•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

ഊര്‍ജപ്രതിസന്ധിക്കു പരിഹാരമുണ്ടാകണം

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 12 May , 2022

ഊര്‍ജ്ജപ്രതിസന്ധിയില്‍ മുമ്പെങ്ങുമില്ലാത്തവിധം ഭീഷണമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് നമ്മുടെ രാജ്യം. അസഹനീയമായ ചൂടില്‍ വൈദ്യുതിയുപയോഗം കുതിച്ചുയരുകയും കല്‍ക്കരിക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെയാണു രാജ്യമൊട്ടാകെ വൈദ്യുതിക്ഷാമം ഉണ്ടായത്.
കല്‍ക്കരിക്ഷാമം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതനടപടി തുടങ്ങിയെങ്കിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഊര്‍ജപ്രതിസന്ധിക്കു കാര്യമായ മാറ്റമുണ്ടായില്ല. ഡല്‍ഹി, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ താപവൈദ്യുതനിലയങ്ങളെ കല്‍ക്കരിക്ഷാമം ഗൗരവമായി ബാധിച്ചിട്ടുണ്ട്. ഊര്‍ജനിലയങ്ങളില്‍ കല്‍ക്കരിയെത്തിക്കുന്ന ചരക്കുവണ്ടികള്‍ക്കു ഗതാഗതമൊരുക്കാന്‍ 42 ട്രെയിനുകളുടെ 753 ട്രിപ്പുകള്‍ മേയ് 25 വരെ റെയില്‍വേ റദ്ദാക്കി. ഛത്തീസ്ഗഢ്, ഒഡിഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ തീവണ്ടികളാണ് റദ്ദാക്കിയവയിലധികവും. ദിവസവും 1.85 ലക്ഷം ടണ്‍ കല്‍ക്കരി നല്‍കുമെന്ന് സെന്‍ട്രല്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ അറിയിച്ചിരിക്കുന്നു. മൊത്തം വൈദ്യുതിയാവശ്യം 2.07 ലക്ഷം മെഗാവാട്ടായി വര്‍ദ്ധിച്ചതോടെയാണു പലയിടങ്ങളും ഇരുട്ടിലായത്.
ഇതരസംസ്ഥാനങ്ങളുടെയത്ര പ്രതിസന്ധി കേരളത്തിനുണ്ടാകില്ലെങ്കിലും, കല്‍ക്കരിക്ഷാമം കുറേ മാസങ്ങളിലേക്കെങ്കിലും രൂക്ഷമായി തുടരാനുള്ള സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ആശങ്ക വിട്ടൊഴിയുന്നില്ല. നിര്‍ദിഷ്ട പാരമ്പര്യേതര ഊര്‍ജപദ്ധതികള്‍ പൂര്‍ത്തീകരിക്കാനും പുതിയവ ആസൂത്രണം ചെയ്യാനുമുള്ള ആര്‍ജവമാണ് സര്‍ക്കാര്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ സ്വീകരിക്കേണ്ട ഊര്‍ജിതനടപടിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
വൈദ്യുതിയാവശ്യത്തില്‍ സ്വയംപര്യാപ്തതയിലെത്താത്ത സംസ്ഥാനമെന്ന നിലയില്‍ ഊര്‍ജോത്പാദനത്തില്‍ കേരളത്തിനു വ്യക്തമായൊരു കാഴ്ചപ്പാടുണ്ടായേ തീരൂ. ലോകം മുഴുവനും പാരമ്പര്യേതര ഊര്‍ജോത്പാദനത്തിന്റെ നൂതനസാധ്യതകള്‍ കണ്ടെത്തുകയും പുതുവാതിലുകള്‍ തുറക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും പുറകോട്ടു സഞ്ചരിക്കാനാവില്ല.
