•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ത്യാഗസമര്‍പ്പണത്തിന്റെ ജീവിതഭാഷ്യം

  • മാര്‍ ജോസ് പുളിക്കല്‍
  • 28 July , 2022

ജൂലൈ 28  വിശുദ്ധ അല്‍ഫോന്‍സായുടെ തിരുനാള്‍

ഭരണങ്ങാനവും കുടമാളൂരും മുട്ടത്തുപാടത്തു കുടുംബവുമൊക്കെ തിരുസ്സഭയുടെ ഹൃദയത്തിലിടം നേടിയത് ഒരു വ്യക്തിയുടെ പേരിലാണ്. അതും ഒരിക്കലും ഒരിടത്തും അറിയപ്പെടാതിരിക്കാന്‍ തീവ്രമായി ആഗ്രഹിച്ച ഒരാളുടെ പേരില്‍!  ഭാരതത്തിലാദ്യമായി വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ വിശ്വാസജീവിതത്തിന്റെ ഉള്ളറരഹസ്യങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുന്നതോടൊപ്പം ചലഞ്ചുചെയ്യുന്നതുമാണ്. ലോകത്തിന്റേതാകാതെ ലോകത്തില്‍ ജീവിക്കുകയെന്നതു സാഹസികമാണ്. അഗാധമായ ആന്തരികജ്ഞാനവും സ്‌നേഹവുമുള്ളവര്‍ക്കാണ് അതു സാധ്യമാകുന്നത്. ''സഹനദാസി'' എന്ന ഏകശീര്‍ഷകത്തില്‍ അല്‍ഫോന്‍സിയന്‍ ആധ്യാത്മികതയെ ഒതുക്കിക്കാണാനാവില്ല.
കെനോസിസിലൂടെ ദൈവഹിതം ജീവിച്ചവള്‍
ശൂന്യവത്കരിക്കപ്പെട്ട സൃഷ്ടിയാണ് ഫലം പുറപ്പെടുവിക്കാന്‍ പര്യാപ്തമെന്ന് അവള്‍ തിരിച്ചറിഞ്ഞു. ''ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും'' (യോഹ. 12:24) എന്ന സുവിശേഷവാക്യത്തെ ആഴത്തില്‍ ധ്യാനിച്ചെടുക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്കു കഴിഞ്ഞു. മിശിഹായുടെ ശൂന്യവത്കരണം (കെനോസിസ്) അവളുടെ ജീവിത
ദര്‍ശനത്തെ അസാധാരണമായി സ്വാധീനിച്ചു. ഈ വിജയരഹസ്യമായിരുന്നു വിശുദ്ധയുടെ ആദ്ധ്യാത്മികതയുടെ കാതല്‍; സഹനത്തിലൂടെയാണവളത് പ്രാവര്‍ത്തികമാക്കിയത്. ശൂന്യവത്കരണത്തിലൂടെ ദൈവഹിതം തെളിമയോടെ കണ്ടു ജീവിക്കാന്‍ പുണ്യവതിക്കു കഴിഞ്ഞു. അല്‍ഫോന്‍സാമ്മ പ്രാര്‍ത്ഥിച്ചു: ''കീര്‍ത്തിയും ബഹുമതിയും സമ്പാദിക്കണമെന്ന ദുഷിച്ച ഉദ്യമത്തില്‍നിന്ന് എന്നെ വിടുവിക്കണമേ.'' അവള്‍ തുടരുന്നു: ''ഈശോയേ, അങ്ങേ ദിവ്യഹൃദയത്തിന്റെ സ്‌നേഹാഗ്നിജ്ജ്വാലയിലെ ഒരു പൊരിയും പരമാണുവുമാകുന്നതുവരെ എന്നെ എളിമപ്പെടുത്തണേമ.'' ഫ്രാന്‍സീസ് പാപ്പാ നിരീക്ഷിക്കുന്നു: ''അപമാനങ്ങളിലൂടെ മാത്രമേ ഹൃദയത്തില്‍ എളിമ വേരുപിടിക്കുകയുള്ളൂ. അവയില്ലാതെ എളിമയോ വിശുദ്ധിയോ ഇല്ല (Gaudete et Exsultate - 118). എളിമയെ സുകൃതങ്ങളുടെ രാജ്ഞിയായിട്ടാണ് അല്‍ഫോന്‍സാമ്മ കാണുന്നത്. വിശുദ്ധ പറയുന്നു: ''എളിമയാണ് സുകൃതങ്ങളുടെ രാജ്ഞി. എളിമപ്പെടാന്‍ ലഭിക്കുന്ന ഏതൊരവസരവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.''
