•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ഒരുമയുടെ ഓണം ഓര്‍മകളാകുമ്പോള്‍

  • പ്രഫ. എം.കെ. സാനു
  • 8 September , 2022

മലയാളികളുടെ ദേശീയോത്സവമായ തിരുവോണം കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള മലയാളികള്‍ക്കും ഉത്സവമായാണ് അനുഭവപ്പെടുന്നത്. കേരളത്തിനു വെളിയിലുള്ളവരും അകത്തുള്ളവരെപ്പോലെതന്നെ കോടിവസ്ത്രം ധരിക്കുകയും ഓണത്തിന്റേതായ സദ്യയൊരുക്കി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. കോടിയുടുക്കുന്ന സമ്പ്രദായം പോലും അവര്‍ മാറ്റിയിട്ടില്ല. ഏതോ ഒരു ഐതിഹ്യത്തെ ആസ്പദമാക്കിയാണെങ്കിലും ഇപ്രകാരം കേരളീയപ്രകൃതിയുടെ മനോഹാരിത മുഴുവന്‍ ഒത്തിണങ്ങുന്ന ഒരു ഉത്സവദിനം ലോകത്തില്‍ ചുരുക്കംചില ജനവിഭാഗങ്ങള്‍ക്കുമാത്രമേ ലഭിക്കാറുള്ളൂ. അയല്‍ക്കാര്‍ തമ്മില്‍ സ്‌നേഹത്തോടെ സഹകരിക്കുകയും വിശിഷ്ടമായ പാരസ്പര്യം സ്ഥാപിക്കുകയും ചെയ്യുന്ന ദിനംകൂടിയാണ് തിരുവോണം.

