•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ചരിത്രമെഴുതിയ ചാവറയച്ചന്‍ ചരിത്രത്തിലില്ലെന്നോ?

  • പ്രഫ. റോണി കെ ബേബി
  • 21 July , 2022

ഏഴാം ക്ലാസിലെ കേരളപാഠാവലി നവോത്ഥാന ചരിത്രത്തില്‍നിന്ന് കേരളത്തിന്റെ നവോത്ഥാനരാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ബോധപൂര്‍വം ഒഴിവാക്കിയ കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് എജ്യുക്കേഷണല്‍  റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എസ്‌സിഇആര്‍ടി) വിദഗ്ധസമിതിയുടെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. കേരളത്തില്‍ സമീപകാലത്തായി ക്രൈസ്തവവിഭാഗത്തോടു പുലര്‍ത്തുന്ന അവഗണനയുടെ ബോധപൂര്‍വമായ തുടര്‍ച്ചയായി മാത്രമേ ഈ  നടപടിയെ കാണാന്‍ സാധിക്കൂ.
കേരളത്തിലെ നവോത്ഥാനപ്രക്രിയയ്ക്കു നേതൃത്വം നല്‍കിയ പ്രമുഖരിലൊരാളാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍.  ജാതീയവ്യവസ്ഥയില്‍ നട്ടംതിരിഞ്ഞ കേരളസമൂഹത്തില്‍ ഓരോ വ്യക്തിയെയും മനുഷ്യനായിക്കണ്ട് എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് പള്ളിയോടൊപ്പം പള്ളി
ക്കൂടം എന്ന ആഹ്വാനത്തിലൂടെ നാട്ടിലെ വിദ്യാഭ്യാസചരിത്രത്തിനു പുതിയ മാനം നല്‍കി അദ്ദേഹം. ജാതീയമായ അസ്പൃശ്യതകളും അനാചാരങ്ങളും കേരളത്തെ ഭ്രാന്താലയമാക്കിയിരുന്ന 1805 കാലഘട്ടത്തില്‍ ജനിച്ച ചാവറയച്ചന്‍ വിദ്യാഭ്യാസമുന്നേറ്റത്തിലൂടെ ആധുനികനവോത്ഥാനത്തിന് തിരുവിതാംകൂറില്‍ തുടക്കമിട്ടു. ചാവറയച്ചന്‍ വെട്ടിത്തുറന്ന പാതയിലൂടെയാണ് നവോത്ഥാനനായകരായ ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, വൈകുണ്ഠസ്വാമികള്‍, പൊയ്കയില്‍ ശ്രീ കുമാരഗുരുദേവന്‍, അയ്യന്‍കാളി, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, വക്കം അബ്ദുള്‍ഖാദര്‍ മൗലവി, വാഗ്ഭടാനന്ദന്‍, വി. ടി. ഭട്ടതിരിപ്പാട്, മന്നത്ത് പദ്മനാഭന്‍ തുടങ്ങിയ ചരിത്ര
പുരുഷന്മാര്‍ നവോത്ഥാനകേരളത്തെ കെട്ടിപ്പടുത്തത്.
