•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

വണ്ടുകളും പൂക്കളും

ടെംപാസ് പ്രണയങ്ങള്‍ക്കുശേഷം കുടുംബജീവിതത്തിലേക്കു കടന്നുവരുന്നവര്‍ക്ക് പല പുതിയ ഗുണങ്ങളും നേടിയെടുക്കേണ്ടതുണ്ട്. വിശ്വസ്തത, സ്ഥിരത, പ്രതിബദ്ധത - ഇങ്ങനെ പോകുന്നു അവ. ഇതിനെല്ലാം നിയന്താവായിരിക്കുന്നത് ഗൗരവബുദ്ധിയാണ്. അത് കമ്മിയാകുമ്പോള്‍ പല പൂക്കള്‍ തിരയുന്ന വണ്ടുകളും വണ്ടുകള്‍ക്കായി കാത്തിരിക്കുന്ന പുഷ്പതല്പങ്ങളും ഉണ്ടാകുന്നു. 
ഇത്തരത്തിലുള്ള ആള്‍, പൂര്‍വ്വാനുഭവങ്ങള്‍ ഒന്നുമില്ലാത്ത മറ്റൊരാളുമൊത്ത് വിവാഹജീവിതം നയിക്കുന്നുവെന്നിരിക്കട്ടെ, കളങ്കിതനായ വ്യക്തി പിന്നീടും തന്റെ ശൈലി ആവര്‍ത്തിക്കാനാണ് സാധ്യത. ഇവിടെ സംഘര്‍ഷങ്ങള്‍ രൂപപ്പെടാം. കലാപക്കൊടി ഉയരുകയും ഉപരോധങ്ങള്‍ ഉണ്ടാകുകയും ചെയ്യാം. എന്നാല്‍ കോഴിക്കൂട്ടില്‍ കണ്ണുവച്ച കുറുക്കന്‍, അതിന്റെ രുചി മറക്കുമോ? അവന്‍ വെല്ലുവിളിക്കുകയായി; എനിക്കിഷ്ടമുള്ളതു ഞാന്‍ ചെയ്യും. നീയാരാ ചോദിക്കാന്‍? വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹികപരമായി പിന്നാക്കം നില്‍ക്കുന്ന പരിസരങ്ങളില്‍ ഇത്തരം കാഴ്ചകള്‍ അപൂര്‍വ്വമല്ല.
മറ്റൊന്ന് സാക്ഷാല്‍ കബളിപ്പിക്കലാണ്. 'മുന്തിരിവള്ളി'യിലെ വേണുക്കുട്ടനെപ്പോലെ വിദഗ്ധമായി സ്വന്തം അജണ്ടകള്‍ നടപ്പിലാക്കുകയും തകര്‍ത്തഭിനയിക്കുകയും ചെയ്യുന്നു.
ഇനി ഭാര്യയും ഭര്‍ത്താവും ഒരേ ജനുസ്സില്‍പ്പെട്ടവരാണെങ്കിലോ? വ്യക്തിസ്വാതന്ത്ര്യം ഏതറ്റംവരെയും അനുവദിച്ചു നല്‍കുന്ന ഒരു ന്യൂജെന്‍ ലൈഫ്? ദാമ്പത്യജീവിതത്തിന്റെ നിര്‍വചനത്തില്‍ അതുള്‍പ്പെടുമെന്നു പറയാന്‍ കഴിയില്ല. ദമ്പതിമാര്‍ക്ക് പരസ്പരം മാത്രം അവകാശപ്പെട്ട സ്വത്വാവിഷ്‌കാരങ്ങളുടെ മാനങ്ങള്‍ ഇവിടെ അവഗണിക്കപ്പെടുന്നു. ഇരുവര്‍ക്കുമിടയില്‍ അവിഭക്തമായി നിലനില്‍ക്കേണ്ട ചില പ്രവാഹങ്ങള്‍ക്കു വില കല്പിക്കപ്പെടുന്നുമില്ല. മക്കള്‍ ഉണ്ടാകാം; ഉണ്ടാകാതിരിക്കാം. ഉണെ്ടങ്കില്‍ ത്തന്നെ അവരുടെ ധാര്‍മ്മികനിലവാരം എപ്രകാരമെന്നു പ്രവചിക്കാന്‍ കഴിയില്ല. 
പഴയ വഴിത്താരകള്‍ ഉപേക്ഷിക്കുകയും വിശ്വസ്തതയോടെ ദാമ്പത്യജീവിതം തുടരുകയും ചെയ്യുന്നവര്‍ താരതമ്യേന ഭേദപ്പെട്ട സ്ഥിതിയിലാണെന്നു പറയാം. എന്നാല്‍, ശിലാലേഖനങ്ങളുടെ പൂര്‍വ്വസ്മൃതികള്‍ അവരില്‍നിന്നു പറിച്ചെറിയപ്പെടണമെന്നില്ല. മനസ്സാക്ഷിയില്‍ തിക്കുമുട്ടലായി അതവശേഷിക്കാം.


(തുടരും)

Login log record inserted successfully!