•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

കുഞ്ചെറിയായുടെ സ്വാതന്ത്ര്യം

  • നിഷ ആന്റണി
  • 8 September , 2022

തന്റെ സാമ്രാജ്യമായ നീളന്‍ വരാന്തയില്‍ കരിവീട്ടികൊണ്ടു കടഞ്ഞെടുത്ത ചാരുകസേരയിലിരുന്ന് മുറ്റത്തു പെയ്യുന്ന മഴ കാണുകയായിരുന്നു കുഞ്ചെറിയ. ഈ തിണ്ണയും വരാന്തയും എന്റെയാകുന്നു, എന്റെ മാത്രമാകുന്നു എന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഇടയ്ക്കിടെ കൊച്ചുമക്കളുടെ വായില്‍നിന്ന്  ഉയര്‍ന്നു കേള്‍ക്കുന്ന ജെന്‍ഡര്‍ ഇക്ക്വാളിറ്റി, ഹ്യൂമന്‍ റൈറ്റ്‌സ്, പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് തുടങ്ങിയ ഭാരപ്പെട്ട വാക്കുകള്‍ തനിക്കു വിനയാകാതിരിക്കാനും കുഞ്ചെറിയ വരാന്തസന്ദര്‍ശനം ദിവസത്തില്‍ ഒരു പത്തു വട്ടം നടത്തിപ്പോ ന്നു.
''അപ്പാപ്പന്റെ ഈ ലോങ് ചെയറില്‍ എല്ലാരും സിറ്റ് ചെയ്താല്‍ എന്താ പ്രോബ്ലം?'' കൊച്ചുമകന്‍ ഗീവസ് ഇടയ്ക്കിടെ അതില്‍ കയറിയിരിക്കാനുള്ള  അവകാശവാദം ഉന്നയിച്ചുകൊണ്ടിരുന്നു.
''എന്നിട്ടുവേണം ഇവിടെനിന്നുകൂടി എന്നെ പറഞ്ഞയയ്ക്കാന്‍.''
പ്രായാധിക്യത്തില്‍ അന്യാധീനമായിപ്പോയ സ്വന്തം മണ്ണിനെ നോക്കി അയാള്‍ മനസ്സില്‍ പറഞ്ഞു. ഓരോന്നോര്‍ത്തു കിടക്കുമ്പോഴാണ് മോളിക്കുട്ടി സ്‌കൂളില്‍നിന്നു വന്നു കയറിയത്.
''മഴച്ചാറ്റലുകൊണ്ട് ഇവിടെ ഇരിക്കരുതെന്ന് അപ്പനോടു പറഞ്ഞിട്ടില്ലേ. അതെങ്ങനാ പറഞ്ഞാ കേക്ക്വോ? വലിവു കൂടിയാല്‍ മോന്‍ അമേരിക്കേന്ന് എത്തൂല നോക്കാന്‍. ഈ ഞാനേയുള്ളൂ.'' മരുമകളുടെ സുവിശേഷവായനയില്‍ കുഞ്ചെറിയാ തോറ്റെണീറ്റ് അകത്തേക്കു നടന്നു.
''ആ.... അപ്പനോട് ഒരു കാര്യം പറയാനുണ്ട്.'' മോളിക്കുട്ടി കുട മടക്കി പെരയ്ക്കാത്തു കയറി.
കുഞ്ചെറിയാ തിരിഞ്ഞുനിന്നു.
''എന്നതാ?''
''അതേയ്, സ്വാതന്ത്ര്യദിനത്തിന്റന്ന് എന്റെ സ്‌കൂളീന്ന് കൊറച്ച് സാറമ്മാര് അപ്പനെ ഇന്റര്‍വ്യൂ ചെയ്യാനും, ആദരിക്കാനുമൊക്കെ വരുന്നുണ്ട്. അന്ന് കൊറച്ചു വൃത്തീം മെനേമൊള്ള വേഷോം ഇട്ടോണ്ടിരുന്നോണം.''
''അതെന്നാടി മോളിക്കുട്ടീ ഇപ്പോ ഒരു പ്രത്യേകത?''
''ചേനക്കരേല് സ്വാതന്ത്ര്യ സമരസേനാനീന്നു പറയാന്‍ അപ്പന്‍ മാത്രേ ഉള്ളൂ. അങ്ങനൊള്ളോരെ അന്ന് ആദരിക്കണംന്നാ എല്ലാരുടേം തീരുമാനം.''
കുഞ്ചെറിയായ്ക്ക് രണ്ടു ദിവസം വലിവേ ഉണ്ടായില്ല. വാര്‍ദ്ധക്യക്ലേശങ്ങളൊക്കെ മറന്ന് അയാള്‍  എന്തൊക്കെയോ സ്വപ്നം കണ്ടു.
