വിദ്രോഹി 
പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു
സവിശേഷമായ ഊര്‍ജപ്രവാഹം
നിലയ്ക്കാത്ത ശബ്ദഘോഷം
കൈയടികള്‍തന്‍ നിലയ്ക്കാത്ത കാഹളം.
ജനം
ഹൃദയത്തില്‍നിന്നു മസ്തിഷ്‌കത്തിലേക്ക്
ഞരമ്പുകള്‍ ആവാഹിച്ചു
ഞെട്ടിത്തരിച്ചു ചിന്തകള്‍
പ്രഹരിച്ചു ഭുജങ്ങള്‍.
പ്രകൃതി
ക്ഷണിച്ചു പ്രണയിനിയെ
നഷ്ടബാല്യങ്ങള്‍ തിരികെപ്പിടിക്കാന്‍
തളിരിലകള്‍ നൈര്‍മല്യമാര്‍ജിക്കാന്‍
ഉറങ്ങാത്ത മുറിവായ് ഹൃദയത്തിലാകാന്‍
ഭരണകൂടം
മുറിച്ചു നാവിനെ അരിവാളിനാല്‍
അടച്ചു തൊണ്ടയെ തൂക്കുകയറിനാല്‍
സംസ്‌കരിച്ചു പൊതുശ്മശാനത്തില്‍
ഉരുട്ടിവച്ചു ആശയങ്ങള്‍ ചൂഷണത്തിനായ്.
നാളെകള്‍
കഴുമരങ്ങള്‍തന്‍ ആഘോഷം
അരിഞ്ഞിട്ട നാവിന്റെ ഉയിര്‍പ്പ്
കോട്ടകൊത്തളങ്ങളുടെ മരണമൊഴി
അമ്മിഞ്ഞപ്പാലിന്റെ സ്‌നിഗ്ധത
							
 ജിജോ ജോസഫ് എന്‍.
                    
                    