•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

സ്വാതന്ത്ര്യം : മഹാത്മജി തെളിച്ചിട്ട മോക്ഷമാര്‍ഗം

 ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ പിന്നിടുകയാണ്. 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിക്ക് ഇന്ത്യയുടെ നെഞ്ചില്‍നിന്ന് യൂണിയന്‍ ജായ്ക്കിന്റെ
ഭാരം ഒഴിയുകയും തല്‍സ്ഥാനത്ത് ദേശീയ പതാക ഉയരുകയും ചെയ്തു. 1757 ലെ പ്ലാസിയുദ്ധപരാജയത്തിലൂടെ ഇന്ത്യയുടെ തോളില്‍ വയ്ക്കപ്പെട്ട അടിമത്തത്തിന്റെ നുകം എടുത്തുമാറ്റപ്പെട്ടു. ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയ്ക്കും ശിരസ്സുയര്‍ത്തിനില്ക്കാമെന്നായി.
ഇന്ത്യയിലെ ജനങ്ങള്‍ ഒന്നടങ്കം സ്വാതന്ത്ര്യത്തെ ഹൃദയം തുറന്നു വരവേറ്റു എന്നു പറയാമോ? ഇന്ത്യയിലെ അധഃസ്ഥിതവിഭാഗങ്ങള്‍ക്കു കടുത്ത ഉത്കണ്ഠയുണ്ടായിരുന്നു. ജാതിഭേദങ്ങളെയും അവയുടെ അടിസ്ഥാനത്തില്‍ ഇവിടെ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ബ്രിട്ടീഷ് ഭരണകൂടം അംഗീകരിച്ചിരുന്നില്ലെന്നു മാത്രമല്ല, രാജാറാം മോഹന്റോയിയെപ്പോലുള്ളവരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന നവോത്ഥാനസംരംഭങ്ങളെ അവര്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിന്റെ പ്രത്യാശാവഹമായ മികച്ച ഉദാഹരണമായിരുന്നു 1829 ലെ സതിനിരോധനം. 
എന്നാല്‍, ബ്രിട്ടീഷുകാര്‍ അധികാരമൊഴിയുന്നതോടെ പഴയ സവര്‍ണമേധാവിത്വവും ജാതികൃതമായ അനാചാരങ്ങളും മടങ്ങിവരുമോ എന്ന് അധഃസ്ഥിതവിഭാഗങ്ങള്‍ ഭയപ്പെട്ടു. മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ, 
എന്തിന്നു ഭാരതധരേ, 
    കരയുന്നു പാര-
തന്ത്ര്യം നിനക്കു 
വിധികല്പിതമാണു തായേ!
ചിന്തിക്ക ജാതി 
      മദിരാന്ധരടിച്ചു തമ്മി-
ലന്തപ്പെടും തനയ, 
      രെന്തിനയേ സ്വരാജ്യം?
എന്ന വരികളില്‍ ഉള്ളടങ്ങുന്നത് ഈ ഭയമാണ്.
പക്ഷേ, ഈ ഭയം ആവശ്യമുണ്ടായിരുന്നില്ലെന്ന് പില്ക്കാലഭാരതം തെളിയിച്ചു. നിരവധി ഉത്തേജനപരിപാടികളിലൂടെ ഇന്ത്യയിലെ അധഃസ്ഥിതവിഭാഗങ്ങളുടെ വികസനക്കുതിപ്പിനു ശക്തിപകരാന്‍ നമ്മുടെ രാഷ്ട്രനേതാക്കള്‍ക്കു കഴിഞ്ഞു. അല്ലായിരുന്നെങ്കില്‍, സ്വാതന്ത്ര്യത്തിന്റെ ഏഴാം ദശകത്തില്‍ ദ്രൗപദി മുര്‍മു എന്ന ഗോത്രവര്‍ഗവനിത ഇന്ത്യന്‍ രാഷ്ട്രപതിയുടെ കിരീടം ചൂടുമായിരുന്നില്ല; കേരളത്തിലെ പിന്നാക്കസമുദായങ്ങളിലൊന്നില്‍നിന്നു പഠിച്ചുയര്‍ന്ന കെ.ആര്‍. നാരായണന്‍ 1992-97 കാലത്ത് ഇന്ത്യയുടെ ഉപരാഷ്ട്രപതിയും 1997-2002 കാലത്ത് ഇന്ത്യയുടെ രാഷ്ട്രപതിയും ആകുമായിരുന്നില്ല.