കീര്‍ത്തി നേടാനും കീഴടക്കാനും വെമ്പല്‍കൊള്ളുന്ന ലോകത്തിന്റെ വിചാരങ്ങള്‍ക്കു നേരേയാണ് അല്‍ഫോന്‍സാമ്മ വെല്ലുവിളിയുയര്‍ത്തുന്നത്. ആത്മീയതയുടെ പരിസരങ്ങളില്‍പ്പോലും അഹന്തയുടെ, ലൗകികനേട്ടങ്ങളുടെ ആരവങ്ങളുയര്‍ത്തുന്ന ലോകം നമുക്കു ചുറ്റിലുമുണ്ട്. ഒരുപക്ഷേ, അഹങ്കാരത്തില്‍ തട്ടിയാകും പല ആത്മീയസൗധങ്ങളും ഇടിഞ്ഞുവീണിട്ടുള്ളത്. സ്വയം ശൂന്യമാക്കിയവനെ അടുത്തനുധാവനം ചെയ്യാനിറങ്ങിത്തിരിച്ചവരിലും ലൗകികതയുടെ സ്വാര്‍ത്ഥമോഹങ്ങള്‍ കഠിനപ്രലോഭനങ്ങളായി മാറുന്നുണ്ട്. നമ്മുടെ ശുശ്രൂഷകളും ദൗത്യനിര്‍വഹണങ്ങളും ദൈവഹിതമനുസരിച്ചാണോ എന്നുള്ള ചോദ്യം ആവര്‍ത്തിക്കപ്പെടണം. നമ്മി
ലൂടെ വിടരേണ്ട ദൈവികപദ്ധതിക്ക് ഇടവും സമയവും( space and time)  നല്‍കുമ്പോഴാണല്ലോ ദൈവഹിതം നിര്‍വഹിക്കപ്പെടുന്നത്. ഇതു തിരിച്ചറിയാനുള്ള ആന്തരികവെളിച്ചവും ജീവിക്കാനുള്ള ധൈര്യവുമാണ് വിശുദ്ധിയുടെ ഹൃദയമെന്നതില്‍ സംശയമില്ല.
കാലികലോകം അധികാരത്തിനും സമ്പത്തിനും വേണ്ടി കുതറിയോടുമ്പോള്‍ സനാതനസമ്പത്തിന്റെ ഉറവിടം കണ്ടെത്തിയവള്‍ വേറിട്ട നിലപാടു സ്വീകരിക്കുകയാണ്. മനുഷ്യന്റെ അത്യാര്‍ത്തിയുടെ മുമ്പില്‍ നിസ്സഹായരായി പിടയുന്ന ബലഹീനജന്മങ്ങളുണ്ട് എന്നതും മറക്കാനാവില്ല. പണത്തിനും കസേരകള്‍ക്കുംവേണ്ടി അവന്‍ പടയോട്ടം നടത്തുമ്പോള്‍ പലരും ചവിട്ടിമെതിക്കപ്പെടുന്നു; അനേകര്‍ക്കു പരിക്കേല്‌ക്കേണ്ടിവരുന്നു. കാലികസാഹചര്യങ്ങളെ ഫ്രാന്‍സീസ് പാപ്പാ നിരീക്ഷിക്കുന്നതിങ്ങനെ: 'ഇന്ന് എല്ലാക്കാര്യങ്ങളും മത്സരത്തിന്റെയും പ്രബലരുടെ അതിജീവനത്തിന്റെയും നിയമങ്ങള്‍ക്കു കീഴിലായിരിക്കുന്നു. അവിടെ ബലവാന്മാര്‍ ദുര്‍ബലരെ തിന്നുകൊഴുക്കുന്നു. തല്‍ഫലമായി ജനസമൂഹങ്ങള്‍ ഒഴിവാക്കപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായി മാറുന്നു' Evangelii Gaudium  53) നിഴല്‍പോലെ കടന്നുപോകുന്ന ഈ കൊച്ചുഭൗമികവാസത്തില്‍ ഇടുങ്ങിച്ചിന്തിക്കുന്നതിന്റെ മൗഢ്യം തിരിച്ചറിഞ്ഞവരാണ് വിശാലഹൃദയത്തോടെ നിത്യതയെ ലക്ഷ്യമാക്കി നന്മ ചെയ്തു സഞ്ചരിക്കുന്നവര്‍! സ്വയം ശൂന്യനാക്കിയ ക്രൂശിതനില്‍ യഥാര്‍ത്ഥ സമ്പത്തിന്റെ, സൗന്ദര്യത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ അല്‍ഫോന്‍സാമ്മ ആ അമൂല്യനിധി കണ്ടെത്തി സ്വന്ത
മാക്കുകയായിരുന്നു.