നിലവില്‍ സംസ്ഥാനത്തിനാവശ്യമായതിന്റെ എഴുപതു ശതമാനം വൈദ്യുതിയും പുറമേ നിന്നെത്തിക്കുകയാണ്. വൈദ്യുതി വാങ്ങാന്‍മാത്രം വന്‍തുകയാണു വര്‍ഷംതോറും സംസ്ഥാനം ചെലവിടുന്നത്. ജലവൈദ്യുതി പരമാവധി ഉത്പാദിച്ചാലും ആകെ ആവശ്യത്തിന്റെ മുപ്പതു ശതമാനമേയാകുന്നുള്ളൂ. അപ്പോള്‍, വരുംകാലങ്ങളിലെ വൈദ്യുതിയാവശ്യംകൂടി പരിഗണിച്ച് ഊര്‍ജോത്പാദനത്തിനു വ്യക്തമായ ഗൃഹപാഠം ചെയ്യണമെന്നു സാരം.
വീടുകള്‍ക്കുമുകളില്‍ സൗരോര്‍ജപ്ലാന്റുകള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൗരസബ്‌സിഡി പദ്ധതി 2020 ഫെബ്രുവരിയില്‍ കെ.എസ്.ഇ.ബി. നടപ്പാക്കിയത്. ഇതുവരെ ഇ-കിരണ്‍ പോര്‍ട്ടല്‍വഴി എഴുപതിനായിരത്തോളം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതില്‍ സാങ്കേതികതടസ്സങ്ങള്‍ കുറച്ചൊന്നുമല്ല ഉള്ളത്.
കേരളത്തിലെ പ്രതിദിന വൈദ്യുതിയുപയോഗം ശരാശരി തൊണ്ണൂറു ദശലക്ഷം യൂണിറ്റ് കടക്കുമ്പോഴും സോളാര്‍ വൈദ്യുതിയുടെ പ്രതിദിനോത്പാദനം 41,200 യൂണിറ്റ് മാത്രമാണ്. കേരളത്തില്‍ പത്തുലക്ഷത്തോളം വീടുകളിലെങ്കിലും പുരപ്പുറത്തു സൗരോര്‍ജസംവിധാനമൊരുക്കാന്‍ കഴിയുമെന്ന് പഠനറിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പുറത്തുവന്നിരുന്നു. അങ്ങനെയെങ്കില്‍, ഇത്രയും വീട്ടുകാര്‍ക്ക് ആയിരം മെഗാവാട്ടെങ്കിലും വൈദ്യുതിയുത്പാദനം നടത്താനാകുമെന്നാണ് വിദഗ്ധാഭിപ്രായം. വരുംകാലങ്ങളില്‍ സംസ്ഥാനം നേരിടുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ അനുയോജ്യമായ പദ്ധതിയായി ഇക്കാര്യം വിലയിരുത്തുമ്പോഴും, അതൊരു വിദൂരസ്വപ്നം മാത്രമാണെന്നു നിരീക്ഷിക്കുന്നവരും ഇല്ലാതില്ല.
ഹരിതോര്‍ജമിഷന്റെ ഭാഗമായി കേരളം അഞ്ചുവര്‍ഷംകൊണ്ട് മൂവായിരം മെഗാവാട്ട് സൗരോര്‍ജവൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് ഈ വര്‍ഷാരംഭത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഊര്‍ജപ്രതിസന്ധി നേരിടുന്ന ഈ വേളയില്‍ ചെലവുകുറഞ്ഞ രീതിയില്‍ സൗര, കാറ്റാടി വൈദ്യുതി കൂടുതലായി ലഭ്യമാക്കുമെന്ന് കെ.എസ്.ഇ.ബി. ആവര്‍ത്തിക്കുകയുമുണ്ടായി. പ്രതീക്ഷയോടെ കാത്തിരിക്കാം, മുടക്കമില്ലാത്ത വൈദ്യുതി ഇന്ത്യാമഹാരാജ്യത്ത്, പ്രത്യേകിച്ച്, നമ്മുടെ സംസ്ഥാനത്താകെ സംലഭ്യമാകുന്ന നല്ല നാളേക്കായി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)