•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

മഴക്കെടുതികള്‍ വേട്ടയാടാതിരിക്കാന്‍

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 26 May , 2022

കാലവര്‍ഷം വീണ്ടുമെത്താന്‍ ദിവസങ്ങളോ മണിക്കൂറുകളോ മാത്രമെന്ന സ്ഥിതിയെത്തിയിരിക്കുന്നു. പോയ വര്‍ഷങ്ങളിലെ പ്രളയക്കെടുതികളുടെ കൊടുംപീഡനങ്ങളില്‍നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. കുറേ ഭൗതികസാഹചര്യങ്ങള്‍ പൂര്‍വസ്ഥിതിയിലായെങ്കിലും, ജനമനസ്സിനേറ്റ മുറിവിന് ശമനമായിട്ടില്ല. മുറിവുണക്കാന്‍ സര്‍ക്കാരോ മത,സന്നദ്ധസംഘടനകളോ ഉണര്‍ന്നുപ്രവര്‍ത്തിച്ചതിന്റെ കണക്കുകള്‍ നിരത്തുമ്പോഴും,   ഇനിയുമേറെയുണ്ട് എന്നതാണു വാസ്തവം. വീണ്ടുമൊരു മഴക്കെടുതി വേട്ടയാടാതിരിക്കാന്‍ നാം എന്തു മുന്‍കരുതലെടുത്തിട്ടുണ്ട് എന്നതു മാത്രമാണു കാലികപ്രസക്തമായ ചോദ്യം.
വൈറസുകളും അതിന്റെ വകഭേദങ്ങളും മനുഷ്യനെ വരുതിയിലാക്കി പോരാട്ടം തുടങ്ങിയിട്ടു നാളുകളേറെയായി. വേനല്‍മഴ കനത്തതോടെ പകര്‍ച്ചവ്യാധികളും സാംക്രമികരോഗങ്ങളും വരവറിയിച്ചുതുടങ്ങി. സര്‍ക്കാരിന്റെയോ ആരോഗ്യവകുപ്പിന്റെയോ മുന്നറിയിപ്പുകൊണ്ടോ മുന്‍കരുതല്‍കൊണ്ടോമാത്രം പ്രശ്‌നത്തിനു പരിഹാരമാകുന്നില്ല. ജനങ്ങളുടെ അതിജാഗ്രതയാണു വലുത്. മാത്രമല്ല, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മാലിന്യനിര്‍മാര്‍ജനവും നഗര, ഗ്രാമശുചീകരണവും യുദ്ധകാലാടിസ്ഥാനത്തില്‍ ഊര്‍ജിതമാക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കാലവുമാണിത്.
മഴക്കാലരോഗങ്ങള്‍ പടരാതിരിക്കാനും രോഗബാധിതര്‍ക്കും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കും ചികിത്സയും മരുന്നും ലഭ്യമാക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണിത്. പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നതുപോലെയാണ് വൈറസുകളും ബാക്ടീരിയകളും അതിന്റെ വകഭേദങ്ങളും മനുഷ്യന്റെ സൈ്വരം കെടുത്തിക്കൊണ്ടിരിക്കുന്നത്. പകര്‍ച്ചവ്യാധികളുടെ പ്രളയസാധ്യതയെ കേരളം മുന്‍കൂട്ടിക്കണ്ടേ പറ്റൂ. ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എന്‍ 1, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാകാന്‍ സാധ്യതയുണ്ട്. ഒരു പനിയെയും നിസാരമായിക്കാണാന്‍ നമുക്കിന്നാവില്ല.
