•  2 May 2024
  •  ദീപം 57
  •  നാളം 8
ഉണ്ണീരിയമ്മ പറഞ്ഞ കഥ

റാബിസിനെ കീഴടക്കിയ കഥ

കുഞ്ഞുണ്ണിയും അമ്മാളുവും ജോണിക്കുട്ടിയും കഥ കേള്‍ക്കാന്‍ ഉണ്ണീരിയമ്മയുടെയടുത്തിരിക്കുമ്പോഴാണ് ഇട്ടിണ്ടാന്‍ ഓടി വരുന്നത്. അവന്‍ നന്നായി അണയ്ക്കുണ്ടായിരുന്നു.
''ഉണ്ണിയമ്മേ.. എന്നെ ഒരു പട്ടി ഓടിച്ചു.''
''പേപ്പട്ടിയാണോ ഇട്ടിണ്ടാനേ...?'' ജോണിക്കുട്ടി ചോദിച്ചു.
''പേപ്പട്ടി കടിച്ചിരുന്നെങ്കില്‍ ഇട്ടിണ്ടാന്റെ കാര്യം കുഴപ്പത്തിലായേനെ''- കുഞ്ഞുണ്ണി പറഞ്ഞു.
''എന്തു കുഴപ്പം?'' - ഉണ്ണീരിയമ്മ ഇടപെട്ടു.
''പണ്ടായിരുന്നു കുഴപ്പം. ഇപ്പോള്‍ പേവിഷബാധയ്ക്കു പ്രതിവിധിയുണ്ട്. റാബിസ് എന്ന ഒരുതരം വൈറസ് ആണ് പേവിഷബാധയ്ക്കു കാരണം.  റാബിസ് വൈറസിനെ പിടിച്ചുകെട്ടാന്‍ കഴിയാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അനേകായിരങ്ങളെയാണ് ഈ വൈറസ് മരണത്തിലേക്കു കൂട്ടിക്കൊണ്ടുപോയത്. പേവിഷബാധയേറ്റ ഒരാള്‍ക്ക്  ദുരിതവും തീവ്രവേദനയും ഏറ്റുവാങ്ങി മരണത്തിന് കീഴടങ്ങുക എന്നതു മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്. അതിഭീകരമായിരുന്നു പേവിഷബാധയേറ്റ ഒരാളുടെ  അന്ത്യം.അതുകൊണ്ടുതന്നെ പേവിഷബാധയ്ക്ക് വാക്‌സിന്‍ കണ്ടുപിടിച്ച ലൂയി പാസ്ചറുടെ കഥയാവട്ടെ ഇന്ന്.''
 എല്ലാവരും ഉണ്ണീരിയമ്മ പറയുന്നതു കേള്‍ക്കാന്‍ കാതുകള്‍ കൂര്‍പ്പിച്ചു.
പേവിഷബാധയേറ്റു മരണമടയുന്ന ആളുകളുടെ ദുരിതം കണ്ടാണ് ലൂയി പാസ്ചര്‍ വാക്‌സിന്‍ കണ്ടെത്തുവാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. പേവിഷബാധയേറ്റ ആളുകളുടെ മുറിവില്‍ ഇരുമ്പു പഴുപ്പിച്ചു വയ്ക്കുന്ന പ്രാകൃതമായ ചികിത്സയായിരുന്നു അക്കാലത്ത് നിലനിന്നിരുന്നത്. ഇത് അശാസ്ത്രീയമാണെന്ന് ലൂയി പാസ്ചര്‍ വാദിച്ചു.
 പേപ്പട്ടികളില്‍നിന്ന് ഉമിനീര്‍ ശേഖരിച്ച് അദ്ദേഹം പരീക്ഷണങ്ങള്‍ ആരംഭിച്ചു. മുയലുകളെയാണ് പരീക്ഷണത്തിനു വിധേയമാക്കിയത്. ഒരിക്കല്‍ ഒരു പേപ്പട്ടിയുടെ ഉമിനീര്‍ ശേഖരിക്കുവാന്‍ അതിസാഹസികമായ ഒരു കാര്യം ലൂയിപാസ്റ്റര്‍ ചെയ്തു. ഒരു ചെറിയ ഗ്ലാസ്ട്യൂബ് കൊണ്ട് പട്ടിയുടെ വായില്‍നിന്നു സ്വന്തം വായ ഉപയോഗിച്ച് ഉമിനീര്‍ വലിച്ചെടുത്തു. ചെറുതായൊന്നു