കൊച്ചി: സീറോ മലബാര്‍ സഭയില്‍ മൂന്നു പുതിയ സഹായമെത്രാന്മാരെക്കൂടി നിയമിച്ചു. ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി മോണ്‍. ജോസഫ് കൊല്ലംപറമ്പിലിനെയും മോണ്‍. തോമസ് പാടിയത്തിനെയും മാനന്തവാടി രൂപതയുടെ സഹായമെത്രാനായി മോണ്‍. അലക്‌സ് താരാമംഗലത്തിനെയുമാണ് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചത്.
സീറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് പുതിയ മെത്രാന്മാരെ തിരഞ്ഞെടുത്തത്. മാര്‍പാപ്പായുടെ അനുമതി വത്തിക്കാന്‍ സ്ഥാനപതി വഴി ലഭിച്ച ശേഷമായിരുന്നു നിയമനപ്രഖ്യാപനം. സിനഡിന്റെ സമാപനദിവസം സിനഡുപിതാക്കന്മാരുടെ സാന്നിധ്യത്തില്‍ നിയുക്തമെത്രാന്മാരുടെ പ്രഖ്യാപനം നടന്നു. ജര്‍മനിയിലായിരിക്കുന്ന മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. അലക്‌സ് താരാമംഗലം ചടങ്ങില്‍ സന്നിഹിതനായിരുന്നില്ല.
ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി നിയുക്തരായിരിക്കുന്ന മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, മോണ്‍. തോമസ് പാടിയത്ത് എന്നിവരെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് അരപ്പട്ടയും സ്ഥാനചിഹ്നങ്ങളും അണിയിച്ചു. മെത്രാഭിഷേകത്തീയതി പിന്നീടു നിശ്ചയിക്കും.