ഗത്സെമനിയില്‍ ഗദ്ഗദങ്ങളുടെ ആധിക്യത്തില്‍ അവന്റെ മൃദുമേനിയിലെ രോമകൂപങ്ങള്‍ നിണം മുറ്റിനിന്നു. മിഴിക്കുഴികള്‍ നിണതടങ്ങളായി. ശരീരം ശോണിതവര്‍ണവും. ഉള്ളിലുരുകിയ തീവ്രവേദന തൊലിപ്പുറത്തുകൂടി തിളച്ചുതൂകി. നിണകണങ്ങള്‍ വീണു മണ്ണു കുതിര്‍ന്നു. ധര അതിന്റെ അധരങ്ങളില്‍ അവന്റെ രുധിരത്തിന്റെ രുചി നുണഞ്ഞു. നൊമ്പരങ്ങളാല്‍ ഏറ്റവുമധികം നനഞ്ഞ വാഴ്‌വിലെ ഒരേയൊരിടം ഗത്സമെനി തന്നെ. മനുഷ്യനിര്‍മിതമായ ഒരു വേദനസംഹാരിക്കും മാറ്റാനാവാത്ത തരത്തിലുള്ള മനോനൊമ്പരം മനുഷ്യനെന്നനിലയില്‍ ആ രാത്രിയില്‍ അവന്‍ അനുഭവിച്ചു. അവന്‍ ഏറ്റെടുത്തതെല്ലാം സഹനങ്ങളുടെ അങ്ങേയറ്റമായിരുന്നു. ദേഹമൊന്നു വെട്ടിവിയര്‍ത്തു ജലാംശം നഷ്ടമാകുമ്പോള്‍ നമുക്ക് അവശത തോന്നാറില്ലേ? രക്തം ജീവനാണ്, ജീവന്റെ ഊര്‍ജമാണ്. അതു വാര്‍ന്നുപോകുമ്പോള്‍ എത്രമാത്രം വിവശതയും വേദനയുമായിരിക്കും ഒരാള്‍ അനുഭവിക്കുക. അവന്‍ വിയര്‍ത്ത രക്തത്തുള്ളികളുടെ വിലയാണ് നാമും നമ്മുടെ ആത്മരക്ഷയും. അവനെ ഇനിയും നാം നോവിക്കരുത്. 
ചില ഗത്‌സെമനി അനുഭവങ്ങള്‍ നമ്മുടെ ജീവിതത്തിലും ഉണ്ടായിരുന്നിരിക്കാം. ശാരീരികമോ മാനസികമോ ആയ കഠിനനൊമ്പരങ്ങളിലൂടെ നാം കടന്നുപോയ നിമിഷങ്ങള്‍. കൂടെ ഉണര്‍ന്നിരിക്കാന്‍ നമുക്കു നാം മാത്രം ഉണ്ടായിരുന്ന നാഴികകള്‍. നമ്മുടെ സങ്കടങ്ങള്‍ നമ്മുടേതുമാത്രമായി മാറിയ നിമിഷങ്ങള്‍. കൂട്ടിനുണ്ടായിരിക്കേണ്ടവര്‍ അതൊന്നും അറിയാത്ത മട്ടില്‍ മൂടിപ്പുതച്ചു കിടന്നുറങ്ങിയ രാത്രികള്‍. ഓര്‍ക്കണം, രക്ഷാകരമായ എന്തെങ്കിലും ദൈവം അവയിലൊക്കെ കണിശമായും കണ്ടിട്ടുണ്ടാവണം. അതുകൊണ്ടാണ് നാമിന്നും ജീവിക്കുന്നത്. സഹനങ്ങളും വേദനകളും ഇനിയും നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കും. അവയിലൊന്നും തകര്‍ന്നുപോകരുത്. താങ്ങാനാവാത്തതെന്ന്  ഒരു വേദനയെയും വിളിക്കേണ്ടതില്ല. കാരണം, ചുമക്കാനാവാത്തതൊന്നും ദൈവം നമ്മുടെ ചുമലില്‍ വച്ചുതരില്ല. തന്റെ മനോവ്യഥകളെക്കാള്‍ അവനെ കുത്തിവേദനിപ്പിച്ചത്  സ്വന്തം ശിഷ്യരുടെ നിദ്രയും നിസ്സംഗതയുമായിരുന്നു. മറ്റുള്ളവരുടെ ദുഃഖങ്ങളെ കണ്ടില്ലെന്നു നടിക്കരുത്. അവരുടെ സങ്കടങ്ങളെക്കാള്‍ പ്രാധാന്യം നമ്മുടെ സുഖങ്ങള്‍ക്കുണ്ടാവരുത്. അപരനുവേണ്ടി വേദനിക്കാനുള്ള സന്നദ്ധത നമുക്കുണ്ടാവണം. ഇന്നത്തെ ലോകത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ഇത്തിരി വിയര്‍പ്പൊഴുക്കാന്‍പോലും വിമുഖത കാട്ടുന്ന മനുഷ്യരുടെ മനോഭാവത്തിന് അപവാദമായി മാറേണ്ടതാണ് ക്രൈസ്തവരായ നമ്മുടെ ജീവിതശൈലി. ഒപ്പം, ആരുടെയും മനോനൊമ്പരങ്ങള്‍ക്ക് നാം ഇടയാകാതിരിക്കാം. നമ്മുടെയും സഹോദരങ്ങളുടെയും പരിചിതരുടെയും അസുഖങ്ങളുടെ അവസ്ഥകളെ നമ്മുടെ സുഖശയനത്തിന്റെ കിടപ്പറകളാക്കി മാറ്റാതിരിക്കാം. കുറേക്കൂടി മനുഷ്യപ്പറ്റുള്ളവരായിത്തീരാന്‍ ക്രിസ്തു നമ്മെ സഹായിക്കട്ടെ.
							
 ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
                    
									
									
									
									
									
									
									
									
									
									
                    