•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

സത്യമറിയാത്ത സ്വാതന്ത്ര്യഘോഷങ്ങള്‍

  • ജസ്റ്റീസ് എബ്രാഹം മാത്യു
  • 13 August , 2020


     ഓഗസ്റ്റ് 15 - ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനം. പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗീയസ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനം. എല്ലാ വര്‍ഷവും ഇതു രണ്ടും നമ്മള്‍ ആഘോഷിക്കുന്നു. മറ്റൊരാളിലോ ശക്തിയിലോ ആശ്രയിക്കാതിരിക്കുകയും മറ്റൊരാളുടെ കീഴില്‍ അല്ലാതിരിക്കുകയുമെന്നുള്ളതാണ് പലപ്പോഴും സ്വാതന്ത്ര്യംകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, ഇതു തത്ത്വത്തിലോ പ്രയോഗത്തിലോ ശരിയല്ലെന്നു കാണാന്‍ വിഷമമില്ല. സ്വന്തം മനസ്സാക്ഷിയനുസരിച്ചുള്ള തിരഞ്ഞെടുപ്പിനും അതനുസരിച്ചു ജീവിക്കുന്നതിനുമുള്ള അവകാശമെന്നും സ്വാതന്ത്ര്യത്തിനൊരര്‍ത്ഥം കൊടുക്കാം. എന്നാല്‍, നിയമത്തിന്റെ നിയന്ത്രണത്തിനു വിധേയമല്ലാത്ത ജീവിതം അരാജകത്വത്തിലാണ്. 
സ്വാതന്ത്ര്യം സന്തോഷം നല്‍കുന്നുവെന്നു കരുതപ്പെടുന്നു. എന്നാല്‍, ഭൗതികജീവിതത്തിലെ സ്വാതന്ത്ര്യത്തില്‍നിന്നുള്ള അനുഭവവും ആത്മീയജീവിതത്തിലെ സ്വാതന്ത്ര്യത്തില്‍നിന്നുള്ള അനുഭവവും വ്യത്യസ്തമാണ്. ആദ്യത്തെതിനെ സന്തോഷമെന്നും രണ്ടാമത്തെതിനെ ആനന്ദമെന്നും പറയാം. ഇവ രണ്ടും ബന്ധങ്ങളിലൂടെയാണു വളരുന്നത്. ആദം ഏകനായിരുന്നപ്പോള്‍ മ്ലാനവദനനായിട്ടാണല്ലോ കാണപ്പെട്ടത്. ആ വിഷമത്തില്‍നിന്നു സ്വതന്ത്രനാകാനാണ് ദൈവം അവനു ഹവ്വയെ കൊടുത്തത്. ആ സ്വാതന്ത്ര്യം അവനു സന്തോഷം നല്‍കി. താമസിയാതെ അവന്റെയും അവളുടെയും ദൈവവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. ദൈവത്തിന്റെയടുത്ത് അവര്‍ക്കുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടതായി നാം പഴയനിയമത്തില്‍ വായിക്കുന്നു. ദൈവത്തില്‍നിന്ന് അവര്‍ ഒഴിഞ്ഞുമാറി. അവരുടെ ആനന്ദം നഷ്ടപ്പെട്ടു. ഇതിനര്‍ത്ഥം മനുഷ്യനും മനുഷ്യനും തമ്മിലുള്ള സ്വാതന്ത്ര്യത്തോടുകൂടിയ ബന്ധം സന്തോഷവും, മനുഷ്യനും ദൈവവുമായുള്ള ബന്ധം ആനന്ദവും പ്രദാനം ചെയ്യുന്നു എന്നുതന്നെ. ഇവ രണ്ടും ബന്ധങ്ങളിലൂടെ വേണം നേടാനും വളരാനും.
