ഗോവ ആന്‍ഡ് ദാമന്‍ ആര്‍ച്ചുബിഷപ് ഫിലിപ് നേരി ഫെറാവോ, ഹൈദരാബാദ് ആര്‍ച്ചുബിഷപ് അന്തോണി പൂല എന്നിവര്‍ കര്‍ദിനാള്‍മാരാകും
വത്തിക്കാന്‍സിറ്റി: ഇന്ത്യയില്‍നിന്നുള്ള രണ്ട് ആര്‍ച്ചുബിഷപ്പുമാര്‍ ഉള്‍പ്പെടെ 21 പേരെ കര്‍ദിനാള്‍പദവിയിലേക്ക് ഉയര്‍ത്തുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രഖ്യാപിച്ചു. ഗോവ ആന്‍ഡ് ദാമന്‍ ആര്‍ച്ചുബിഷപ് ഫിലിപ്പ് നേരി ഫെറാവോ, ഹൈദരാബാദ് ആര്‍ച്ചുബിഷപ് അന്തോണി പൂല എന്നിവരാണ് ഇന്ത്യയില്‍നിന്നു കര്‍ദിനാള്‍മാരാകുക. ഓഗസ്റ്റ് 27 നാണ് സ്ഥാനാരോഹണം. പുതിയ കര്‍ദിനാള്‍മാരില്‍ 16 പേര്‍ 80 ല്‍ താഴെ പ്രായമുള്ളവരാണ്.
കര്‍ദിനാള്‍ പദവി ലഭിക്കുന്ന ഡോ. ഫിലിപ് നേരി ഫെറാവോ(69) 1953 ജനുവരി 20 നു ഗോവയിലെ അല്‍ഡോണയിലാണു ജനിച്ചത്. 2003 മാര്‍ച്ച് 21 ന് ഗോവ ആന്‍ഡ് ദാമന്‍ ആര്‍ച്ചുബിഷപ്പായി അഭിഷിക്തനായി. ഹൈദരാബാദ് ആര്‍ച്ചുബിഷപ് ഡോ. അന്തോണി പൂല (61) 1961 നവംബര്‍ 15 ന് അന്ധ്രപ്രദേശിലെ കര്‍ണൂല്‍ ജില്ലയിലെ ചിന്ദ്കുര്‍ ഗ്രാമത്തില്‍ ജനിച്ചു. 1992 ല്‍ പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം 2008 ല്‍ കര്‍ണൂല്‍ ബിഷപ്പായി. 2020 ല്‍ ഹൈദരാബാദ് ആര്‍ച്ചുബിഷപ്പായി സ്ഥാനമേറ്റു. കര്‍ദിനാള്‍ പദവി ലഭിക്കുന്ന ആദ്യ ഗോവക്കാരനാണ് ഡോ. ഫിലിപ്പ് നേരി ഫെറാവോ. ഇതേ സ്ഥാനം ലഭിക്കുന്ന ആദ്യ തെലുങ്കുവംശജനാണു ഡോ. അന്തോണി പൂല.
രണ്ടുപേരെയുംകൂടി കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാരുടെ എണ്ണം ആറാകും. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ബോംബെ ആര്‍ച്ചുബിഷപ് ഓസ്വാള്‍ഡ് ഗ്രേഷ്യസ്, റാഞ്ചി മുന്‍ ആര്‍ച്ചുബിഷപ് ടെലസ്‌ഫോര്‍ ടോപ്പോ എന്നിവരാണു നിലവിലുള്ള കര്‍ദിനാള്‍മാര്‍.