കഴിഞ്ഞ കുറേ വര്‍ഷങ്ങളുടെ  രോഗചരിത്രാവലി നമ്മെ അത്രമാത്രം പേടിപ്പെടുത്തുന്നതാണ്. പതിനായിരക്കണക്കിനാളുകളാണു രോഗബാധിതരായി മരിച്ചുവീണത്. രോഗക്കെടുതികള്‍ വിട്ടുമാറാതെ എത്രയോ ആയിരങ്ങള്‍ ഇന്നും പീഡയനുഭവിക്കുന്നു. യഥാസമയം ചികിത്സ നേടുകയാണു മുഖ്യമെന്നു പറയുമ്പോഴും ചികിത്സ കൊടുക്കാനുള്ള മതിയായ സൗകര്യങ്ങളും സംവിധാനങ്ങളും നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലുള്‍പ്പെടെ സുസജ്ജമാണോ എന്നതു ചോദ്യം മാത്രമായി  അവശേഷിക്കുന്നു.
മരുന്നിനോടൊപ്പം ഭക്ഷണവും പ്രധാനമാണ്. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക തിളപ്പിച്ചാറ്റിച്ച വെള്ളം ഈ മഴക്കാലത്തെങ്കിലും ശീലമാക്കാം. പകര്‍ച്ചവ്യാധികളെ വിളിച്ചുവരുത്തുന്ന പ്രതികൂലസാഹചര്യങ്ങളില്‍നിന്ന് അകലം പാലിക്കാന്‍ നാം ദത്തശ്രദ്ധരാകേണ്ടതാണ്. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കുന്നതില്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം.
മഴക്കാലത്ത് ധൃതിപിടിച്ചുനടത്തുന്ന ശുചീകരണംകൊണ്ടൊന്നും കേരളം മാലിന്യമുക്തമാകില്ലെന്ന് അറിയാത്തവരല്ല മലയാളികള്‍. എങ്കില്‍പ്പോലും, സര്‍ക്കാര്‍ സംവിധാനങ്ങളോടു പൂര്‍ണമായും സഹകരിച്ചുപ്രവര്‍ത്തിക്കാന്‍ ഭരണപ്രതിപക്ഷമെന്യേ രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധസംഘടനകളും നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. മലിനജലം ഒഴുക്കിക്കളയാനുള്ള ഓടകള്‍ അടിയന്തരമായി വൃത്തിയാക്കേണ്ടതുണ്ട്. അഴുക്കുചാലുകളില്‍ മലിനജലം കെട്ടിക്കിടക്കുന്നതും രോഗവാഹിനിയായി നാടാകെ പരക്കുന്നതുമൊന്നും കേരളത്തില്‍ പുതുവാര്‍ത്തയല്ല. മഴ വരുന്നതോടെ റോഡുമുഴുവന്‍ കുഴിയായി മാറുമെന്നറിയാമായിട്ടും, അതിനുമുമ്പ് അറ്റകുറ്റപ്പണി നടത്താനോ താത്കാലികമായെങ്കിലും കുഴിയടയ്ക്കാനോ ഉത്തരവാദിത്വപ്പെട്ടവര്‍ ശ്രദ്ധ കാണിക്കാതിരിക്കുന്നതും പതിവുകാഴ്ചയാണ്.
കൊവിഡ് - പ്രളയാനന്തരകേരളത്തില്‍ ജീവിക്കുന്ന നമുക്ക് അതിജീവനത്തിന്റെ സാഹസികപോരാട്ടമാണു നടത്താനുള്ളത്. ദുരന്തങ്ങളും ദുരന്തസമാനമായ ഒട്ടേറെ സംഭവങ്ങളും കണ്ട് ചരിത്രത്തെ പഴിച്ചിട്ടോ സങ്കടപ്പെട്ടിട്ടോ കാര്യമില്ല, ചരിത്രപാഠങ്ങളില്‍നിന്നും അനുഭവങ്ങളില്‍നിന്നും മഹത്തായ നേരറിവുകളും പുതുവഴികളും പ്രശ്‌നപരിഹാരമാര്‍ഗങ്ങളും കണ്ടെത്തുക മാത്രമാണു കരണീയം. ഏതു പ്രാതികൂല്യത്തെയും നേരിടാനുള്ള വകതിരിവോടെയും കര്‍മകുശലതയോടെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പാലിക്കുകയാണുത്തമം. കൃത്യമായ കര്‍മപദ്ധതികള്‍ ഇച്ഛാശക്തിയോടെ  ആസൂത്രണം ചെയ്തുപോയില്ലെങ്കില്‍, നിശ്ചയമായും ഭാവിതലമുറയോട് കേരളം മറുപടി പറയേണ്ടിവരും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)