പുരോഹിതവൃത്തിയോടൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്ത ചാവറയച്ചന്‍ അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസപ്രവര്‍ത്തകന്‍കൂടിയായിരുന്നു. ജാതിമതചിന്തകള്‍ക്കെതിരേ പ്രവര്‍ത്തിക്കുകയും പാവപ്പെട്ട ദളിത്‌വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യഭക്ഷണം നല്‍കുകയും ചെയ്തുകൊണ്ട് ഒരു നിശ്ശബ്ദവിപ്ലവംതന്നെ അദ്ദേഹം തിരുവിതാംകൂറില്‍ അഴിച്ചുവിട്ടു. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വം നിലനിന്നിരുന്ന അക്കാലത്ത് പുരോഹിതന്മാരുടെ ഭാഗത്തുനിന്ന് ഇത്തരം സേവനപ്രവര്‍ത്തനങ്ങള്‍ അപൂര്‍വമായിരുന്നു. 1846 ല്‍ മാന്നാനത്ത് സംസ്‌കൃതവിദ്യാലയവും തുരുത്തിമാലിയിലും ആര്‍പ്പൂക്കരയിലും കീഴാളവിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രൈമറിവിദ്യാലയവും ആരംഭിച്ച ചാവറയച്ചന്‍ ഈ വിദ്യാലയങ്ങളില്‍ ജാതിഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം ഉറപ്പുവരുത്തി. നിര്‍ധനവിദ്യാര്‍ത്ഥികള്‍ക്കായി ഉച്ചഭക്ഷണം ഉള്‍പ്പെടെ നല്‍കിക്കൊണ്ടാണ് ചാവറയച്ചന്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ഈ വിദ്യാലങ്ങള്‍ മുമ്പോട്ടു കൊണ്ടുപോയത്.1864 ല്‍ കേരളകത്തോലിക്കാസഭയുടെ വികാരി ജനറാളായിരിക്കേയാണ് പള്ളിയോടു ചേര്‍ന്ന് നിര്‍ബന്ധമായും പള്ളിക്കൂടം സ്ഥാപിക്കണമെന്ന ആഹ്വാനവുമായി ചാവറയച്ചന്‍ രംഗത്തുവരുന്നത്. കേരളനവോത്ഥാനചരിത്രത്തിലെ 'മാഗ്‌നാ കാര്‍ട്ട' എന്നാണ് ഈ ആഹ്വാനത്തെ വിശേഷിപ്പിക്കുന്നത്. ഇതു പിന്നീട് പള്ളിക്കൂടം എന്ന വാക്കിന്റെ ഉദ്ഭവത്തിനു കാരണമായി. എല്ലാ ഇടവകകളിലും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കുന്നതിനും ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. പുതിയ പള്ളികള്‍ നിര്‍മിക്കുമ്പോള്‍ ഒപ്പം എല്ലാത്തരം ജനങ്ങള്‍ക്കും പ്രവേശനമുള്ള സ്‌കൂളുകള്‍ വേണമെന്നും അല്ലാത്തപക്ഷം പള്ളികള്‍ക്ക് അനുവാദം നല്‍കില്ലെന്നും അദ്ദേഹം ശഠിച്ചു. 'കണ്ണില്ലാത്തവര്‍ കുരുടന്മാരായിരിക്കുന്നതുപോലെ പഠിത്തമില്ലാത്തവര്‍ ജ്ഞാനക്കുരുടന്മാരാകുന്നു' എന്ന് അദ്ദേഹം ഇടവകവൈദികര്‍ക്കു കത്തെഴുതി. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നല്‍കാന്‍ അദ്ദേഹം കണ്ടെത്തിയ മാര്‍ഗമായിരുന്നു പിടിയരിസമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്നു പാത്രത്തിലിടുമ്പോള്‍ ഒരു പിടി മറ്റൊരു പാത്രത്തിലിട്ടു സൂക്ഷിച്ചുവയ്ക്കാന്‍ ചാവറയച്ചന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തില്‍ എത്തിച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കു നല്‍കി.
