•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

കടമെടുത്തു കാര്യം നടത്തി എത്രകാലം?

ശ്വസിക്കാം, ട്രഷറി അടച്ചിടില്ല. പക്ഷേ, അടച്ചതിനു സമമാകും കാര്യങ്ങള്‍. വിഷയം കേരളത്തിന്റെ ധനനിലയാണ്. പ്രതീക്ഷിച്ച വരുമാനമില്ല. ചെലവ് നേരത്തേ കണക്കാക്കിയതിലും കൂടുതലായി. എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും? ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉത്തരം കിട്ടാതെ വിഷമിക്കുന്നു. കുറ്റം മുഴുവന്‍ അദ്ദേഹത്തിന്റേതാണെന്നു പറയാനാവില്ല. ഈ സമയത്ത് ആരു ധനമന്ത്രിയായിരുന്നാലും ഇതുതന്നെ ഗതി.

വലിയ വിടവ്
പ്രശ്‌നം അപഗ്രഥിച്ചുനോക്കുക. കേരളത്തിന്റെ ബജറ്റില്‍ പ്രതീക്ഷിച്ചതില്‍ 23,000 കോടി രൂപയുടെ കുറവുണ്ടാകും എന്നു ഗവണ്മെന്റ് പറയുന്നു. കേന്ദ്രത്തില്‍നിന്നു കിട്ടേണ്ടതും കേന്ദ്രാനുമതി ആവശ്യമുള്ളതുമായ തുകകള്‍ ചേര്‍ന്നാണിത്. മൊത്തം 1,73,582 കോടി രൂപ ചെലവു കണക്കാക്കുന്നതാണു ബജറ്റ്. ഇതില്‍ 23,000 കോടി കുറയുമ്പോള്‍ പരിഹാരം എളുപ്പമല്ല. കുറവ് വരുന്നത് മൂന്നു കാര്യങ്ങളിലാണ് എന്നു മന്ത്രി പറയുന്നു. ഒന്ന്: റവന്യുക്കമ്മി നികത്താന്‍ പതിനഞ്ചാം ധനക്കമ്മീഷന്റെ അവാര്‍ഡുപ്രകാരം തന്നിരുന്ന തുകയില്‍ 7000 കോടി രൂപ കേന്ദ്രം കുറച്ചു. രണ്ട്: ജിഎസ്ടി നഷ്ടപരിഹാരം ജൂലൈ മുതല്‍ നിര്‍ത്തി. ഇതുവഴി വരാവുന്ന നഷ്ടം 12,000-ല്‍പരം കോടി. മൂന്ന്: കേരളത്തിനു വായ്പ എടുക്കാവുന്ന തുകയില്‍ 3578 കോടി രൂപ വെട്ടിക്കുറച്ചു. കഷ്ടംതന്നെ എന്നുതോന്നാം. പക്ഷേ, അങ്ങനെയാണോ? 
എന്താണു യാഥാര്‍ത്ഥ്യം?
റവന്യുക്കമ്മി ഗ്രാന്റിനത്തില്‍ കേരള ബജറ്റ് ഇത്തവണ പ്രതീക്ഷിച്ചത് 15,932 കോടി രൂപ. ധനക്കമ്മീഷന്‍ കേരളത്തിന് അവാര്‍ഡ് ചെയ്തത് 13,174 കോടി രൂപ. സെപ്റ്റംബര്‍വരെ റിലീസ് ചെയ്തത് 6587 കോടി. ബാക്കി ക്രമേണ കിട്ടും. 7000 കോടി നഷ്ടമില്ല. ബജറ്റ് പ്രതീക്ഷയില്‍നിന്നു കുറവു വരുന്നത് 2758 കോടി രൂപ മാത്രം. ജിഎസ്ടി നഷ്ടപരിഹാരം ജൂണ്‍ 30 വരെ എന്നതു മുമ്പേ പ്രഖ്യാപിച്ചിരുന്നതാണ്. നഷ്ടപരിഹാരം നിര്‍ത്തരുത്, നീട്ടിത്തരണം എന്നു കേരളമടക്കം പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതു സമ്മതിച്ചില്ല. ഈയിനത്തില്‍ കേരളം ബജറ്റില്‍ പ്രതീക്ഷിച്ചത് 5273 കോടി മാത്രം. അതിനടുത്ത തുക കിട്ടിയിട്ടുï്. 12,000 കോടിയുടെ നഷ്ടക്കണക്ക് നമ്മള്‍ ആവശ്യപ്പെട്ട തുകയുടെ കണക്കാണ്. അതായത് നിയമസഭ പാസാക്കിയ ബജറ്റിലെ കണക്കില്‍നിന്നുള്ള കുറവല്ല. 
രാഷ്ട്രീയക്കളിയും
പിന്നെയുള്ളതു കടമെടുപ്പ്. അതില്‍ ബജറ്റ് പ്രതീക്ഷയും കണക്കും തെറ്റി. അതിനുകാരണം രാഷ്ട്രീയം. കേരളം കിഫ്ബി എന്ന സംവിധാനമുപയോഗിച്ചു വാങ്ങുന്ന വായ്പയെ ബജറ്റിലെ വായ്പപോലെ കണക്കാക്കാന്‍ കേന്ദ്രം തീരുമാനിച്ചു. കേന്ദ്രത്തിന്റെ നാഷണല്‍ ഹൈവേ അഥോറിറ്റിയും മറ്റും വാങ്ങുന്ന വലിയ വായ്പകള്‍ ബജറ്റില്‍പ്പെടുത്താറില്ല. പക്ഷേ, അതേ സമീപനം കിഫ്ബിയോടു പറ്റില്ലെന്ന കേന്ദ്രനിലപാടില്‍ ഉള്ളതു രാഷ്ട്രീയംതന്നെ.  
ഏതായാലും കിഫ്ബി വായ്പ ബജറ്റ് ബാധ്യതയില്‍പ്പെടുത്തിയപ്പോള്‍ 14,000 കോടി രൂപ ആയിനത്തില്‍ വന്നു. അത് ഒറ്റയടിക്കു സഹിക്കാന്‍ പറഞ്ഞില്ല. ഈ വര്‍ഷം കേരളത്തിന് എടുക്കാവുന്ന വായ്പയുടെ പരിധിയില്‍ 3578 കോടി രൂപ കുറച്ചു. അത്രയും തുക ഇക്കൊല്ലം എടുക്കാവുന്ന വായ്പയില്‍ കുറയും.
ഇതാണു സംഭവിച്ചത്. കേന്ദ്രം 23,000 കോടി രൂപ നിഷേധിച്ചെന്നോ തടഞ്ഞുവച്ചെന്നോ ഒക്കെ തോന്നുന്നവിധം സംസ്ഥാനം പ്രചാരണം നടത്തി. പക്ഷേ, നിയമസഭ പാസാക്കിയ ബജറ്റില്‍നിന്നു കേന്ദ്രനിലപാടുമൂലം വന്ന കുറവ് 2578 + 3578 = 6156 കോടി രൂപ മാത്രം എന്നതാണു വസ്തുത. ധനകാര്യപ്രതിസന്ധിക്കു ഭാഗിക ഉത്തരവാദിത്വം മാത്രമുള്ള കേന്ദ്രത്തിനു മുഴുവന്‍ ഉത്തരവാദിത്വവും ചാര്‍ത്തിക്കൊടുത്തതും രാഷ്ട്രീയം എന്നു കണക്കാക്കാം. 