സഹനങ്ങളില്‍ നിറഞ്ഞ കുരിശിന്റെ ആനന്ദം
സഹനവഴികളിലൂടെ അല്‍ഫോന്‍സാമ്മ യാത്ര ചെയ്
തത് ദുഃഖഭാരങ്ങളോടെ ആയിരുന്നില്ല. കഠിനമായ ശാരീരിക രോഗപീഡകള്‍ക്കൊപ്പം അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുധാരണകളും കുറ്റപ്പെടുത്തലുകളുമെല്ലാം കുരിശിന്റെ വെളിച്ചത്തില്‍ അവള്‍ ആസ്വദിച്ചു. അല്‍ഫോന്‍സാമ്മയുടെ വാക്കുകളിങ്ങനെ: വേദനയുടെ കുരിശു ചുമക്കുന്നത് എനിക്ക് പനിനീര്‍പ്പൂവ് ചൂടുന്നതുപോലെയാണ്. അപ്പസ്‌തോലികപ്രബോധനത്തില്‍ ഫ്രാന്‍സീസ് പാപ്പാ കുറിച്ചു: ക്രിസ്തുവിന്റെ കുരിശ് മഹത്ത്വപൂര്‍ണമായി ശോഭിക്കുന്ന സുവിശേഷം നമ്മെ നിരന്തരം സന്തോഷത്തിലേക്കു ക്ഷണിക്കുന്നു (EG  5). സഹനത്തിന്റെ ആന്തരിക
രഹസ്യം തിരിച്ചറിഞ്ഞ വിശുദ്ധ പറഞ്ഞു: ''സഹിക്കാന്‍ ഒന്നുമില്ലാത്ത ദിവസങ്ങള്‍ എനിക്കു ശൂന്യമായിത്തോന്നുന്നു.'' സഹനത്തെ ഇത്രയധികം ഭാവാത്മകമായി സമീപിക്കാന്‍ കഴിയുന്നത് അഗാധമായ വിശുദ്ധിയുടെ പ്രകാശനമാണെന്നതില്‍ സംശയമില്ല.
സഹനത്തിലൂടെ ആത്മനാഥനോടനുരൂപപ്പെടാന്‍ തീക്ഷ്ണമായി ആഗ്രഹിച്ചുകൊണ്ടാണ് അല്‍ഫോന്‍സാമ്മയുടെ ജീവിതം പുരോഗമിച്ചത്. അവള്‍ പറയുന്നു: ''മുന്തിരി പിഴിഞ്ഞു ചാറെടുത്ത് വീഞ്ഞാക്കി മാറ്റുന്നു. അത് വിശുദ്ധ കുര്‍ബാനയില്‍ ഈശോയുടെ തിരുരക്തമാകുന്നു. അതുപോലെ സഹനംവഴി നാം ഈശോയുടെ സ്വന്തമായിത്തീരുന്നു.'' ക്രിയാത്മകസഹനത്തിലൂടെ ലഭിക്കുന്ന ആത്മീയവളര്‍ച്ചയും ക്രിസ്തുശിഷ്യത്വത്തിന്റെ തനിമയും ആധുനികലോകത്തിനു പലപ്പോഴും അജ്ഞാതമാണ്. വലിയ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള വ്യഗ്രതയില്‍ സഹനവും സ്‌നേഹവുമെല്ലാം പാഴ്‌വസ്തുക്കളായി നമ്മുടെ ജീവിതവഴിയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടുപോകുന്ന കാഴ്ച ഇന്നു സാധാരണമാണ്. സുവിശേഷത്തിലെ ഉന്നതമായ മനുഷ്യദര്‍ശനംതന്നെയാണിവിടെ കളഞ്ഞുപോകുന്നത്.
