•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

അറിയാനുള്ള അവകാശത്തെ ആരും കൂച്ചുവിലങ്ങിടരുത്

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 7 July , 2022

പതിനഞ്ചാം കേരളനിയമസഭയുടെ അഞ്ചാം സമ്മേളനത്തിനു തുടക്കമായി. പ്രക്ഷുബ്ധ രാഷ്ട്രീയാന്തരീക്ഷത്തില്‍, തിളച്ചുമറിയുന്ന ഒട്ടേറെ വിവാദങ്ങള്‍ക്കും പോര്‍വിളികള്‍ക്കും നിയമസഭ സാക്ഷിയാവുകയാണ്.
രാഹുല്‍ഗാന്ധി എം.പി.യുടെ ഓഫീസ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതിന്റെ പ്രതിഷേധം മുഴക്കിയായിരുന്നു ആദ്യദിനംതന്നെ പ്രതിപക്ഷത്തിന്റെ വരവ്. രണ്ടാമതും ഉയര്‍ന്നുവന്ന സ്വര്‍ണക്കടത്തുകേസ് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെട്ടിലാക്കിയതിന്റെ പ്രതിഫലനങ്ങളും സഭയില്‍ രൂക്ഷമായി. ഈ വിഷയത്തിലെ മൗനം വെടിഞ്ഞ് തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേയുള്ള ആക്ഷേപങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. 
നേര്‍ക്കുനേര്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കു വേദിയാകുന്ന നിയമസഭയില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികള്‍ ജനകീയപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്ന ഭരണഘടനാസംവിധാനമായ നിയമസഭയില്‍ എന്തൊക്കെ നടക്കുന്നുവെന്നറിയാന്‍ ജനങ്ങള്‍ക്കു പൂര്‍ണമായ അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ആ അവകാശത്തിന്മേല്‍ വിലക്കേര്‍പ്പെടുത്തുന്ന നടപടികളാണ് ആദ്യദിനംതന്നെ നിയമസഭയില്‍ കണ്ടത്. നിയമസഭയില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കും അതിന് അവര്‍ക്കു സൗകര്യമൊരുക്കിക്കൊടുക്കാനുള്ള ചുമതല സഭാധികൃതകര്‍ക്കുമുണ്ട്.
രാഷ്ട്രീയനേതാക്കളുമായും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതു തടസ്സപ്പെടുത്താന്‍ പ്രത്യക്ഷമായിത്തന്നെ ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷമായി. അക്രഡിറ്റേഷന്‍ കാര്‍ഡുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും ഭരണസിരാകേന്ദ്രത്തിന്റെ കവാടം കടക്കണമെങ്കില്‍ അകത്തുനിന്നൊരാള്‍ ഫോണില്‍ വിളിച്ച് ശുപാര്‍ശ ചെയ്യണമെന്ന വാദം വിചിത്രമാണ്. എം.എല്‍.എയെക്കാണാന്‍ ലോക്കല്‍ സെക്രട്ടറിയുടെയും ഏരിയാ സെക്രട്ടറിയുടെയും ശുപാര്‍ശക്കത്തുവേണമെന്ന പാര്‍ട്ടിനയം ജനങ്ങള്‍ക്ക് എത്രമാത്രം വെറുപ്പുളവാക്കുന്നുവെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയെ കാണാന്‍ ശുപാര്‍ശകരും ഇടനിലക്കാരും വേണമെന്ന വാദം എത്രയോ ബാലിശമാണ്.
നിയമസഭാനടപടികള്‍ സഭാ ടി.വി. ചിത്രീകരിച്ചത് ഭരണപക്ഷത്തെ മാത്രം കേന്ദ്രീകരിച്ചായിരുന്നെന്നും ഭരണപക്ഷത്തിനു താത്പര്യമില്ലാത്ത ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്ത് ബാക്കി ഭാഗങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്കു ലഭ്യമാക്കിയതെന്നും ആരോപണമുയര്‍ന്നു. സഭാ ടി.വി. രാഷ്ട്രീയവത്കരിച്ചതിനെതിരേ രൂക്ഷമായ ആക്ഷേപമുയര്‍ന്നപ്പോള്‍, സഭാഹാളില്‍ നടക്കുന്ന എല്ലാ കാര്യങ്ങളുമല്ല, സഭാനടപടികള്‍ മാത്രമാണു സഭാ ടി.വി. ചിത്രീകരിക്കാറുള്ളതെന്നും ഇരുവിഭാഗത്തെയും പ്രതിഷേധം സഭാ ടി.വി. ചിത്രീകരിച്ചു നല്‍കിയിട്ടില്ല എന്നുമാണ് സ്പീക്കറുടെ മറുപടി. 
നിയമസഭാസമ്മേളനത്തിന്റെ ആദ്യദിനംതന്നെ സഭ അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്വം പരസ്പരം ചാര്‍ത്തുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും. വിവിധ വകുപ്പുകളുടെ കാര്യപരിപാടികള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള 23 ദിവസത്തെ സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. കയ്യാങ്കളിയും പോര്‍വിളിയുമായി സഭാംഗങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്പോള്‍ ഈ നാടിന്റെ വികസനസ്വപ്നങ്ങള്‍ക്കാണ് താളഭ്രംശം സംഭവിക്കുന്നത്.
ഏതായാലും, മാധ്യമസ്വാതന്ത്ര്യത്തിനു വിലക്കേര്‍പ്പെടുത്തുന്ന പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതു നീതീകരിക്കാനാവില്ല. മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ഭരണപക്ഷം നടത്തിയ ശ്രമങ്ങള്‍ സര്‍ക്കാരിനെന്തോ ഒളിക്കാനുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നു. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെയെന്നും മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയക്കേണ്ടതുള്ളൂ എന്നും ആത്മവിശ്വാസത്തോടെ പലവട്ടം വീമ്പിളക്കുന്നവര്‍ എന്തിനാണു മാധ്യമങ്ങളെ പേടിക്കുന്നത് എന്ന ചോദ്യവും പ്രസക്തം. സത്യം എത്രത്തോളം മൂടിവയ്ക്കാന്‍ ശ്രമിക്കുന്നുവോ, പതിന്മടങ്ങു ശക്തിയോടെ അതു പുറത്തുവരും. സെക്രട്ടേറിയറ്റില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും, താഴിട്ടു പൂട്ടിവച്ചിരിക്കുന്ന ഫയലുകളിലെ വിവരങ്ങള്‍ പുറത്തേക്കു വരുന്നത് അതാണു തെളിയിക്കുന്നത്. ഓര്‍ക്കുന്നതു നന്ന്, ഒരു മാധ്യമവിലക്കുകൊണ്ടും സത്യത്തെ ആര്‍ക്കും തോല്പിക്കാനാവില്ല.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)