•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
എഡിറ്റോറിയല്‍

അഗതിമന്ദിരങ്ങളില്‍ അന്നം മുടങ്ങുമ്പോള്‍

  • ചീഫ് എഡിറ്റർ: റവ. ഫാ. കുര്യൻ തടത്തിൽ
  • 21 July , 2022

വയോജനസദനങ്ങളടക്കമുള്ള അഗതിമന്ദിരങ്ങളിലേക്ക് സൗജന്യനിരക്കില്‍ വര്‍ഷങ്ങളായി നല്കിവന്നിരുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത് വലിയ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു. അത്തരം മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് സാമൂഹികസുരക്ഷാപെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം നിര്‍ത്തലാക്കിയതിനുപുറമേയാണ് ഇപ്പോള്‍ നിരാലംബരുടെ വയറ്റത്തടിക്കുന്ന നിഷ്ഠുരമായ പ്രവൃത്തിസര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതു ജനവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്നു നാടു ഭരിക്കുന്നവര്‍ തിരിച്ചറിയാതെപോകുന്നതാണ് ഏറെ ശോചനീയം.
കരുണയുടെ കൈത്താങ്ങിനായി കേഴുന്നവരെ കരുതുന്നതോളം വലിയ കടംവീട്ടലില്ല. പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ പ്രഥമപരിഗണനയാണെന്നിരിക്കേ, അതും സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവത്കരിക്കപ്പെട്ടവരും വിവിധ വെല്ലുവിളികള്‍ നേരിടുന്നവരും അനാഥരുമായവരെ ചേര്‍ത്തുപിടിക്കേണ്ടത് സര്‍ക്കാരിന്റെ മുഖ്യദൗത്യമാണെന്നിരിക്കേ, മുടന്തന്‍ന്യായീകരണങ്ങളും അപക്വമായ തീരുമാനങ്ങളും നിരത്തി പാവപ്പെട്ടവനെ കൊള്ളയടിക്കുന്ന പതിവുരീതികള്‍ നിര്‍ത്തലാക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കുണ്ടാവേണ്ടത്.
ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 1800ല്‍പ്പരം സ്ഥാപനങ്ങളാണ് ഇന്നു കേരളത്തിലുള്ളത്. ഒരു ലക്ഷത്തിലേറെപ്പേര്‍ അത്തരം സ്ഥാപനങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍. അതില്‍ എണ്‍പതു ശതമാനത്തോളം സ്ഥാപനങ്ങളും ഏറ്റെടുത്തുനടത്തുന്നത്  ക്രൈസ്തവസമുദായമാണ്. സേവനതത്പരരും ത്യാഗസന്നദ്ധരുമായ സന്ന്യസ്തരാണ് നിരാലംബരും നിസ്സഹായരുമായ 'ദൈവത്തിനു വേണ്ടപ്പെട്ടവരെ' കണ്ണിലെണ്ണയൊഴിച്ചു കാത്തുപരിപാലിക്കുന്നതും അവര്‍ക്കു താങ്ങും തണലുമാകുന്നതും. വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ സര്‍ക്കാരിനുള്ളത്. അതില്‍ പലതും താത്കാലിക ഷെല്‍ട്ടര്‍ഹോമുകളുമാണ്.