വെല്ലുവിളികളെ നേരിടാനും പ്രതിസന്ധികളെ തരണം ചെയ്യാനുമുള്ള കഴിവ് സ്വാതന്ത്ര്യത്തിന്റെ നിലനില്പിനത്യാവശ്യംതന്നെ. ആത്മീയത മതാന്ധതയ്ക്കു വഴിമാറിക്കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നുപോകുന്നത്. ശത്രുക്കളെക്കാളധികമാണ് മിത്രങ്ങളുടെ വേഷമണിഞ്ഞുവരുന്ന ശത്രുക്കള്‍. തെളിഞ്ഞിരിക്കുന്ന ശത്രുവിനെ ഭയപ്പെടേണ്ടതില്ല; എന്നാല്‍, ഒളിഞ്ഞിരിക്കുന്ന ശത്രു അപകടകാരിയാണ്. എന്നുവച്ചാല്‍, കപടമതേതരത്വവാദികളെ നമ്മള്‍ കൂടുതല്‍ ജാഗ്രതയോടെ നോക്കിക്കാണണം. അവരെ തിരിച്ചറിയാന്‍ വിഷമം വന്നേക്കും എന്നുള്ളതാണു കാരണം. അവര്‍ ഒരുക്കുന്ന ചതിക്കുഴിയില്‍ വീഴാതെ വിവേകത്തോടെ അവരെ കൈകാര്യം ചെയ്യണം. ഈ കപടമതേതരത്വവാദികള്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, സഭയിലും സമൂഹത്തിലും കാണപ്പെട്ടുതുടങ്ങി എന്നുള്ളതു ശ്രദ്ധേയമാണ്.
സ്വാതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗം ഇന്നു രാജ്യമെമ്പാടും പ്രകടമാണ്. ചിന്തിക്കാനുള്ള സ്വാതന്ത്ര്യംപോലും എടുത്തുകളയാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ നമ്മുടെ സ്വാതന്ത്ര്യത്തിനു ഭീഷണിയായി നില്ക്കുന്നു. മനുഷ്യനും മനുഷ്യനും, മതവും മതവും തമ്മിലുള്ള ബന്ധത്തിനു മാറ്റംവന്നുകഴിഞ്ഞു. ആറ്റം ഭിന്നിക്കുമ്പോഴുണ്ടാകുന്ന സ്‌ഫോടത്തിലും ശക്തിയേറിയതാണ് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ഭിന്നിപ്പുമൂലമുള്ള സ്‌ഫോടനം. മനുഷ്യബന്ധത്തിലുള്ള ഈ വിള്ളല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ നഷ്ടപ്പെടുത്തിക്കളയുമോ എന്നു ഭയപ്പെട്ടാല്‍ അതില്‍ തെറ്റുപറയാനാവില്ല. ഇന്നു കോടതികളില്‍ വരുന്ന കേസുകളില്‍ മുഖ്യമായിട്ടുള്ളത് സാമ്പത്തികകുറ്റങ്ങളും ലൈംഗികാതിക്രമങ്ങളുമാണ്. രാജ്യത്തു നിലനില്ക്കുന്ന സാമ്പത്തികപ്രതിസന്ധിയെക്കാള്‍ ഭയാനകമാണ് ഈ സംസ്‌കാരം ഉണ്ടാക്കുന്ന പ്രതിസന്ധി. സഭയും ഇതില്‍നിന്നു പൂര്‍ണമായും മോചനത്തിലാണെന്നു നമുക്കു പറയാനാവില്ല എന്ന സത്യം നമ്മള്‍ അംഗീകരിക്കണം.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഛിദ്രശക്തികള്‍ വെല്ലുവിളി ഉയര്‍ത്തുന്നതുപോലെതന്നെ സഭയ്ക്കുള്ളില്‍നിന്നും പുറത്തുനിന്നും ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണെ്ടന്നുള്ള യാഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കണം. ഇവരുടെ കാപട്യത്തെ തിരിച്ചറിഞ്ഞ് വിവേകപൂര്‍വ്വം പ്രതികരിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. മറ്റുള്ളവര്‍ക്കവകാശപ്പെട്ട സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കുന്നതുവഴിയാണ് അവര്‍ക്കും നമുക്കും സ്വാതന്ത്ര്യം അനുഭവവേദ്യമാകുന്നത്. സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഒരു ജനാധിപത്യവ്യവസ്ഥിതിയുടെ വിജയം ഭയംകൂടാതെ ജീവിക്കാന്‍ ജനതയ്ക്കു സാധിക്കുന്നതിലൂടെ മാത്രമേ കൈവരിക്കാനാകൂ. എന്നാല്‍, ഇന്നു ഭയവിഹ്വലരായിക്കഴിയുന്ന സമൂഹങ്ങള്‍ അനവധിയാണ് എന്നുള്ളതാണ് ദുഃഖസത്യം.