1947 ല്‍ കൈമാറി വാങ്ങിയ സ്വാതന്ത്ര്യം ഇന്ത്യ ഫലപ്രദമായി പ്രയോജനപ്പെടുത്തിയതിന്റെ ഉന്നതരാഷ്ട്രീയ ഉദാഹരണങ്ങളാണ് കെ.ആര്‍. നാരായണനും ദ്രൗപദി മുര്‍മുവും. അവസരസമത്വം ജാതിഭേദമോ സാമ്പത്തികഭേദമോ ഇല്ലാതെ എല്ലാവര്‍ക്കും കൈയെത്തിപ്പിടിക്കാവുന്നതാണെന്ന് ലോകത്തിന്റെ മുമ്പില്‍ ഇന്ത്യ തെളിയിച്ചു.
'ഇപ്പോള്‍ നമുക്കു കിട്ടിയത് രാഷ്ട്രീയസ്വാതന്ത്ര്യം മാത്രമാണെന്നും ഇനി സാമ്പത്തികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ സ്വാതന്ത്ര്യങ്ങള്‍ നമ്മള്‍ സ്വയം നേടിയെടുക്കണമെന്നും മഹാത്മാഗാന്ധി 1947 ല്‍ത്തന്നെ ഇന്ത്യന്‍ജനതയെ ഓര്‍മിപ്പിച്ചിരുന്നു. രാഷ്ട്രപിതാവിന്റെ വാക്കുകള്‍ അപ്പാടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആ വഴിക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടെന്ന് അഭിമാനിക്കാന്‍ അവകാശമുണ്ട്.
സ്വാതന്ത്ര്യാനന്തരവര്‍ഷങ്ങളില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒരു ദരിദ്രരാജ്യമായിട്ടാണു കരുതപ്പെട്ടിരുന്നത്. ഭക്ഷ്യകാര്യത്തില്‍പ്പോലും നമുക്കു വലിയതോതില്‍ അന്യരാജ്യങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. 1959 ല്‍, ഭക്ഷ്യകാര്യത്തില്‍ ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഐസനോവര്‍ പ്രഖ്യാപിച്ച പി.എല്‍. 480 പദ്ധതിപ്രകാരം അറുപതുകളില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇതേ അറുപതുകളില്‍ത്തന്നെയാണ് വിഖ്യാത കാര്‍ഷികശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഹരിതവിപ്ലവം ആരംഭിച്ചത്. ഇതിന്റെ ഫലമായി ഇന്ത്യയിലെ ഭക്ഷ്യോത്പാദനം പതിന്മടങ്ങു വര്‍ദ്ധിക്കുകയും 1971 ല്‍ പി.എല്‍. 480 പ്രകാരമുള്ള സഹായം നമ്മള്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്തു.
ഇന്നു ഭക്ഷ്യോത്പാദനത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ പഠനമനുസരിച്ച് ഇപ്പോള്‍ ഇന്ത്യയിലെ ദാരിദ്ര്യനില ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്. സ്വാതന്ത്ര്യപ്രാപ്തിയുടെ നാളുകളില്‍ ഇത് 70 ശതമാനമായിരുന്നു. 75 വര്‍ഷംകൊണ്ടു നമ്മള്‍ ഭക്ഷ്യസ്വയംപര്യാപ്തതയിലെത്തിയിരിക്കുന്നു. ഇതത്ര ചെറിയ വളര്‍ച്ചയല്ലല്ലോ. ഇന്നു വേണമെങ്കില്‍ മറ്റു പല ദരിദ്രരാജ്യങ്ങളെയും ഭക്ഷ്യകാര്യത്തില്‍ സഹായിക്കാന്‍ ഇന്ത്യയ്ക്കു കഴിയും.
സാമ്പത്തികവളര്‍ച്ച
സാമ്പത്തികവളര്‍ച്ചയുടെ കാര്യത്തിലും നമ്മള്‍ ഒട്ടും പിന്നിലല്ല. സമ്പദ്ഘടനയുടെ വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണു നമ്മള്‍. സാമ്പത്തികശക്തി എന്ന നിലയില്‍ നമ്മുടെ സ്ഥാനം അഞ്ചാമതാണ്. അമേരിക്കയും റഷ്യയും ചൈനയും ജപ്പാനുമാണ് നമുക്കു മുന്നില്‍. എങ്കിലും, മഹാത്മഗാന്ധി ആഗ്രഹിച്ച സാമ്പത്തികസ്വാതന്ത്ര്യത്തിലേക്കു നമ്മള്‍ പ്രവേശിച്ചു എന്നു പറയാനാവില്ല. ആരും മറ്റൊരാളെ ആശ്രയിച്ചു ജീവിക്കുന്ന സാഹചര്യമില്ല എന്നാകുമ്പോഴേ ആ ലക്ഷ്യം നമുക്കു കൈവരിക്കാനാവൂ.