ഒരു അന്തേവാസിക്ക് പ്രതിമാസം 10.5 കിലോ അരിയും 4.5 കിലോ ഗോതമ്പുമാണ് റേഷന്‍പെര്‍മിറ്റുപ്രകാരം ലഭിച്ചിരുന്നത്. അരിക്ക് കിലോയ്ക്ക് 5.65 രൂപയും ഗോതമ്പിന് 4.15 രൂപയുമാണ് ഈടാക്കിയിരുന്നത്. പൊതുവിതരണവകുപ്പ് അഭയഭവനുകളിലേക്കു സൗജന്യനിരക്കില്‍ നല്കിയിരുന്ന അരിയുടെയും ഗോതമ്പിന്റെയും വിതരണം ഭക്ഷ്യസാമഗ്രികളുടെ സ്റ്റോക്കില്ലെന്ന കാരണത്താലാണു നിര്‍ത്തലാക്കിയത്. ഭക്ഷ്യവസ്തുക്കള്‍ സ്റ്റോക്കില്ലെന്നുകാട്ടി പൊതുവിതരണ ഉപഭോക്തൃകാര്യാലയത്തില്‍നിന്നു ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന്, റേഷന്‍കടക്കാര്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. നാലു വര്‍ഷംമുമ്പ് ആരംഭിച്ച ഭക്ഷ്യവിതരണപദ്ധതി വിചിത്രമായ ന്യായവാദങ്ങള്‍ നിരത്തി കേന്ദ്രം പൊടുന്നനേ അവസാനിപ്പിക്കുമ്പോള്‍, വിശന്നുപൊരിയുന്ന വയറുകളെ ശമിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈ എടുക്കാത്തത് മനുഷ്യത്വരഹിതവും ക്രൂരവുമാണ്. ഭക്ഷണവും പാര്‍പ്പിടവും പൗരന്മാരുടെ അടിസ്ഥാനാവകാശങ്ങളായിരിക്കേ, ദുര്‍ബലവിഭാഗങ്ങളോടുള്ള കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നീതിനിഷേധവും അവകാശധ്വംസനങ്ങളും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇവിടുത്തെ സാംസ്‌കാരികനായകരും ബുദ്ധിജീവികളും ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നതും ഇതിനെതിരേ ശബ്ദമുയര്‍ത്താതിരിക്കുന്നതും പൊതുസമൂഹത്തിനു മുമ്പില്‍ ചോദ്യചിഹ്നമാവുകയാണ്.
ക്രൈസ്തവസന്ന്യസ്തരും കത്തോലിക്കാസഭയും നൂറ്റാണ്ടുകളായി നടത്തിവരുന്ന അഗതികളുടെ പരിചരണം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് അഗതിമന്ദിരങ്ങളിലും അനാഥാലയങ്ങളിലും അഭയം ലഭിച്ചിരിക്കുന്നവര്‍ക്ക് മനസ്സമാധാനത്തോടെ ജീവിക്കാനും നന്മയിലേക്കു കടന്നുവരാനും സൗഖ്യം പ്രാപിക്കാനും നല്ല മരണം ലഭിക്കാനുമൊക്കെയുള്ള മനുഷ്യത്വപരമായ ശുശ്രൂഷകളാണ് കത്തോലിക്കാസഭ ചെയ്തുവരുന്നത്. പൗരസമൂഹത്തോടുള്ള അടിസ്ഥാന ഉത്തരവാദിത്വങ്ങളില്‍ സര്‍ക്കാരുകളെ ഇത്രമാത്രം പിന്തുണയ്ക്കുന്ന മറ്റൊരു സമൂഹമോ സമുദായമോ ഇന്ത്യയിലെന്നല്ല, ലോകത്തൊരിടത്തുമുണ്ടാവില്ല. 
അഗതികള്‍ക്ക് അഭയമരുളുന്ന സന്ന്യസ്തര്‍ക്കുള്ള റേഷന്‍വിഹിതവും സര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന പുതിയ വാര്‍ത്തയും നീതിനിഷേധത്തിന്റെ തുടര്‍ക്കഥയായി മാത്രമേ കാണാനാവൂ. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍നിന്നെല്ലാം സന്ന്യസ്തരെ നേരത്തേതന്നെ മാറ്റിനിറുത്തിയിരിക്കുന്നതിനു പുറമേയാണിത്. 2021 മാര്‍ച്ചില്‍ നോണ്‍ പ്രയോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി അനുവദിച്ച റേഷന്‍വിഹിതമാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. അഗതിമന്ദിരങ്ങളെയും ബാലഭവനങ്ങളെയും കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുന്നതിന്റെ ഭാഗമായുള്ള ഇത്തരം ജനദ്രോഹനയങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ അടിയന്തരമായി പിന്മാറുകതന്നെ ചെയ്യണം.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)