ക്രിസ്തു പ്രഘോഷിച്ചത് അടിച്ചമര്‍ത്തലില്‍നിന്നുള്ള മോചനവും ഭയത്തില്‍നിന്നുള്ള വിടുതലും സ്വാതന്ത്ര്യത്തിലേക്കുള്ള പ്രവേശനവുമാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തില്‍ ഒരു പുതിയ കാഴ്ചപ്പാട് നമുക്കു നല്കി. 
ജ്ഞാനസ്‌നാനത്തിലൂടെ സഭാംഗങ്ങള്‍ ആകുന്നതുവഴി ദൈവത്തെ 'പിതാവേ' എന്നു വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഉണെ്ടന്നു പഠിപ്പിച്ചു. പക്ഷേ, ഈ സ്വാതന്ത്ര്യം ആദത്തിന്റെ കാര്യത്തിലെന്നതുപോലെ ദൈവവുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോള്‍ നഷ്ടപ്പെട്ടുപോകുന്നു.
ക്രിസ്തുവിന്റെകൂടെ ഉണ്ടും ഉറങ്ങിയും കഴിഞ്ഞ യൂദാസ് ക്രിസ്തുശിഷ്യന്റെ സ്വാതന്ത്ര്യം അനുഭവിച്ചില്ല. ബൈബിളില്‍ ധൂര്‍ത്തപുത്രന്റെ ഉപമയിലെ മൂത്ത പുത്രനു പറ്റിയ അബദ്ധവും ഇതുതന്നെ. തന്റെ പിതാവിന്റെയടുത്ത് അവനുള്ള സ്വാതന്ത്ര്യം അവന്‍തന്നെ നിഷേധിച്ചു. അവന്‍ പിതാവിനോടു ചോദിക്കുന്നു: ''എത്ര വര്‍ഷമായി നിനക്കു ദാസ്യവേല ചെയ്യുന്നു'' (ലൂക്കാ 15:29). പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്യുമ്പോഴാണ് സ്വാതന്ത്ര്യം അനുഭവവേദ്യമാകുന്നത്. ''നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും'' (യോഹ. 8:32). സ്വാതന്ത്ര്യത്തിനും ചില നിയമങ്ങളുണെ്ടന്ന് ബൈബിള്‍തന്നെ പഠിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ നിയമത്തെക്കുറിച്ച് യാക്കോബിന്റെ രണ്ടാം ലേഖനത്തില്‍ 12-ാം വാക്യത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
നിശ്ചയിക്കപ്പെട്ട കാര്യം നിശ്ചയിക്കപ്പെട്ട രീതിയില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് നടക്കുവാന്‍ നിശ്ചയിക്കപ്പെട്ട ആളെ അനുവദിക്കുക എന്നതാണ് സ്വാതന്ത്ര്യത്തിന്റെ നിയമം എന്നു തോന്നുന്നു. പരിശുദ്ധ അമ്മ ദൈവഹിതം മനസ്സിലാക്കി, പൂര്‍ണമായും അവിടുത്തേക്കു വഴങ്ങിക്കൊടുത്തു. വരാനിരിക്കുന്ന വാളിനെപ്പറ്റി മുന്നറിയിപ്പുണ്ടായിട്ടും ദൈവത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുന്നതിനായി സ്വയം വിട്ടുകൊടുത്തു. ആ സ്വാതന്ത്ര്യത്തിനായി പ്രതിസന്ധികളെ ഏറ്റെടുത്തു. അതുകൊണ്ടുതന്നെ ദൈവസന്നിധിയില്‍ പുത്രന്റെയടുത്ത് ഏറ്റവും സ്വാതന്ത്ര്യമുള്ളത് നമ്മുടെ അമ്മയ്ക്കുതന്നെയാണ്. ഈ സ്വാതന്ത്ര്യമാണ് നമ്മള്‍ അമ്മയുടെ മധ്യസ്ഥത തേടുന്നതിന്റെ അടിസ്ഥാനം. അമ്മ നമ്മുടെ ആവശ്യങ്ങള്‍ സാധിച്ചുതന്ന് നമ്മുടെ വിഷമതയില്‍നിന്നും പ്രതിസന്ധിയില്‍നിന്നും നമ്മളെ സ്വതന്ത്രരാക്കുന്നു.
സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നുള്ള ക്രിസ്തുവിന്റെ വചനം നമ്മളെ ഓര്‍മ്മപ്പെടുത്തുന്നത്, സത്യം ഗ്രഹിക്കാതെ സ്വാതന്ത്ര്യം അനുഭവിക്കാന്‍ പറ്റില്ല എന്നുതന്നെയാണ്. പരിശുദ്ധ അമ്മയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ശ്ലീഹന്മാരില്‍ വന്നുനിറഞ്ഞ സത്യാത്മാവ് സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നമ്മളെ നയിക്കുന്നു. എന്നാല്‍, ഇന്ന് സത്യം അറിയാനുള്ള താത്പര്യം കാണിക്കാത്ത ചില മാധ്യമങ്ങളുടെ കൂടെയാണ് പലരും. അപവാദങ്ങള്‍ സത്യമായി അവതരിപ്പിക്കുമ്പോള്‍ സത്യം അറിയാന്‍ ശ്രമിക്കുകയോ അറിയുന്നതു വരെ കാത്തിരിക്കുകയോ ചെയ്യാതെ അതു വിശ്വസിക്കുകയും തങ്ങള്‍ സ്വതന്ത്രചിന്താഗതിക്കാരും പുരോഗമനവാദികളുമാണെന്നു കാണിക്കാനുള്ള വ്യഗ്രതയില്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നവര്‍ സഭയില്‍ത്തന്നെയുണെ്ടന്നുള്ളതു ഖേദകരമാണ്.
അതുകൊണ്ട്, രാജ്യത്തിന്റെ ഈ സ്വാതന്ത്ര്യദിനത്തില്‍, പരി. അമ്മയുടെ സ്വര്‍ഗ്ഗാരോപണദിനത്തില്‍, മറ്റുള്ളവരുമായുള്ള ബന്ധത്തില്‍, ദൈവവുമായുള്ള ബന്ധത്തില്‍ ഉണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിച്ച് ക്രിസ്തു വാഗ്ദാനം ചെയ്ത സ്വാതന്ത്ര്യം അനുഭവവേദ്യമാക്കാം. ഇടയനും ആടുകളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കി പരി. അമ്മ അനുഭവിച്ച സ്വാതന്ത്ര്യത്തിലേക്കു നടന്നുകയറാം. കപടമതേതരത്വവാദികളുടെ കെണിയില്‍പ്പെടാതെ വിവേകത്തോടെ പ്രവര്‍ത്തിച്ച് മറ്റുള്ളവര്‍ക്കു സ്വാതന്ത്ര്യം നിഷേധിക്കാതിരിക്കാം. സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)