വിദ്യാഭ്യാസരംഗത്തും സ്വതന്ത്രഭാരതത്തിന്റെ കുതിച്ചുചാട്ടം അഭിമാനകരമാണ്. 1947 ല്‍ സ്വാതന്ത്ര്യം നേടുമ്പോള്‍ നമ്മുടെ സാക്ഷരതാനിരക്ക് 12 ശതമാനം മാത്രമായിരുന്നു. ഇന്നത് 77.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ അത് 100 ശതമാനമാണല്ലോ.
ഇന്ന് ഇന്ത്യയിലെ സര്‍വകലാശാലകളുടെ എണ്ണം 100 കവിഞ്ഞിരിക്കുന്നു. കോളജുകളുടെ എണ്ണം 45000 ത്തിലധികം. 542 മെഡിക്കല്‍ കോളജുകളും 23 ഐ.ഐ.ടികളും 2500 എഞ്ചിനീയറിങ് കോളജുകളും വേറേ. 
ഇന്നു മൂന്നുകോടി ഇരുപതുലക്ഷം ഇന്ത്യാക്കാര്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ഇത് ഇന്ത്യ നേടിയ വിദ്യാഭ്യാസവളര്‍ച്ചയുടെ സൂചകമാണ്. പ്രതിവര്‍ഷം വിദേശരാജ്യങ്ങളിലേക്ക് 25 ലക്ഷം പേര്‍ തൊഴില്‍ തേടിപ്പോകുന്നുമുണ്ട്. (ഇത് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ സൂചകമാണെന്നു നിഷേധാര്‍ത്ഥത്തില്‍ കാണേണ്ടതില്ല.) ഇപ്പോഴും നമ്മുടെ വിദ്യാഭ്യാസരംഗം ഏതൊരു ലോകരാഷ്ട്രത്തോടും കിടപിടിക്കത്തക്കവിധമുള്ള സത്വരവളര്‍ച്ച ആര്‍ജിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കണം.
സാംസ്‌കാരികനഷ്ടം
അപ്പോഴുമുണ്ട് ഒരു സംശയം. ഈ വിദ്യാഭ്യാസവളര്‍ച്ച നമ്മള്‍ നേടിയ വിദ്യാഭ്യാസസ്വാതന്ത്ര്യത്തിന്റെ സൂചകമായെടുക്കാമോ? അങ്ങനെയങ്ങ്, ഉറപ്പിച്ചുപറയാന്‍ കഴിയില്ല. മറിച്ചായിരുന്നെങ്കില്‍ നമ്മുടെ സാംസ്‌കാരികസ്വാതന്ത്ര്യവും ഒപ്പം യാഥാര്‍ത്ഥ്യമാകുമായിരുന്നു.
ഇതു സംഭവിക്കാതെപോയതിന് ഒരു കാരണമുണ്ട്. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ്, ഇന്ത്യയില്‍ ആധുനികവിദ്യാഭ്യാസം പ്രചരിപ്പിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റു തീരുമാനിച്ചപ്പോള്‍ ഒരു സംശയമുണ്ടായി. പൗരസ്ത്യരീതിയാണോ പാശ്ചാത്യരീതിയാണോ വേണ്ടത്? ഒടുവില്‍ 1834 ലെ മെക്കാളെയുടെ മിനിട്‌സിന്റെ അടിസ്ഥാനത്തില്‍ നറുക്കു വീണതു പാശ്ചാത്യരീതിക്കായിരുന്നു. അതുകൊണ്ടൊരു തരക്കേടുണ്ടായി. പാഠ്യപദ്ധതികളില്‍ പാശ്ചാത്യചരിത്രവും സംസ്‌കാരവും നിറഞ്ഞുതുളുമ്പി. ഇന്ത്യന്‍ സംസ്‌കാരവും ചരിത്രവും പടിക്കുപുറത്താവുകയും ചെയ്തു! 'രക്തത്തില്‍ ഇന്ത്യക്കാര്യം ആത്മാവില്‍ ഇംഗ്ലീഷുകാരു'മായ തലമുറയെന്നായിരുന്നു മെക്കാളെയുടെ പ്രഖ്യാപനം. ഫലമോ? ഇന്ത്യന്‍ പൈതൃകത്തില്‍ അഭിമാനം തെല്ലുമില്ലാത്ത നാടന്‍ സായ്പുമാരുടെ മേല്‍ക്കോയ്മ  ഇന്ത്യന്‍ ജനജീവിതത്തിലുണ്ടായി. 
