കൊച്ചി: തുറമുഖവികസനത്തിന്റെ പേരില്‍ വിഴിഞ്ഞത്തിനു സമീപത്തെ തീരപ്രദേശങ്ങളില്‍നിന്നും, പരമ്പരാഗതമായ ജീവനോപാധികളില്‍നിന്നും തീരദേശജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശലംഘനമാണ്. തുറമുഖവികസനത്തിന്റെ ഭാഗമായ നിര്‍മിതികളെത്തുടര്‍ന്നുള്ള പാരിസ്ഥിതികാഘാതവും അതിന്റെ പരിണതഫലമായി പതിനായിരക്കണക്കിനു സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തരപരിഗണന അര്‍ഹിക്കുന്നതാണ്. ഇത്തരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍മൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതിനാശം ന്യായീകരണമര്‍ഹിക്കുന്നതല്ല. കിലോമീറ്ററുകളോളം ഭാഗങ്ങളില്‍ തീരം ഇല്ലാതാവുകയും കടല്‍ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ വികസന വിരോധികള്‍ എന്നു മുദ്രകുത്തി അപമാനിക്കാനുള്ള സംഘടിതശ്രമങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.
കുറെ വര്‍ഷങ്ങളായി വിഴിഞ്ഞം തുറമുഖ നിര്‍മാണം അനുബന്ധിച്ച് തദ്ദേശീയര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ പരിഗണിക്കാനുള്ള വൈമുഖ്യം ജനാധിപത്യവ്യവസ്ഥിതിക്കുതന്നെ അപമാനകരമാണ്. ദിവസങ്ങളോളമായി നടന്നുവരുന്ന സമരത്തിനൊടുവില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ ശുഭകരമായ സമീപനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതും, മുഖ്യമന്ത്രിയുമായി ചര്‍ച്ച തീരുമാനിക്കപ്പെട്ടതും അഭിനന്ദനാര്‍ഹമാണ്. എങ്കിലും, വര്‍ഷങ്ങളായുള്ള പല വാഗ്ദാനങ്ങളും ഇതുവരെ നിറവേറ്റപ്പെടുകയോ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍വാഗ്ദാനങ്ങള്‍ നടപ്പാകാത്തിടത്തോളംകാലം സമരം തുടരുമെന്ന നിലപാടാണ് സമരസമിതി സ്വീകരിച്ചിരിക്കുന്നത്.
ഈ ഘട്ടത്തില്‍ നിലനില്പിനുവേണ്ടി പോരാടുന്ന തീരദേശവാസികള്‍ക്കും അവരുടെ പോരാട്ടത്തിനു നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്കും കേരള കത്തോലിക്കാമെത്രാന്‍ സമിതി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.
ജനങ്ങളുടെ അതിജീവനപോരാട്ടങ്ങളോടു ജനാധിപത്യപരവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണം. എല്ലാ പൗരന്മാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം പ്രതിബദ്ധതയോടെ നടപ്പാക്കാനും പരിസ്ഥിതിക്കു കോട്ടം സംഭവിക്കാതെ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ഭരണസംവിധാനങ്ങള്‍ക്കു കഴിയണമെന്നും കേരളകത്തോലിക്കാമെത്രാന്‍ സമിതി ആവശ്യപ്പെട്ടു.