സഹനത്തിന്റെ അര്‍ത്ഥമറിയാതെ പരിഭവിച്ചും അന്യരില്‍ പഴിചാരിയും ഇടറിപ്പോകുന്നവരുടെ എണ്ണം ആത്മീയമേഖലയില്‍ വ്യാപരിക്കുന്നവരില്‍പോലും വര്‍ദ്ധമാനമാകുന്നുണ്ട്. സഹനങ്ങള്‍ നേരി
ടുമ്പോള്‍ യഥാര്‍ത്ഥസത്യത്തിലേക്കു തിരിയാതെ നീതിയുടെ പേരുപറഞ്ഞ് മിശിഹായുടെ ശരീരമായ തിരുസ്സഭയെ, സഹജീവികളെ തെരുവില്‍ വിചാരണ ചെയ്യാനിറങ്ങിപ്പുറപ്പെടുന്നവരില്‍ സമര്‍പ്പിതരും വൈദികരുമുള്‍പ്പെടുന്നുവെന്നത് തികച്ചും ഖേദകരം.
നീതിക്കുവേണ്ടി നിലപാടു സ്വീകരിക്കുമ്പോഴത് സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുവേണ്ടിയാകുന്നത് അപകടകരമാണ്; കാരണം, അവിടെ നിരപരാധികള്‍ ക്രൂശി
ക്കപ്പെടാനിടയാകുന്നു.
സഹനമെന്ന യാഥാര്‍ത്ഥ്യത്തെ വ്യാഖ്യാനിക്കാനാവാതെ പകച്ചുനില്ക്കുന്ന ആധുനിക ലോകത്തെ വെല്ലുവിളിച്ചുകൊണ്ട് വി. അല്‍ഫോന്‍സാ വേറിട്ട ചുവടുകള്‍വയ്ക്കുന്നതു ശ്രദ്ധേയം. വിശ്വാസത്തിലൂന്നിയ സ്‌നേഹത്തിന്റെ സുവിശേഷവഴിയാണവള്‍ വെട്ടിത്തുറക്കുന്നത്. സഹനത്തിന്റെ അര്‍ത്ഥം വായിച്ചെടുക്കാനാഗ്രഹിക്കുന്നവര്‍ ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിലേക്കാണ് മിഴിയുയര്‍ത്തേണ്ടത്. 
കുരിശില്‍ വ്യാഖ്യാനിക്കപ്പെടാത്ത ഒരു സഹനസമസ്യയുമില്ല. ത്യാഗത്തിന്റെ രക്ഷാകരമൂല്യം വെളിപ്പെടുന്ന ഈശോയുടെ ബലിയര്‍പ്പണമാണ് സഹനവഴികളില്‍ നമുക്ക് ശക്തിസ്രോതസായി മാറേണ്ടത്.
സഹനത്തെ സ്‌നേഹമെന്നു വ്യാഖ്യാനിക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്കു കഴിഞ്ഞു. കഠിനമായ വേദനകളിലൂടെ കടന്നുപോയിരുന്ന അല്‍ഫോന്‍സയെ കാണാന്‍ മഠത്തിലെത്തിയ ചങ്ങനാശ്ശേരി മെത്രാപ്പോലീത്താ അഭി. ജെയിംസ് കാളാശ്ശേരിപ്പിതാവ് ചോദിച്ചു: ഉറക്കമില്ലാത്ത രാത്രികളില്‍ നീ എന്തു ചെയ്യുന്നു? മറുപടി ലളിതമായിരുന്നു: ഞാന്‍ സ്‌നേഹിക്കുകയാണ്! ത്യാഗസന്നദ്ധതയില്ലാത്ത എല്ലാവിധ സ്‌നേഹപ്രകാശനങ്ങളും കാപട്യമാണെന്ന് അല്‍ഫോന്‍സാമ്മ പറയാതെ പങ്കുവയ്ക്കുന്നു. love  without suffering is inconceivable  and suffering without love is unbearable .സഹനമില്ലാത്ത സ്‌നേഹം ഉള്‍ക്കൊള്ളാനാവാത്തതും സ്‌നേഹമില്ലാത്ത സഹനം അസഹനീയവുമെന്ന ചിന്ത അനുദിനജീവിതത്തില്‍ നമ്മള്‍ മനസ്സിലാക്കുന്ന വസ്തുതയാണ്. സ്വന്തം കുഞ്ഞിനുവേണ്ടി എന്തു ത്യാഗത്തിനും സന്നദ്ധയാകുന്ന അമ്മയുടെ ഹൃദയഭാവത്തെ സ്‌നേഹമെന്നു വിളിച്ചാലതു ശരിയാണ്. എന്നാല്‍, മറ്റൊരാള്‍ക്കുവേണ്ടി ത്യാഗം സഹിച്ചതിന്റെ കണക്കുപറഞ്ഞ് അവകാശമുന്നയിക്കുന്ന വ്യക്തിയില്‍ സ്‌നേഹമില്ലെന്നതും സത്യം.