ഇതിനു മാറ്റം വന്നാലേ വിദ്യാഭ്യാസം അടിസ്ഥാനഘടകമായി പ്രവര്‍ത്തിക്കേണ്ട സാംസ്‌കാരികസ്വാതന്ത്ര്യം കൈവരിക്കാന്‍ നമുക്കു കഴിയൂ. രാഷ്ട്രീയാഭിപ്രായഭേദങ്ങള്‍ മാറ്റിവച്ചുകൊണ്ടു പറയട്ടെ, പുതിയ ഇന്ത്യന്‍ വിദ്യാഭ്യാസനയത്തില്‍ ആ വഴിക്കുള്ള ഒരു വഴിമാറിനടക്കലിന്റെ സൂചന  കള്‍ കാണുന്നുണ്ട്. ശുദ്ധമായ         സാംസ്‌കാരികലക്ഷ്യത്തോടെയാണതു പ്രാവര്‍ത്തികമാകുന്നതെങ്കില്‍ പ്രതീക്ഷിക്കാനവകാശമുണ്ട്. 
ജനാധിപത്യപരാജയം
സ്വാതന്ത്ര്യത്തോടൊപ്പം നമുക്കു കൈവന്നതു മഹത്തായ ജനാധിപത്യസംവിധാനംകൂടിയാണ്. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ഭരിക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം നമുക്കു സമ്മാനിച്ചത്. അതുപക്ഷേ, ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചില്ല. ജനങ്ങളുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായി അഴിമതിയും സ്വജനപക്ഷപാതവും അപകടകരമായ പ്രാദേശികവാദവും ഒന്നുചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖം വല്ലാതെ വികൃതമായി. സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കാന്‍ ജനങ്ങള്‍ക്കു കഴിയാതെപോയി എന്നതാണു ദൗര്‍ഭാഗ്യകരം.
2021 ലെ ഒരു പഠനമനുസരിച്ച് 180 രാഷ്ട്രങ്ങള്‍ക്കിടയില്‍ അഴിമതിക്കാര്യത്തില്‍ ഇന്ത്യ 85-ാം സ്ഥാനത്തായിരുന്നു. 2009 ലെ ഒരു പഠനം വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന ഒരു വസ്തുത, നമ്മുടെ 542 പാര്‍ലമെന്റംഗങ്ങളില്‍ 120 പേര്‍ പലവിധത്തിലുള്ള അഴിമതിക്കേസുകളില്‍പ്പെട്ടിരുന്നു എന്നതാണ്. വേലിതന്നെ വിളവുതിന്നുന്ന അത്യന്തം അപകടകരമായ അവസ്ഥ!
രാജാക്കന്മാരുടെ ഭരണകാലത്ത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വ്യാപകമായിരുന്ന അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധതയും ജനാധിപത്യം കൈവരുമ്പോള്‍ ഇല്ലാതാകുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. പക്ഷേ, അനുഭവം അമ്പേ, കടകവിരുദ്ധമായിരുന്നു. ഭരണസംവിധാനത്തില്‍ അടിമുടി അഴിമതിയുടെ ദുര്‍ഗന്ധമാണു നമുക്കിന്നനുഭവപ്പെടുന്നത്. അധികാരം അഴിമതിക്കുള്ള മാര്‍ഗമായി പരിണമിച്ചതാണു പുതിയ പ്രതിഭാസം. കേന്ദ്രഭരണംമുതല്‍ താഴെത്തട്ടില്‍ ജനങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന പഞ്ചായത്തുതലംവരെ അഴിമതിയുടെ നീരാളിപ്പിടിത്തത്തിലാണ്.
