•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ദൈവദൂതന്മാരുടെ രാജകുമാരന്‍

  • പി.സി. എറികാട്
  • 30 July , 2020

റോമിലെ ഏഴുകുന്നുകളെയും തഴുകിയിറങ്ങിയ താഴ്‌വരയിലെ സായാഹ്നക്കാറ്റിന് അസാധാരണമായ ചൂടായിരുന്നു. അതിമനോഹരമായ ഒറിയ ഉദ്യാനത്തിലെ മണിമേടയില്‍ യൗവനകൗതുകമായി വീണ വായിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തി അതറിഞ്ഞതേയില്ല. നുരയുന്ന വീഞ്ഞുനുകര്‍ന്ന് സുഖദമായ ലഹരിയില്‍ അയാളുടെ കൈവിരലുകള്‍ വീണാതന്ത്രികളില്‍ നടനമാടിക്കൊണ്ടിരുന്നു. അടിയന്തരമായി എന്തോ അറിയിക്കാന്‍ പരിഭ്രാന്തനായി വന്നു മുഖം കാണിച്ച കാര്യക്കാരനെ അയാള്‍ വിരട്ടിയോടിച്ചു. പോ... പോ... അലോസരപ്പെടുത്താതെ...
ഉദ്യാനകവാടത്തിലെ കാവല്‍ പടയാളികള്‍ അമ്പരന്നു. അകലെ പുകച്ചുരുളുകള്‍ ഉയരുന്നു. തീജ്വാലകള്‍ ആളിപ്പടരുന്നു. പട്ടണനിവാസികള്‍ നിലവിളിച്ചുകൊണ്ട് ഓടിവരുന്നു. അവര്‍ പരിഭ്രാന്തരായി വിളിച്ചുകൂവുകയാണ്: റോമാനഗരം കത്തിയെരിയുന്നു. എല്ലാം വെന്തു വെണ്ണീറാവുകയാണ്. രക്ഷിച്ചാലും ചക്രവര്‍ത്തീ രക്ഷിച്ചാലും...
ആ കൂട്ടനിലവിളിയും യാചനകളും കാതിലെത്തിയെങ്കിലും അതു ഗൗനിക്കാതെ മണിവീണയില്‍ ശ്രുതികൂട്ടി ഉല്ലസിച്ചിരുന്നതേയുള്ളൂ ആ ചക്രവര്‍ത്തി. അതിനുശേഷവും മറ്റൊന്നും ശ്രദ്ധിക്കാതെ പതിവുപോലെ അയാള്‍ കൊട്ടാരത്തിലെ സുഖഭോഗങ്ങളില്‍ മുഴുകിയുറങ്ങി.
കത്തിയമര്‍ന്ന നഗരത്തിലെ തെരുവുകളില്‍ പിറ്റേന്നു കൂട്ടംകൂടിയ പ്രജകള്‍ ചക്രവര്‍ത്തിയെ ശപിച്ചു. ഈ ദുരന്തത്തിനു കാരണം നീറോയുടെ ദുഷ്‌കൃതികള്‍. തല തിരിഞ്ഞു പിറന്ന അസുരവിത്ത്...
കഴിഞ്ഞ പൗര്‍ണ്ണമിയാഘോഷത്തിനു കൊട്ടാരത്തിലെ അത്താഴവിരുന്നില്‍ അടിമകളെ ആള്‍പന്തമാക്കി തീ കൊളുത്തി നിറുത്തിയില്ലേ പുലരുവോളം. അതിഥികള്‍ക്കു വെളിച്ചം പകരാന്‍ കാണിച്ച ക്രൂരത. അതിന്റെ തിക്തഫലമാണ് റോമാനഗരം കത്തിയത്. കഷ്ടം! കഷ്ടം!
