പാലാ: പാലാ മാതൃഭാഷാപോഷകസന്നദ്ധസമിതിയുടെയും പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സിയുടെയും സംയുക്താഭിമുഖ്യത്തില്‍ പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതുസമ്മേളത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ''സമഗ്രസാക്ഷരപാലാ' പ്രോജക്ട് ഉദ്ഘാടനവും പുതിയ പാഠപുസ്‌കത്തില്‍ ചേര്‍ത്തിട്ടുള്ള അക്ഷരമാല പ്രകാശനവും നിര്‍വഹിച്ചു. ചടങ്ങില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
എയ്ഡഡ്, അണ്‍എയ്ഡഡ് മേഖലകളില്‍ കത്തോലിക്കാസഭ, പ്രത്യേകിച്ചും പാലാ രൂപത ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ തനിക്കു ചെയ്യാവുന്ന എല്ലാ സഹായങ്ങളും നല്കുന്നതാണെന്നും മന്ത്രി പറഞ്ഞു.   
അക്ഷരമാല പാഠാവലിയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് അങ്ങേയറ്റം നിര്‍ഭാഗ്യകരമായിപ്പോയെന്നും അതു പുനഃസ്ഥാപിക്കാന്‍ ബഹുമാനപ്പെട്ട ഡോ. തോമസ് മൂലയിലച്ചന്റെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും, ആ കുറവു നികത്തിയ വിദ്യാഭ്യാസമന്ത്രിയുടെ ധീരമായ തീരുമാനം ഭാഷയ്‌ക്കൊരിക്കലും വിസ്മരിക്കാനാകില്ലെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 
പാലാ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജ്യൂക്കേഷന്റെ 'നിറക്കൂട്ട് 2022' ചിത്രീകരണം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍, കോളജിന്റെ സാമൂഹികപ്രതിബദ്ധതയെയും പുതുമയും തന്മയമുള്ള പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചു. 
റവ. ഡോ. തോമസ് മൂലയില്‍ 'സമഗ്രസാക്ഷരപാലാ' പ്രോജക്ടിന്റെ പതിനഞ്ചിനപരിപാടികളും അക്ഷരപഠനോപാധികളും അവതരിപ്പിച്ചു. മാണി സി. കാപ്പന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍  ആന്റോ ജോസ് പടിഞ്ഞാറേക്കര, പാലാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, കോളജ് പ്രിന്‍സിപ്പല്‍ സി. ഡോ. ബീനാമ്മ മാത്യു, വൈസ് പ്രിന്‍സിപ്പല്‍ ഡോ. റ്റി.സി. തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
							
 *
                    
                    