നിന്നോടൊപ്പമാണെങ്കിലും ദൈവമേ
കണ്‍തുറക്കാതിരിപ്പതെന്തിന്നു ഞാന്‍!
നിന്റെ കാല്പാദനിസ്വനം ഭീതനെന്‍
കൈപിടിച്ചു നടത്തുന്ന സാന്ത്വനം,
നിന്റെ വാക്കിന്‍ സുഗന്ധങ്ങള്‍ മാനസം
തേന്‍തുളിച്ചു കുളിര്‍ത്തുന്ന വാത്സല്യം.
സ്‌നേഹമെന്ന നിന്‍ പൂനിലാവെണ്മയില്‍
മോഹനമായി നില്ക്കുന്ന രാത്രി ഞാന്‍.
ഉള്ളിലൂറുമുറവതന്‍ കാരുണ്യം
ഉര്‍വ്വരയാക്കി മാറ്റിയ ഭൂമി ഞാന്‍.
നിന്റെ വാക്കാല്‍ നടന്ന മുടന്തന്‍ ഞാന്‍
നിന്റെ നോക്കാല്‍ തെളിഞ്ഞ കുരുടന്‍ ഞാന്‍,
തൊട്ടുസൗഖ്യമായ് തീര്‍ന്നൊരു രോഗി ഞാന്‍,
ഞെട്ടിയിന്നുയിര്‍ത്തേല്ക്കുന്ന മൃത്യു ഞാന്‍.
ശങ്കയാം മറകൊണ്ടിന്നുമിങ്ങനെ
മങ്ങുകയാണെന്‍ കാഴ്ചയും ജീവനും.
ഒന്നുവന്നു തലോടുമോ എന്റെയീ
കുഞ്ഞുകാണിക്ക സ്വീകരിച്ചീടുമോ?
എങ്കിലെന്‍ സ്വര്‍ഗ്ഗവാതിലിന്‍ സാക്ഷകള്‍
മംഗളകരം നേരേ തുറന്നിടും.
നിന്നെയിന്നുഞാന്‍ കാണും മഹേശ്വരാ...
നമ്മളൊന്നായി മാറും മുഹൂര്‍ത്തമായ്.
കാലമെത്രയോ നിന്നരികത്തു ഞാന്‍
കാതരം കാത്തുകാത്തു നിന്നീടുന്നു.