മഹാബലിപുരം: ലോകചെസ് ഒളിമ്പ്യാഡിനോടനുബന്ധിച്ചു നടന്ന ഫിഡേ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ ലോക ചെസ് ഫെഡറേഷന്റെ അംഗീകാരം മലയാളിക്കും. ''ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍''(റഫറി) എന്ന ടൈറ്റില്‍ മലയാളിയായ ജിസ്‌മോന്‍ മാത്യുവിനു നല്കാന്‍ ലോകചെസ് ഫെഡറേഷന്‍ തീരുമാനിച്ചു. എല്ലാ നോമുകളും ജിസ്‌മോന്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഫെഡറേഷന്‍ വിലയിരുത്തി. ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റുകള്‍, ലോകചെസ് ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയില്‍ ചീഫ് ആര്‍ബിറ്ററാകാനുള്ള യോഗ്യതയാണു ജിസ്‌മോനു ലഭിച്ചത്.
ലോകചെസ് ഫെഡറേഷന്റെ ഫിഡേ ആര്‍ബിറ്റര്‍ ടൈറ്റില്‍ ആദ്യമായി കേരളത്തില്‍ എത്തിയത് ജിസ്‌മോന്‍ വഴിയായിരുന്നു. ചെസ് അസോസിയേഷന്‍ കേരളയുടെ ആദ്യഫിഡേ ആര്‍ബിറ്റര്‍. ലോകയൂത്ത് ഒളിമ്പ്യാഡ്, കോമണ്‍വെല്‍ത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ്, ഗീതം വിസാഗ് ഗ്രാന്‍ഡ്മാസ്റ്റര്‍ ചെസ് എന്നീ മത്സരവേദികളില്‍ കഴിവു തെളിയിച്ച് തനിക്കാവശ്യമായ നോമുകള്‍ കരഗതമാക്കാന്‍ ജിസ്‌മോനു പത്തുവര്‍ഷം നീക്കിവയ്‌ക്കേണ്ടി വന്നു.
പത്താക്ലാസ്സില്‍ പഠിക്കുമ്പോഴാണു ജിസ്‌മോന്‍ യാദൃച്ഛികമായി ചെസ് ലോകത്ത് എത്തിയത്. വീടിനു സമീപത്തെ ചെറിയ കടയില്‍നിന്നു തുടങ്ങിയ കരുനീക്കം ചുരുങ്ങിയവര്‍ഷങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്രറേറ്റിംഗ് നേടുന്ന കളിക്കാരനിലെത്തി.
ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ കരാട്ടേയില്‍ ബ്ലാക്ക് ബെല്‍റ്റ് വരെ പഠിച്ച ജിസ്‌മോന്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പുകളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. വലിയകുമാരമംഗലം (മൂന്നിലവ്) സെന്റ് പോള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതശാസ്ത്രാധ്യാപകനാണ്. തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളില്‍ അധ്യാപികയായ ഭാര്യ ജിനുമോള്‍ ചെസില്‍ ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററായത് അടുത്ത കാലത്താണ്. മകന്‍ ഒലീവിയോ ജിസ്‌മോന്‍.