അഴിമതിയുടെ വഴികള്‍
പദ്ധതികള്‍ വിഭാവനം ചെയ്യമ്പോള്‍ത്തന്നെ അഴിമതിക്കുള്ള പഴുതുകളും ഉറപ്പാക്കുന്നുവെന്നതാണു ഭയജനകം. നൂറുശതമാനംവരെ അധികച്ചെലവു വരാവുന്ന രീതിയിലാണ് പദ്ധതിച്ചെലവുകള്‍ കണക്കാക്കുന്നത്. അധികാരത്തിന്റെ ഭിന്നശ്രേണികളില്‍ അഴിമതി ഏറ്റക്കുറച്ചിലോടെ രാഷ്ട്രത്തിന്റെ പൊതുസ്വത്തു കവര്‍ന്നെടുക്കുന്നു.
അഴിമതി അനുവദിക്കില്ല, അഴിമതിക്കാരെ കര്‍ശനമായി ശിക്ഷിക്കും എന്നൊക്കെ മാറിമാറി വരുന്ന ഭരണസംവിധാനങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍, 'അഴിമതി ആഗോളപ്രതിഭാസമാണ്' എന്നു കൈകഴുകുന്ന അധികാരികളും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. അഴിമതിക്കു മരണശിക്ഷവരെ വിധിക്കുന്ന കമ്യൂണിസ്റ്റുചൈനയില്‍പ്പോലും അഴിമതി വ്യാപകമാണെന്നറിയുമ്പോള്‍ നമുക്കെങ്ങനെയാണ് ആശ്വസിക്കാന്‍ കഴിയുക?
പൊതുമുതലിന്റെ കാവല്ക്കാരായിരിക്കേണ്ടവര്‍തന്നെ അതിന്റെ അപഹര്‍ത്താക്കളായി മാറുന്ന ഹൃദയഭേദകമായ ദൃശ്യമാണ് ഇന്ത്യന്‍ പൊതുസ്ഥാപനങ്ങളും സംരംഭങ്ങളും വ്യാപകമായി തുറന്നിടുന്നത്. നമ്മുടെ ഭരണസംവിധാനമാകെ കുറുക്കന്മാര്‍ നടത്തുന്ന കോഴിഫാമായി മാറിക്കഴിഞ്ഞിരിക്കുന്നു!
മഹാത്മജിയെ മറന്നുപോയി!
രാഷ്ട്രപിതാവിന്റെ നിര്‍മലമായ ഉദ്‌ബോധനങ്ങളും പവിത്രമായ ജീവിതമാതൃകയും നമ്മള്‍ വിസ്മരിച്ചതാണു ദുരന്തകാരണമെന്നു പറയാം. അദ്ദേഹത്തിന്റെ ബലിദാനംപോലും നമുക്കിന്നു പഴങ്കഥയായിക്കഴിഞ്ഞിരിക്കുന്നു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ പ്രധാനമന്ത്രി നെഹ്‌റു പ്രവചിച്ചത്, 'വിളക്കു കെട്ടു, പക്ഷേ, വെളിച്ചം ഒരിക്കലും അണഞ്ഞുപോകില്ല' എന്നായിരുന്നു. എന്നാല്‍, പില്ക്കാല ഭരണാധികാരികള്‍ ആ വെളിച്ചംകൂടി മായ്ച്ചുകളയാന്‍ മത്സരിക്കുന്ന കാഴ്ചയാണു നമ്മള്‍ കണ്ടത്. മഹാത്മാഗാന്ധിക്കു മുകളില്‍ പലരെയും നിക്ഷിപ്തതാത്പര്യങ്ങളോടെ പ്രതിഷ്ഠിക്കാനുള്ള ആത്മനാശകമായ ശ്രമം  ചിലര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. 
1986 ല്‍ ഇന്ത്യാസന്ദര്‍ശനത്തിനെത്തിയ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ മഹാത്മജിയെപ്പറ്റി സാക്ഷ്യപ്പെടുത്തിയത്, 'ലോകത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഏകപരിഹാരം മഹാത്മാഗാന്ധിയാണ്' എന്നായിരുന്നല്ലോ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാംവാര്‍ഷികത്തില്‍ ഓരോ ഇന്ത്യക്കാരനും ആത്മാവില്‍ കുറിച്ചിടുന്ന ആദര്‍ശവാക്യം ഇതായിരിക്കട്ടെ: മഹാത്മജി നമുക്കുപദേശിച്ചു തന്ന മോക്ഷമാര്‍ഗമാണു സ്വാതന്ത്ര്യം.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)