പാലാ: കൊവിഡ് മഹാമാരി കൂടുതല്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമരിറ്റന്‍ ഫോഴ്‌സുമായി പാലാ രൂപതയും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ രൂപതയിലെ കൊവിഡ് വോളണ്ടിയേഴ്‌സ് പ്രേഷിതസഖ്യം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം ആരോഗ്യപ്രവര്‍ത്തകരോടും പോലീസ് അധികാരികളോടുംചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അതതു പ്രദേശത്തെ കൊവിഡ് അനുബന്ധാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍വേണ്ടി ഓരോ നൂറു വീടിനും മുപ്പതു വയസ്സു മുതല്‍ 50 വയസ്സുവരെയുള്ള രണ്ടു പേര്‍, 30-20 വയസ്സിനിടയിലുള്ള രണ്ടു യുവാക്കന്മാര്‍ എന്ന മാനദണ്ഡമാണ് ഓരോ ഇടവകയിലും സ്വീകരിച്ചിരിക്കുന്നത്.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കോ കണെ്ടയ്ന്‍മെന്റ് സോണുകളിലെ കുടുംബങ്ങള്‍ക്കോവേണ്ടി ആരോഗ്യപ്രവര്‍ത്തകരോട് / ഉത്തരവാദിത്വപ്പെട്ട ഗവണ്‍മെന്റ് അധികൃതരോടുചേര്‍ന്ന് ആവശ്യം വരുമ്പോള്‍ പ്രവര്‍ത്തിക്കുന്നതിനായി മതിയായ അറിവും സന്നദ്ധതയും ഉള്ളവരായി തയ്യാറായിരിക്കുക എന്നതാണ് ഈ ടീമിന്റെ ലക്ഷ്യം. കോവിഡ്‌രോഗം ബാധിച്ച് ആരെങ്കിലും മരിക്കാനിടയായാല്‍ ഉചിതമായ മൃതസംസ്‌കാരശുശ്രൂഷ നല്‍കുന്നതിനുവേണ്ടി വൈദികര്‍ ഉള്‍പ്പെടെയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കുന്നുണ്ട്. ഇവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളും ട്രെയിനിങ്ങും ഉണ്ടായിരിക്കുന്നതാണ്.
താരതമ്യേന കൂടുതല്‍ സുരക്ഷിതമായ ഈ കാര്യത്തിനായി ഈ വോളണ്ടിയര്‍ കൂട്ടായ്മ ഓരോ ഫൊറോനയിലും ഒന്നു വീതമെങ്കിലും രൂപീകരിക്കാനാണു രൂപത ലക്ഷ്യമിടുന്നത്. രൂപതയിലെ വിവിധ സ്ഥാപനങ്ങള്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരുന്നു, കൂടുതല്‍ സ്ഥാപനങ്ങള്‍ വിട്ടുകൊടുക്കാന്‍ അധികൃതര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രൂപതാതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസപരിശീലനകേന്ദ്രം, എകെസിസി, കുടുംബക്കൂട്ടായ്മ, പിതൃവേദി, പാലാ സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റി, എസ്എംവൈഎം - കെസിവൈഎം തുടങ്ങിയ വിഭാഗങ്ങള്‍ നേതൃത്വം നല്‍കും.
രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ എന്നിവര്‍ രക്ഷാധികാരികളാണ്. ചീഫ് കോര്‍ഡിനേറ്ററായി ഫാ. സിറില്‍ തയ്യിലും (യൂത്ത് ഡയറക്ടര്‍), കോര്‍ഡിനേറ്റേഴ്‌സായി ഫാ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ (എകെസിസി ഡയറക്ടര്‍), ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ (കുടുംബ കൂട്ടായ്മ കോര്‍ഡിനേറ്റര്‍), ഫാ. ജോസഫ് കുറ്റിയാങ്കല്‍ (പിതൃവേദി ഡയറക്ടര്‍), ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍ (വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടര്‍) എന്നിവരുമടങ്ങുന്ന ഉന്നതതലസമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.
							
 സ്വന്തം ലേഖകൻ 
                    
                    