പട്ടണനിവാസികള്‍ വാതോരാതെ ചൊരിഞ്ഞ ശാപവാക്കുകള്‍ നീറോയെ കോപാകുലനാക്കി. കാര്യക്കാരെ വിളിച്ചുവരുത്തി അയാള്‍ പറഞ്ഞു: റോമാ കത്തിയെരിഞ്ഞതിനു കാരണക്കാര്‍ അവരാണ്, അവര്‍. ജറുസലേമില്‍നി ന്നു കേറിവന്ന അപ്പസ്‌തോലന്‍ പത്രോസും അവന്റെ അനുയായികളും. അതേ, ആ ക്രിസ്ത്യാനികള്‍. അവരുടെ പുതിയ വിശ്വാസവും ആരാധനയും. രാജ്യദ്രോഹികള്‍. അവരെ വെറുതേ വിടരുത്. പത്രോസിനെ ഉടന്‍ തുറുങ്കിലടയ്ക്കുക. അവന്റെ അനുയായികളെ ഒന്നടങ്കം ആട്ടിപ്പായിക്കുക...
പിന്നത്തെ നാളുകള്‍ റോമിലെ ക്രിസ്ത്യാനികളുടെ പീഡനകാലമായിരുന്നു. പലരും മൃഗീയമായി കൊല്ലപ്പെട്ടു. അനേകര്‍ക്ക് അംഗഭംഗം സംഭവിച്ചു. പ്രാണഭീതിയോടെ വിശ്വാസികള്‍ പരക്കംപാഞ്ഞു. എങ്കിലും അവര്‍ പത്രോസിനെ സംരക്ഷിച്ചുകൊണ്ടിരുന്നു.
എന്നാല്‍, പത്രോസിനെ പിടികൂടാന്‍ സന്നാഹങ്ങള്‍ പെരുകിയതും, റോമില്‍നിന്ന് ഓടിപ്പോയി രക്ഷപ്പെടാന്‍ കൂട്ടാളികള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുതുടങ്ങി. ഒടുവില്‍ ഗത്യന്തരമില്ലാതെ പത്രോസ് റോമില്‍നിന്നു പുറപ്പെട്ടുപോയി.
ആ ഏകാന്തയാത്രയിലെ ഇരുണ്ട രാത്രിയില്‍ തനിക്കെതിരേ വന്ന ജീവപ്രകാശം കണ്ട് പത്രോസ് വിസ്മയിച്ചുനിന്നു. ദൈവമേ! ഇതു റബ്ബിയല്ലേ! യേശുതമ്പുരാന്‍! ആ തിരുക്കരങ്ങള്‍ തന്നെ ആശീര്‍വദിക്കുന്നു!
ആദരവോടെ നമിച്ചുനിന്ന പത്രോസ് നാവനക്കി.
''റബ്ബീ, എന്റെ നാഥാ, അവിടുന്ന് എവിടേക്കു പോകുന്നു ഈ അസമയത്ത്?''
''പത്രോസേ, ഞാന്‍ റോമിലേക്കാണ്.''
ശാന്തഗംഭീരമായ ആ സ്വരം കേട്ട് പത്രോസ് ഒന്നു പതറി. അയാള്‍ പറഞ്ഞു: ''അതിക്രൂരനായ നീറോയാണ് അവിടെ ഭരിക്കുന്നത്.''
''അങ്ങോട്ടുതന്നെ പോകണം. അവിടെച്ചെന്ന് വീണ്ടും ക്രൂശിലേറ്റപ്പെടാന്‍.''
ആ തിരുവചനങ്ങള്‍ ആകെയുലച്ചുകളഞ്ഞു പത്രോസിനെ. പേടിച്ചോടുന്ന തന്റെ ഭീരുത്വമോര്‍ത്ത് അയാള്‍ പശ്ചാത്താപത്താല്‍ വിങ്ങിപ്പൊട്ടി.
''എന്റെ നാഥാ, അവിടുന്നു പൊറുക്കണം. റോമില്‍ അങ്ങേക്കുവേണ്ടി കുരിശുമരണം വരിക്കാന്‍ ഞാനുണ്ട്. ഈ നിമിഷംതന്നെ ഞാന്‍ തിരിച്ചുപോകുന്നു.''
പിന്നെ നോക്കുമ്പോള്‍ യേശു അപ്രത്യക്ഷനായിരുന്നു. പൂര്‍വാധികം കരുത്തോടെ പത്രോസ് തിരിച്ചുനടന്നു. റോമിലെ രാജവീഥികളില്‍ പത്രോസിന്റെ വചനം കേള്‍ക്കാന്‍ വീണ്ടും ആളുകള്‍ കൂട്ടംചേര്‍ന്നു. 