പ്രതിസന്ധി യാഥാര്‍ഥ്യം
പക്ഷേ, കേരളം ധനകാര്യപ്രതിസന്ധിയിലാണ്. ഓണച്ചെലവു കഴിഞ്ഞപ്പോള്‍ കൈയിലും ഖജനാവിലും കാല്‍ക്കാശില്ല. ഒന്നോര്‍ക്കുക: ഇത്തവണ ഓണത്തിന് ഒരു മാസത്തെ ശമ്പളം മാത്രമേ നല്‍കേണ്ടിവന്നുള്ളൂ. ചില കൊല്ലങ്ങളില്‍ രണ്ടു മാസത്തെ ശമ്പളം ഒരേ മാസം നല്‍കി ട്രഷറി ദാരിദ്ര്യത്തിലാകാറുണ്ട്. ഇത്തവണ അങ്ങനെ ബുദ്ധിമുട്ടു വന്നില്ല. എന്നിട്ടും കാശില്ലാതായി. ചെലവു വര്‍ധിക്കുന്നു, വരുമാനം അതനുസരിച്ചു കൂടുന്നില്ല. വരുമാനം ഉണ്ടാക്കാന്‍ പറ്റുമായിരുന്ന വില്പനനികുതിയെ ജിഎസ്ടി എന്നാക്കി കേന്ദ്രം കൊണ്ടുപോയി. ഇപ്പോള്‍ മൊട്ടുസൂചിക്കു നികുതി കൂട്ടണമെങ്കിലും മറ്റെല്ലാ സംസ്ഥാനങ്ങളും കേന്ദ്രവും സമ്മതിക്കണം. ധനകാര്യസ്വാതന്ത്ര്യം നഷ്ടമായി എന്നു ചുരുക്കം. അത് ഒരു പ്രധാന വസ്തുത.
വരവും ചെലവും അകലുമ്പോള്‍
പ്രതിസന്ധിയിലേക്കു നയിച്ചത് ഇവയൊന്നുമല്ല. നമ്മുടെ വരുമാനവര്‍ധനയുടെ തോതിനെക്കാള്‍ കൂടിയ തോതിലാണു ചെലവ് വര്‍ധിക്കുന്നത്. അതിന്റെ ഉത്തരവാദിത്വം ഭരിക്കുന്നവര്‍ക്കുതന്നെയാണ്. വരവു കണക്കാക്കി ചെലവു ക്രമീകരിക്കണം. അതിനാണല്ലോ ബജറ്റും മറ്റു സംവിധാനങ്ങളും. പക്ഷേ, നടക്കുന്നത് വോട്ട് ബജറ്റിങ് മാത്രമാണ്. വോട്ടിനുവേണ്ടി ചെലവുകള്‍ ക്രമീകരിക്കുന്നു. സംസ്ഥാനത്തിന്റെ ധനനിലയോ അതിന്റെ ഭദ്രതയോ ചിന്തിക്കാതെ ചെലവ് ഉണ്ടാക്കുന്നു. 
സംസ്ഥാനത്തിന്റെ റവന്യുചെലവില്‍ സിംഹഭാഗവും മൂന്നു കാര്യങ്ങള്‍ക്കാണ്. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ. ഈ വര്‍ഷം 1,73,582 കോടി രൂപയാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍ 1,57,066 കോടി റവന്യുചെലവ്. അതില്‍ 94,781 കോടി രൂപ മുന്‍പറഞ്ഞ മൂന്ന് ഇനങ്ങളിലായി ചെലവാകുന്നു. ശമ്പളം 41,981 കോടി, പെന്‍ഷന്‍ 26,834 കോടി, പലിശ 25,966 കോടി. മൊത്തം റവന്യുചെലവിന്റെ 60.34 ശതമാനം ഈ മൂന്നിനങ്ങളിലാണ്. റവന്യു വരുമാനത്തിന്റെ 70.68 ശതമാനം ഈ മൂന്നു കാര്യങ്ങള്‍ക്കായി ചെലവാക്കുന്നു. 