പാളിയാല്‍ ഉമിനീര്‍ സ്വന്തം ശരീരത്തില്‍ എത്തി പേവിഷബാധയേറ്റു മരണപ്പെടുമായിരുന്നു. സ്വന്തം ജീവിതം വരെ പണയപ്പെടുത്തി ക്കൊണ്ടാണ് അദ്ദേഹം പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടത്. അവസാനം വാക്‌സിന്‍ അദ്ദേഹം കണ്ടെത്തി. മുയലുകളില്‍ വിജയകരമായി പരീക്ഷണം പൂര്‍ത്തിയായി. എങ്കിലും മനുഷ്യനിലേക്കു പരീക്ഷിക്കുവാന്‍ തുടങ്ങിയില്ല.
 അക്കാലത്താണ് ജോസഫ് മെയ്സ്റ്റര്‍ എന്ന കുട്ടിക്ക് പേവിഷബാധ ഏല്‍ക്കുന്നത്. തന്റെ കുഞ്ഞിന്റെ മരണം ഉറപ്പാണെന്ന് ആ മാതാപിതാക്കള്‍ വിശ്വസിച്ചു. മകന്റെ മരണം ദിവസങ്ങള്‍ക്കകം കണ്‍മുന്നില്‍ സംഭവിക്കാന്‍ പോകുന്നു. ലോകത്തെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ മാതാപിതാക്കള്‍ തങ്ങളാണെന്ന് അവര്‍ കരുതി. ജീവിതം കൈവിട്ടുപോയ നിമിഷങ്ങള്‍. അവസാനശ്രമം എന്ന നിലയില്‍ ആ മാതാപിതാക്കള്‍ ലൂയി പാസ്ചറിനെ സമീപിച്ചു. വാക്‌സിന്‍  കണ്ടെത്തിയെങ്കിലും അത് മനുഷ്യനിലേക്കു പ്രയോഗിച്ചു തുടങ്ങിയിരുന്നില്ല. മനുഷ്യശരീരം  ഈ വാക്‌സിനോട് എങ്ങനെ പ്രതികരിക്കും എന്നതും അറിയില്ല. ഏതായാലും വാക്‌സിന്‍ കുട്ടിയില്‍ പ്രയോഗിക്കുവാന്‍  അദ്ദേഹം തീരുമാനിച്ചു. പേവിഷബാധയാല്‍  മരണം ഉറപ്പായ സാഹചര്യത്തില്‍ വാക്‌സിന്‍ ഒന്നു പരീക്ഷിക്കുന്നതില്‍ എന്താണു തെറ്റ്? ഒരുപക്ഷേ അവന്‍ ജീവിതത്തിലേക്കു തിരിച്ചുവന്നേക്കാം. സഹപ്രവര്‍ത്തകരായുള്ള ശാസ്ത്രജ്ഞന്മാര്‍ ലൂയി പാസ്ചറിനെ എതിര്‍ത്തു. പക്ഷേ, ആ സാഹസികത ഏറ്റെടുക്കാന്‍ അദ്ദേഹം തയ്യാറായി. ജോസഫ് മെയ്സ്റ്ററിന്റെ ശരീരത്തില്‍ വാക്‌സിന്‍ കുത്തിവച്ചു.
ഒടുവില്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത പരന്നു. ജോസഫ് മെയ്സ്റ്റര്‍ ജീവിതത്തിലേക്കു തിരിച്ചു വന്നിരിക്കുന്നു. റാബിസ് വൈറസ് നിരുപാധികം കീഴടങ്ങിയിരിക്കുന്നു.
 ജോസഫ് മെയ്സ്റ്ററെ മാത്രമല്ല ആയിരങ്ങളെയാണ് വാക്‌സിന്‍ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.
''ഹാവൂ സമാധാനമായി! ഇനിയിപ്പോള്‍ പട്ടി ഓടിച്ചാലും പേടിക്കണ്ടല്ലോ. അങ്ങേര് ഒരു സംഭവം തന്നെ''- ഇട്ടിണ്ടാന്‍ പറഞ്ഞു.
എല്ലാവര്‍ക്കും ചിരി പൊട്ടി.

 

Login log record inserted successfully!