യദിനം 32 പേരാണ് ജോലിക്കെത്തിയതെങ്കില്‍ പിറ്റേദിവസം 212 പേര്‍ ഹാജരായി. സെക്രട്ടേറിയറ്റിലെ സ്ഥിതി ഇതാണെങ്കില്‍ മറ്റു സര്‍ക്കാരോഫീസുകളിലെ കാര്യം പറയേണ്ടതില്ലല്ലോ. സമരാനുകൂലികള്‍ക്കു കുടപിടിക്കുന്ന ഇരട്ടത്താപ്പുനയം സര്‍ക്കാരിന്റെ ഭാഗത്തുണ്ടായിരുന്നോ എന്നുപോലും ജനം സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.
പൊതുപണിമുടക്കില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികളും ജീവനക്കാരും അന്യായമായി കയ്യേറ്റം ചെയ്യപ്പെട്ടപ്പോള്‍, കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ പിണറായിസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിനായുള്ള വേദിനിര്‍മാണം തകൃതിയായി നടന്നു. കണ്ണൂര്‍ കളക്‌ട്രേറ്റ് മൈതാനിയില്‍ സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള വേദിയുടെ നിര്‍മാണത്തിനും ഒട്ടും തടസ്സമുണ്ടായില്ല എന്നതും കൗതുകവാര്‍ത്തയായി വായിച്ചാല്‍ മതി. പണിമുടക്കുദിവസം ഭരണപ്പാര്‍ട്ടിതന്നെ ആളുകളെ വച്ചു ജോലി ചെയ്യിച്ചത് അനുചിതമായെന്നും പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനമുയര്‍ന്നു.
ഏതായാലും, സര്‍ക്കാര്‍ ഡയസ്‌നോണ്‍ ഉത്തരവിറക്കിയിട്ടും കോടതി സമയോചിതമായി ഇടപെട്ടിട്ടുമൊന്നും കൈപ്പിടിയിലൊതുങ്ങാത്ത 'അധികാരഭരണം' ആരുടെ ഭാഗത്തുനിന്നുണ്ടായാലും, അതേതു തരത്തിലുള്ള സമരമുറയാണെങ്കിലും കടുത്ത ധിക്കാരംതന്നെയാണ്. അത്തരത്തിലുള്ള നീക്കങ്ങളൊന്നും ജനാധിപത്യചൈതന്യത്തിനു ചേര്‍ന്നതല്ല. പണിമുടക്കിന്റെ പേരും പറഞ്ഞ് ആരെയും പൂട്ടിയിടാനോ ആരുടെമേലും ലോക്ഡൗണ്‍ അടിച്ചേല്പിക്കാനോ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാനോ ആര്‍ക്കും എവിടെയും അധികാരമില്ല. അതു സാംസ്‌കാരികേരളത്തില്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പൗരബോധമുള്ളവര്‍ ഉത്തരവാദിത്വത്തോടെ ഒന്നടങ്കം വിളിച്ചുപറയേണ്ട കാലമാണിത്. അല്ലെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയെപ്പോലെ ജനാധിപത്യവിശ്വാസികള്‍ ഈ രാജ്യത്ത് ശ്വാസം മുട്ടി കഴിയേണ്ട ഗതികേടിലാവും. അതുണ്ടാവാതിരിക്കാന്‍ ജാഗ്രതയുള്ള പൗരാവബോധവും സുസംഘടിതമായ ശക്തിപ്രഭാവവുമാണ് നമുക്കാവശ്യം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)