സ്വര്‍ഗത്തിനു ഹൃദയത്തിലിടമൊരുക്കിയ പ്രേഷിത
 ജീവിതത്തിലെ ഒറ്റപ്പെടലുകള്‍ക്കും അനാഥത്വങ്ങള്‍ക്കും ഏകാന്തതകള്‍ക്കുമെല്ലാം ആധ്യാത്മികതയിലിടമുണ്ട്. സ്വര്‍ഗം അടുത്തുവരാന്‍ ഇവയെല്ലാം വഴിയൊരുക്കുന്നുവെന്ന് പല വിശുദ്ധജീവിതങ്ങളും വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ സ്വന്തമാകാന്‍വേണ്ടിയാകും മനുഷ്യരുടെ സ്‌നേഹവലയങ്ങള്‍ ഭേദിക്കപ്പെടാന്‍ ദൈവം അല്‍ഫോന്‍സാമ്മയ്ക്ക് അവസരമൊരുക്കിയത്. അവളത് വേണ്ടവിധം പ്രയോജനപ്പെടുത്തി. അതില്‍ അര്‍ത്ഥവും ആനന്ദവും കïെത്തി! മിശിഹായില്‍ ഹൃദയമുറപ്പിച്ചുകൊണ്ട് വിശുദ്ധരുടെ കൂട്ടായ്മയിലാണ് അല്‍ഫോന്‍സാമ്മ ഓരോ ദിനവും ചെലവഴിച്ചതെന്ന് ആ ജീവിതത്തിന്റെ നാള്‍വഴികളില്‍ വ്യക്തമാണ്. വി. കൊച്ചുത്രേസ്യായുടെയും വിശുദ്ധ കുര്യാക്കോസ് ചാവറയച്ചന്റെയും പ്രത്യക്ഷങ്ങള്‍ അവള്‍ക്കു ലഭിച്ചത് ഇതിനുള്ള ഉദാഹരണങ്ങള്‍ മാത്രം.
സ്വര്‍ഗം ഹൃദയത്തില്‍ സൂക്ഷിച്ചവള്‍ ഏറ്റവും സന്തോഷവതിയും സ്‌നേഹംനിറഞ്ഞവളുമായിരുന്നു. എല്ലാവരോടും എനിക്കിഷ്ടമാണ്. ആരെയും വെറുക്കാന്‍ എനിക്കു കഴിയുകയില്ലണ്ട എന്ന വാക്കുകളില്‍ ക്രൈസ്തവസ്‌നേഹത്തിലൂന്നിയ പ്രേഷിതനിര്‍വഹണമാണ് അവള്‍ പ്രതിഫലിപ്പിക്കുന്നത്. അല്‍ഫോന്‍സാമ്മയുടെ വാക്കും ജീവിതവും സുവിശേഷപ്രഘോഷണങ്ങളായിരുന്നു. ജീവിക്കുന്ന വചനം പ്രഘോഷിക്കാന്‍ കഴിയുന്നവരാണ് വിശുദ്ധര്‍. അവര്‍ക്കാണ് മറ്റനേകരെ സ്വര്‍ഗത്തിലേക്കു നയിക്കാന്‍ കഴിയുന്നതും. ഇന്നിന്റെ പുണ്യവതിയായ  വി.അല്‍ഫോന്‍സാ സ്വാര്‍ത്ഥം തിങ്ങിയ ആധുനികലോകത്തെ സ്‌നേഹംകൊണ്ടു കീഴടക്കുന്നു, വിശുദ്ധികൊണ്ട് തിരുത്തുന്നു, സഹനംകൊണ്ടു വെല്ലുവിളിക്കുന്നു! ഏവര്‍ക്കും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍മംഗളങ്ങള്‍!

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)