ഇതില്‍ മറ്റൊന്നുകൂടി കാണേണ്ടതുണ്ട്. രണ്ടു വര്‍ഷംമുമ്പ് 2020-21-ല്‍ ശമ്പളച്ചെലവ് 27,728 കോടി രൂപ മാത്രമായിരുന്നു. പെന്‍ഷന്‍ചെലവ് അക്കൊല്ലം 18,943 കോടി രൂപ. ഈ വര്‍ഷം അവ യഥാക്രമം 41,981 കോടിയും 26,834 കോടിയുമായാണു ബജറ്റില്‍ കണക്കാക്കുന്നത്. (ചെലവിനങ്ങള്‍ വര്‍ഷാവസാനം ബജറ്റ് എസ്റ്റിമേറ്റിനേക്കാള്‍ കൂടുന്നതാണു പതിവ്.) ഇവയുടെ വര്‍ധന യഥാക്രമം 51.4 ശതമാനവും 41.66 ശതമാനവും. രണ്ടു വര്‍ഷത്തെ വര്‍ധനയാണിത്. കഴിഞ്ഞ വര്‍ഷം ഈയിനങ്ങളില്‍ കുടിശ്ശികയുടെ അധികച്ചെലവുകൂടി ഉണ്ടായിരുന്നതുകൊണ്ടാണു  ഈ വര്‍ഷത്തെ കണക്കുമായി താരതമ്യം നടത്തുന്നത്. ഇതേസമയം, സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തില്‍ പ്രതീക്ഷിക്കുന്ന വരവ് 97,617 കോടിയില്‍നിന്ന് 1,34,098 ആയി. വര്‍ധന 37.37 ശതമാനം. ചുരുക്കം ഇതാണ്: റവന്യു വരുമാനത്തിലെ വര്‍ധനയെക്കാള്‍ കൂടുതലാകുന്നു മുഖ്യ ചെലവിനങ്ങളിലെ വര്‍ധന. ഇതു തുടര്‍ന്നുകൊണ്ടുപോകാന്‍ പറ്റുന്ന കാര്യമല്ല. അധികച്ചെലവ് ഇല്ലാത്തപ്പോള്‍പോലും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പറ്റുകയില്ല. 
ശമ്പള, പെന്‍ഷന്‍ ചെലവുകള്‍ ഇത്രയും വര്‍ധിച്ചത് ശമ്പളപരിഷ്‌കാരം നടപ്പാക്കിയതു കൊണ്ടാണ്. കേന്ദ്രത്തിലും മിക്ക സംസ്ഥാനങ്ങളിലും പത്തു വര്‍ഷം കൂടുമ്പോഴാണു ശമ്പളപരിഷ്‌കരണം. കേരളത്തില്‍ അഞ്ചു വര്‍ഷം കൂടുമ്പോഴും. ഇതു കേന്ദ്രത്തിലേതുപോലെയാക്കണമെന്നു നിരവധി സമിതികളും വിദഗ്ധരും ശിപാര്‍ശ ചെയ്തിട്ടുള്ളതാണ്. പക്ഷേ, ആരും ആ തീരുമാനത്തിന് തന്റേടം കാണിച്ചിട്ടില്ല.
കടമെടുത്തു സദ്യ നടത്തുന്നു
റവന്യു ചെലവ് വര്‍ധിക്കുമ്പോള്‍ റവന്യുക്കമ്മി കൂടുന്നു. അതു നികത്താന്‍ കടമെടുക്കും. മുന്‍കാലത്തു മൂലധനനിക്ഷേപമാണു കടമെടുത്തു നടത്തിയിരുന്നത്. ഇപ്പോള്‍ കടത്തില്‍ ഭൂരിഭാഗവും റവന്യുക്കമ്മി നികത്താന്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ വര്‍ഷം 37,656 കോടി കടമെടുത്തതില്‍ 23,176 കോടിയും റവന്യുക്കമ്മി നികത്താനായിരുന്നു. അതായത്, നിത്യനിദാനച്ചെലവുകള്‍ക്ക്. ലോണ്‍ എടുത്ത് സദ്യ നടത്തുന്നതുപോലുള്ള കാര്യം. ഈ പ്രവണത അവസാനിക്കാതെ സര്‍ക്കാരിന്റെ ധനകാര്യപ്രതിസന്ധി ഇല്ലാതാകില്ല. കമ്മി കൂടുമ്പോള്‍ കടം കൂടും. അതു പലിശച്ചെലവ് കൂട്ടും. തല്‍ക്കാലം കടം എടുത്തു കാര്യം നടത്തി മിടുക്കുകാണിക്കുന്നവര്‍ ഭാവിക്കു ഭാരം കരുതി വയ്ക്കുകയാണ്. അതൊഴിവാക്കാനും സര്‍ക്കാര്‍ ചെലവു ചുരുക്കണം. അഥവാ ചെലവ് വരുമാനത്തില്‍ ഒതുക്കാന്‍ തയ്യാറാകണം.