പിന്നെ താമസമുണ്ടായില്ല, റോമിലെ പടയാളികള്‍ അദ്ദേഹത്തെ പിടികൂടാന്‍. ബന്ധനസ്ഥനായ പത്രോസിനെ നീറോയുടെ സന്നിധിയില്‍ ഹാജരാക്കി. ദേഹമാസകലം അടിപ്പിണരുകളോടെ കൂസാതെനിന്ന പത്രോസിനെ കുരിശില്‍ തറച്ചു തൂക്കിക്കൊല്ലാനായിരുന്നു നീറോയുടെ കല്പന. അതു കേള്‍ക്കവേ പത്രോസ് പറഞ്ഞു: ''എനിക്കൊരപേക്ഷയുണ്ട്...''
''എന്താണ്, കേള്‍ക്കട്ടേ?''
''സാധാരണപോലെ ഉയര്‍ത്തി നാട്ടുന്ന കുരിശില്‍ തറച്ച് എന്നെ തൂക്കരുതേ... അതിനുള്ള അര്‍ഹത എനിക്കില്ല. അതെന്റെ ഗുരുനാഥനുണ്ടായ മഹത്ത്വം. അതിനു ഞാന്‍ യോഗ്യനല്ല.''
''പിന്നെ?''
ക്രുദ്ധനായ ചക്രവര്‍ത്തി പത്രോസിനെ തുറിച്ചുനോക്കി. പത്രോസ് തുടര്‍ന്നു: ''ഒരു മരക്കുരിശ് കിഴുക്കാമ്പാട് നാട്ടി അതില്‍ തലകീഴായി എന്നെ കുരിശിലേറ്റിയാലും.''
''ബലേഭേഷ്! കൊള്ളാം. അങ്ങനെത്തന്നെ വേണം...''
നീറോ കൈയടിച്ച് ആര്‍ത്തുചിരിച്ചു. ഇവന്‍ നൊന്തുപിടഞ്ഞ് ഒന്നുരണ്ടു ദിവസം കിടന്ന് ഇഞ്ചിഞ്ചായി മരിക്കുന്നതു കൊള്ളാം. മറ്റുള്ളവര്‍ക്കും ഇതൊരു പാഠമാകും. അയാള്‍ അതിനു സമ്മതിച്ചു. പടയാളികള്‍ പത്രോസിനെ ഉദ്യാനത്തിനു സമീപത്തെ മൈതാനത്തേക്കു വലിച്ചിഴച്ചു. അവിടെ തല തിരിച്ചു നാട്ടുന്ന കുരിശുമരത്തില്‍ തലകീഴായി തറച്ച് പത്രോസിനെ തൂക്കിലേറ്റി. 
അങ്ങനെ മൂന്നുദിവസം അതികഠിനമായ വേദനയോടെ ഒരേ കിടപ്പ്, വെള്ളംപോലും ഇറക്കാനാകാതെ ദാഹിച്ചുദാഹിച്ച്. മൂന്നാംപക്കം മൂവന്തിക്കു നീറുന്ന പ്രാണന്‍ വെടിഞ്ഞ് വേദനയില്ലാത്ത നിത്യതയുടെ ലോകത്തേക്ക് പത്രോസ് കയറിപ്പോയി. എല്ലാത്തിനും സാക്ഷികളായ അപ്പസ്‌തോലന്റെ അനുയായികള്‍ ഉയരത്തില്‍നിന്നുതിര്‍ന്ന ഇമ്പമായ അശരീരികേട്ട് വിസ്മയിച്ചു നിന്നു.
''ദൈവദൂതന്മാരുടെ രാജകുമാരന്‍ ഇതാ സ്വര്‍ഗ്ഗത്തിലേക്കു കരേറുന്നു.''
*****
പിന്നെ അധികകാലം നീറോ ജീവിച്ചിരുന്നില്ല. മുപ്പതാമത്തെ വയസ്സില്‍ അയാള്‍ ആത്മഹത്യ ചെയ്തു എന്നാണു ചരിത്രം. 
ദൈവദൂതന്മാരുടെ രാജകുമാരന്‍ എന്ന വിശേഷണം ചരിത്രത്താളുകളില്‍ പത്രോസിനുള്ളതാകുന്നു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)