താന്‍ ഏറ്റവും പുതിയ ഡ്രസ്സ് ധരിക്കുന്നത്, കാറ്റും വെളിച്ചവുംകൊണ്ട് ചേനക്കരയുടെ ഗ്രാമവഴികളിലൂടെ നടക്കുന്നത്. എല്ലാവരുടെയും സ്‌നേഹമേറ്റുവാങ്ങി ചെറുതെങ്കിലും തന്റെ  സമരകാലത്തെക്കുറിച്ചു പറയുന്നത്, ആദരമേറ്റു വാങ്ങുന്നത്. ഏറ്റവുമവസാനം  മധുരമിട്ട കാപ്പിയും കടിയും കഴിക്കുന്നത്. ഇതിനൊക്കെ പുറമേ കുഞ്ചെറിയായെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് അന്നെങ്കിലും മത്തനേം, ഗീവറീതിനേം കാണാല്ലോ എന്നുള്ളതായിരുന്നു.
മഴ പെയ്‌തൊഴിഞ്ഞ ദിവസങ്ങള്‍ക്കവസാനം സ്വാതന്ത്ര്യദിനം വന്നു. 
കുഞ്ചെറിയാ വേലക്കാരിയോടു പറഞ്ഞ് ചൂടുവെള്ളമനത്തിച്ചു.
പിണ്ണതൈലം തേച്ചുഴിഞ്ഞ് കുളിച്ചു. ഇന്ന് വലിവുണ്ടാകരുത്. പ്രസംഗിക്കേണ്ടതാണ്. ഓട്‌സ് ചൂടുപാലിലിളക്കി കഴിച്ചു. വെള്ളഷര്‍ട്ടും മുണ്ടും ധരിച്ച് പ്രൗഢിയോടെ ചാരുകസേരയിലിരുന്നു. എത്രകാലംകൊണ്ടാണ് ഇന്ന് പുറത്തേക്കിറങ്ങുന്നത്!
വൈകാതെതന്നെ ഒരുപറ്റം ആള്‍ക്കാര്‍ നടകയറി വരുന്നത് കുഞ്ചെറിയാ കണ്ടു. 
അവര്‍ ചുറ്റുമിരുന്ന് കുറെ ചോദ്യങ്ങള്‍ ചോദിച്ചു.
കുഞ്ചെറിയാ ചരിത്രം പറഞ്ഞു.
കനലു പൊള്ളണ കഥകള്‍ വിളമ്പി. വൃദ്ധനുണര്‍ന്നു യുവാ വായി.
കുഞ്ചെറിയായുടെ തിമിര്‍പ്പ് കണ്ടൊരു കുട്ടി ചോദിച്ചു:
''എന്താപ്പാപ്പാ സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍?''
''സ്വാതന്ത്ര്യന്നു പറഞ്ഞാല്‍ ദേ, ഇങ്ങനെയിരുന്ന് മനസ്സു തൊറന്ന് വര്‍ത്താനം പറേണം. കാറ്റും  വെയിലുംകൊണ്ട് നമ്മടെ ചേനക്കരേക്കൂടെ നടക്കണം. എടയ്‌ക്കൊന്ന് നെലാവു കണ്ട് പൂതമ്പാറേടെ മോളിക്കിടന്ന് ഒന്നു കൂവണം. അതല്ലാണ്ടിപ്പോ എന്നാ സ്വാതന്ത്ര്യവാ മനുഷ്യനു വേണ്ടേ?''
കുഞ്ചെറിയാ എന്തൊക്കെയോ ഓര്‍ത്തു പറഞ്ഞു.
''അപ്പനെ അധികം സംസാരിപ്പിക്കണ്ട.''
മോളിക്കുട്ടി കരുതലുള്ളവളായി.
''എന്നാപ്പിന്നെ ചടങ്ങ് നടത്താലേ.'' അതിഥിസമൂഹം സജ്ജരായി. അവര്‍ കുഞ്ചെറിയായെ പെട്ടെന്ന് പൊന്നാടയണിച്ചു.
വൃദ്ധന്‍  സംശയിച്ചു നിന്നു.
ചേനക്കരയില്‍ വെച്ചല്ലേ പരിപാടി?
നിഷ്‌കളങ്കമായി കുഞ്ചെറിയാ ചോദിച്ചു.
''യ്യോ ഇത്രേം പ്രായമായ അപ്പാപ്പനെ ബുദ്ധിമുട്ടിക്കാനോ? ഇത് ലൈവായി എല്ലാരും കണ്ടോണ്ടിരിക്കുവല്ലേ. മോളിക്കുട്ടിറ്റീച്ചറ് ഇതിന്റെ വീഡിയോ അപ്പാപ്പനെ  കാണിച്ചുതരും.''
കാറ്റ്. നടത്തം. ചേനക്കരയിലെ ഗ്രാമവഴികള്‍.
കുഞ്ചെറിയായ്ക്ക് പെട്ടെന്ന് വലിവ് അനുഭവപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെയും പാരതന്ത്ര്യത്തിന്റെയും ഇടയിലുള്ള ദൂരത്തിലിരുന്ന് അയാളുടെ സ്വപ്നങ്ങള്‍  കിതച്ചുതുടങ്ങി.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)