വോട്ടിനു തസ്തിക
തസ്തികകള്‍ കുറയ്ക്കുന്നതടക്കം സര്‍ക്കാരിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും മറ്റും ധാരാളം ശിപാര്‍ശകള്‍ ഉണ്ട്. പക്ഷേ, ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ മത്സരം നടക്കുന്നതേ കണ്ടിട്ടുള്ളു. താല്‍ക്കാലികമായി നിയമിച്ചു കുറേക്കാലം കഴിഞ്ഞു മാനുഷികപരിഗണന പറഞ്ഞു സ്ഥിരപ്പെടുത്തുന്നു. പിന്നീടു തസ്തിക റെഗുലറാക്കുന്നു. ഇത് വര്‍ഷങ്ങളായി തുടരുന്നു. നഷ്ടത്തിലോടുന്ന പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലാക്കുമെന്നു നിരന്തരം പറയാറുണ്ട്. സ്ഥാപനങ്ങള്‍ ഇല്ലാതാക്കുകയല്ല, ലാഭകരമായി മാറ്റുകയാണു നയമെന്നു പറയുന്ന ഗവണ്‍മെന്റാണുള്ളത്. പക്ഷേ, കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാരിനും അതുവഴി ജനങ്ങള്‍ക്കും ബാധ്യതയായിത്തുടരുന്നു. 
ശമ്പളംപോലും കൊടുക്കാനുള്ള വരുമാനം കെഎസ്ആര്‍ടിസിക്ക് ഇല്ല. പുറമേ, വിരമിച്ചവര്‍ക്കു പെന്‍ഷനും നല്‍കണം. ഇങ്ങനെയൊരു കോര്‍പ്പറേഷന്‍ വേണമോ എന്ന ചോദ്യം ആരും ഉന്നയിക്കാത്തത് എന്തുകൊണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. ബസ് സര്‍വീസ് നടത്താന്‍ വേണ്ട ശേഷി സ്വകാര്യമേഖലയ്ക്ക് ഇല്ലാതിരുന്നപ്പോള്‍ സര്‍ക്കാര്‍ അതു തുടങ്ങിവച്ചു. ഇപ്പോള്‍ മാറിച്ചിന്തിക്കാവുന്ന കാലമാണ്. പക്ഷേ, അങ്ങനെ ചിന്തിക്കുന്നതുതന്നെ വിലക്കപ്പെട്ടിരിക്കുന്നു. കെഎസ്ആര്‍ടിസി തന്നെ വേണമെന്നില്ല പൊതുഗതാഗതം നടക്കാന്‍ എന്നു സമ്മതിച്ചാലേ പരിഹാരമാര്‍ഗങ്ങള്‍ തെളിയൂ. സ്വയം വിരമിക്കല്‍ (വിആര്‍എസ്), പുനര്‍വിന്യാസം (ജീവനക്കാരെ യോഗ്യത നോക്കി ഏതാനും വര്‍ഷംകൊണ്ടു മറ്റിടങ്ങളില്‍ നിയമിക്കല്‍) തുടങ്ങിയവവഴി ജീവനക്കാരുടെ ആശങ്കകള്‍ക്കു പരിഹാരം കാണുന്ന പാക്കേജ് ഉണ്ടാകണം. നിലവിലെ പെന്‍ഷന്‍കാരുടെ കാര്യം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടിവരും. ആസ്തികള്‍ വിറ്റുകിട്ടുന്ന പണത്തില്‍ കുറേഭാഗം നീക്കിവച്ചു പെന്‍ഷനു നിധി ഉണ്ടാക്കാനാകും. അങ്ങനെ വിപ്ലവകരമായി ചിന്തിച്ചാല്‍ മാത്രമേ എന്നും നികുതിദായകര്‍ക്കു ഭാരമായ ഒരു കോര്‍പ്പറേഷനെ ഇല്ലാതാക്കാനാകൂ. ഇങ്ങനെ ഭരണത്തിലെ ദുര്‍മേദസുകള്‍ ഓരോന്നായി ഇല്ലായ്മചെയ്യാന്‍ പറ്റുന്നവര്‍ക്കേ കേരളത്തെ രക്ഷിക്കാനാവൂ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)