1868 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച തൊഴില്‍പഠനകേന്ദ്രം ആദ്യത്തെ പെണ്‍പള്ളിക്കൂടമായി മാറി. കേരളത്തില്‍ സ്ത്രീകളുടെ സാര്‍വത്രികവിദ്യാഭ്യാസം തുടങ്ങുന്നത് അവിടെയാണ്.  1846 ല്‍ മാന്നാനത്ത് സ്വകാര്യ ഉടമസ്ഥതയില്‍ കേരളത്തിലാദ്യമായി അച്ചടിശാലയും പ്രസിദ്ധീകരണകേന്ദ്രവും സ്ഥാപിച്ചത് ചാവറയച്ചനാണ്. ഈ അച്ചടിശാലയില്‍നിന്നു മാസികയായി 'നസ്രാണിദീപിക'യും പില്‍ക്കാലത്ത് വാരികയായി 'ദീപികയും' അതിനുശേഷം അതേ പേരില്‍ ദിനപത്രവും ആരംഭിച്ചു. വായനശാലയും തുടങ്ങി. കേരളനവോത്ഥാനത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം, അച്ചടി, പത്രമാധ്യമങ്ങള്‍  തുടങ്ങിയവ നിര്‍ണായക പങ്കു വഹിക്കാന്‍ കാരണം ചാവറയച്ചന്റെ ഇടപെടലുകളാണ്. 'നിരവധി സമുദായപരിഷ്‌കരണപരിപാടികള്‍ ആദ്യമായി ആവിഷ്‌കരിച്ചു വിജയത്തിലെത്തിച്ച, മധ്യതിരുവിതാംകൂറിലെ സന്ന്യാസിശ്രേഷ്ഠനായിരുന്നു ചാവറയച്ചന്‍  എന്ന പാതിരി' എന്ന്  പ്രഫ. എം.കെ. സാനു 'ജീവിതംതന്നെ സന്ദേശം' എന്ന ചാവറയച്ചനെക്കുറിച്ചുള്ള  ജീവചരിത്രഗ്രന്ഥത്തില്‍ അനുസ്മരിച്ചിട്ടുള്ളതു ശ്രദ്ധേയമാണ്. ചാവറയച്ചന്‍ സ്ഥാപിച്ച അഗതിമന്ദിരങ്ങളില്‍നിന്നാണ് മദര്‍ തെരേസായ്ക്ക് ആശയം കിട്ടിയത് എന്ന് പ്രൊഫ എം.കെ. സാനു പുസ്തകത്തില്‍ അനുസ്മരിക്കുന്നുണ്ട്. പള്ളിക്കൂടം, ആശ്രമം, അച്ചടിശാല, തൊഴില്‍ പരിശീലനകേന്ദ്രം, സഹകരണസംഘം, സ്ത്രീവിദ്യാഭ്യാസം, ദളിതര്‍ക്ക് സ്‌കൂള്‍, ബോര്‍ഡിങ്, അഗതിമന്ദിരം എന്നിങ്ങനെ എത്രയോ കാര്യങ്ങള്‍ ചാവറയച്ചന്റെ നിരന്തരമായ ഇടപെടലുകള്‍വഴി ഉണ്ടായി എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. മലയാളിയെക്കുറിച്ചു മലയാളി എഴുതിയ ആദ്യജീവചരിത്രം (പാലയ്ക്കല്‍ തോമാക്കത്തനാരുടെ ജീവചരിത്രം), മലയാളത്തിലെ ആദ്യഖണ്ഡകാവ്യം (അനസ്താസ്യയുടെ രക്തസാക്ഷ്യം), ഇന്ത്യയിലെതന്നെ ആദ്യനാടകശ്രമങ്ങളായി വിലയിരുത്തപ്പെടുന്ന ഇടയനാടകങ്ങള്‍ എന്നിവയടക്കം നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു. സാഹിത്യത്തിലും പ്രാര്‍ത്ഥനകളിലും അദ്ദേഹം നടത്തിയ ആദ്യകാലശ്രമങ്ങള്‍ ശ്രദ്ധേയമാണ്.ചാവറയച്ചനുമുമ്പ് കേരളത്തില്‍ നവോത്ഥാന ചരിത്രം ഇല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ആധുനികകേരളനവോത്ഥാനത്തിന്റെ പിതാവ് ആരാണ് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേയുള്ളൂ. അത് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ തന്നെയാണ്. ദളിതര്‍, ദരിദ്രര്‍, സ്ത്രീകള്‍ എന്നിവരെ പ്രത്യേകമായ കരുതലോടെ സമൂഹത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടുവന്നയാളാണ് ചാവറയച്ചനെന്നു  ചരിത്രം ഉറപ്പിക്കുന്നു. അടിമസമ്പ്രദായവും അയിത്തവും അന്ധവിശ്വാസവും കൊടികുത്തിവാണിരുന്ന കേരളമണ്ണില്‍ വിദ്യാഭ്യാസവിപ്ലവത്തിലൂടെ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ ചാവറയച്ചനെ നവോത്ഥാനനായകരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കിയ കേരള സ്റ്റേറ്റ് എജ്യുക്കേഷണല്‍  റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് വിദഗ്ധസമിതിയുടെ തീരുമാനം പ്രതിഷേധാര്‍ഹമാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)