എന്റെ നാട്ടിന്‍പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രമാണുണ്ടായിരുന്നത്. അവര്‍ ഒരുമിച്ചുചേര്‍ന്നാണ് ഓണക്കളികള്‍ പലതും നടത്തുന്നത്. വീടുകള്‍തോറും ഊഞ്ഞാലുണ്ടാകും. അതോടൊപ്പംതന്നെ, തെങ്ങിന്റെ ഉയരങ്ങളില്‍നിന്നാരംഭിക്കുന്ന ആലാത്ത് എന്ന വലിയ ഊഞ്ഞാലും ഉണ്ടായിരിക്കും. അതില്‍ രണ്ടുമൂന്നുപേര്‍ ഒരുമിച്ചിരുന്ന് ആടുകയും ചെയ്യും. രാത്രികാലങ്ങളില്‍ നിലാവും  നിഴലും ഇടകലര്‍ന്നു സ്വപ്‌നാത്മകമായിത്തീര്‍ന്ന അന്തരീക്ഷത്തില്‍ ആലാത്തില്‍നിന്നുയരുന്ന സംഗീതം ദേശവാസികളെല്ലാവരും ഒരുപോലെ ആസ്വദിച്ചിരുന്നു. ഇതുകൂടാതെ പലതരം കളികള്‍ വേറെയുമുണ്ട്.
രാത്രികാലങ്ങളില്‍ തുമ്പിതുള്ളല്‍ പ്രധാനമായിരുന്നു. പെണ്‍കുട്ടികളെ ഒരു പീഠത്തിനു ചുറ്റും  പിടിച്ചിരുത്തി, പാട്ടുകള്‍ പാടി അവരില്‍ തുമ്പി ആവേശിച്ചതായ ബോധം സൃഷ്ടിക്കുന്നു. ആ അര്‍ദ്ധബോധാവസ്ഥയില്‍ പെണ്‍കുഞ്ഞുങ്ങള്‍ ഒരു പീഠത്തെ വലംവച്ചു ചുറ്റുകയും ഒടുവില്‍ മോഹാലസ്യത്തില്‍ അലിയുകയും ചെയ്യുന്നു. ഇതാണ് തുമ്പിതുള്ളല്‍. ഇതു നടക്കുമ്പോള്‍ത്തന്നെ തൊട്ടയല്‍വീടുകളില്‍ വട്ടക്കളി ഉണ്ടായിരിക്കാം. തിരുവാതിരകളിയും ഉണ്ടായിരിക്കാം. ഇത്തരം കളികളില്‍ പ്രായഭേദമെന്യേ എല്ലാവരും പങ്കുചേരുന്നു.
പലഹാരങ്ങള്‍ പരസ്പരം കൈമാറുന്ന ഹൃദ്യമായ കാഴ്ചയും അന്നു കാണാമായിരുന്നു. അവിടെയും മതവ്യത്യാസമില്ല. കുഞ്ഞുങ്ങള്‍ കോടിയുടുക്കുന്ന സമ്പ്രദായവും  അന്നുണ്ടായിരുന്നു.
ഇപ്രകാരം, ഈശ്വരചൈതന്യത്താല്‍ വിശുദ്ധി  നേടിയവരായി പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിതത്തിന് മനുഷ്യര്‍ അര്‍ത്ഥം നല്കുന്ന കാഴ്ചയാണ് അന്നു കണ്ടുപോന്നിരുന്നത്. ഇന്ന് അസ്തമിച്ചുപോയ ഒരു സ്വപ്‌നത്തിന്റെ സ്മരണപോലെ ആ ഓര്‍മകള്‍ എന്നെ തഴുകുന്നു എന്നുമാത്രം.
ഇന്നു ഞാന്‍ കാണുന്നത് തിരുവോണത്തിന്റെ കമ്പോളവത്കരണംമാത്രമാണ്. ആരും നാടന്‍ പലഹാരങ്ങള്‍പോലും അവരവരുടെ വീടുകളില്‍ ഉണ്ടാക്കാറില്ല. കളികളൊന്നും നടക്കുന്നില്ല. പരസ്പരം സഹോദരഭാവേന ഒരുമിച്ചുചേര്‍ന്ന് ഒരു വിശുദ്ധദിനം കൊണ്ടാടുന്നതിന്റെ രംഗങ്ങളില്ല. യാന്ത്രികമായ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും അവിടവിടെ നടന്നുപോരുന്നു എന്നുമാത്രം. യഥാര്‍ത്ഥമായ പൂവിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് പൂവ് പ്രത്യക്ഷപ്പെടുന്നതുപോലുള്ള ഒരു മാറ്റമായിട്ടാണ് ഈ കാലഘട്ടത്തിലെ ഓണം എന്റെ മനസ്സില്‍ അനുഭവപ്പെടുന്നത്.
ചിന്തിക്കാനാരംഭിച്ച കാലംമുതല്‍ മനുഷ്യരെല്ലാവരും താലോലിക്കുന്ന ഒരു സ്വപ്‌നമാണ് സമത്വത്തിന്റെയും സമൃദ്ധിയുടെയുമായ ഒരു സമൂഹം. ആ സമൂഹത്തെ സംബന്ധിക്കുന്ന സങ്കല്പമാണ് തിരുവോണദിനത്തിന് ആധാരമായ ഐതിഹ്യമുള്‍ക്കൊള്ളുന്നത്. അതു പ്രചോദകമാണ്. അതേസമയം, മനുഷ്യസാഹോദര്യത്തിനുവേണ്ടി പ്രയത്‌നിച്ച ജീവിതത്തെ അര്‍ത്ഥപൂര്‍ണമാക്കാന്‍ ആഹ്വാനം നല്‍കുന്നതുമാണ്.
മഹാബലിയും മഹാവിഷ്ണുവുമാണ് ഐതിഹ്യത്തിലെ മുഖ്യകഥാപാത്രങ്ങളെന്നു നമുക്കറിയാം. മഹാവിഷ്ണുവിന്റെ ചവിട്ടേറ്റ് മാവേലി പാതാളത്തിലേക്കു നിഷ്‌കാസിതനാവുകയാണ്. എന്തു കാരണത്താലാണ് വിഷ്ണുപാദങ്ങള്‍  മാവേലിയുടെ നിറുകയില്‍ പതിഞ്ഞത്? അഴിമതിയില്ലാത്ത, കള്ളവും കളവുമില്ലാത്ത സമത്വസുന്ദരമായ ഒരു ഭരണം നടപ്പാക്കിയതിന്റെ പേരിലാണത്. നാം ഓരോ വര്‍ഷവും ഓര്‍മിക്കുന്നത് ജയിച്ച മഹാവിഷ്ണുവിനെയല്ല, നിഷ്‌കാസിതനായ മഹാബലിയെയാണ്. അതിന്റെ അര്‍ത്ഥം വളരെ ലളിതമാണെന്നു ഞാന്‍ വിചാരിക്കുന്നു. ധര്‍മത്തിനുവേണ്ടി പരാജയം വരിക്കുന്നതിലാണ് അധര്‍മത്തിലൂടെ വിജയം വരിക്കുന്നതിനെക്കാള്‍ മഹനീയതയുള്ളത് എന്നാണ് അതിന്റെ അര്‍ത്ഥം. ആ അര്‍ത്ഥം ജീവിതത്തില്‍ സൂക്ഷിക്കാവുന്ന നിലയ്ക്ക് നമുക്ക് നമ്മുടെ സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും ആദര്‍ശാധിഷ്ഠിതമായ സമീപനം എക്കാലത്തും അവലംബിക്കാവുന്നതും ലോകത്തിനു മാതൃകയാക്കാവുന്നതുമാണ്. ഈ സന്ദേശമാണ് തിരുവോണം ഓര്‍മിപ്പിക്കുന്നതെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)