കാരുണ്യരൂപനാമീശോതന്‍ നാമത്തില്‍
''ആരാധനാമഠ'' സ്ഥാപികയായ്
പാരിതില്‍ ധന്യതയാര്‍ന്നതാം യോഗിനി
പാരം കൃപാമയി ഷന്താളമ്മ.
കാതരര്‍ക്കെല്ലാമങ്ങാശ്വാസമായെന്നും
കാരുണ്യദൂതികയായി മുദാല്‍!
കന്യാമഠത്തിലെ കാഞ്ചനദീപ്തിയായ്
കന്യാസ്ത്രീ ത്യാഗസുരഭിലയായ്!
ആത്മാവില്‍ നാഥനെ പൂജിച്ച 'വല്യമ്മ'
ആത്മധൈര്യത്തിന്‍ കെടാവിളക്കായ്!
''ദൈവദാസി' പദശ്രേഷ്ഠതയാര്‍ന്നമ്മ
കൈവല്യ മാധ്യസ്ഥ്യശക്തിയാലേ.
കന്യാമഠമതിരമ്പുഴ തന്നിലായ്
വന്ദ്യകബറിങ്കല്‍ പ്രാര്‍ത്ഥനയ്ക്കായ്
ഭക്ത്യാദരങ്ങളോടെത്തുമീ മക്കള്‍ക്ക്
മധ്യസ്ഥയാക നിതാന്തമമ്മേ.
കണ്ണീര്‍ തുടയ്ക്കുന്ന കര്‍ത്തന്റെ തോഴിയായ്
സങ്കീര്‍ണപ്രശ്‌നങ്ങള്‍തന്‍ നടുവില്‍
ഈശോയ്ക്കു ജീവിതം യാഗമായര്‍പ്പിച്ചു
ഈ ലോകജീവിതം സാക്ഷ്യമാക്കി!
ആരാധനാസ്തുതി കീര്‍ത്തനമാല്യങ്ങള്‍
ആരാധ്യനാഥനീശോയ്ക്കു നല്കാം
ആ ജീവചൈതന്യം 'പുണ്യവതീ'പദം
ആകുവാന്‍ ദൈവം തുണച്ചീടണേ.