•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
പ്രാദേശികം

സഭാ-ദേശചരിത്രങ്ങളെ തഴുകി ഒരു ആത്മായനം

  • *
  • 3 November , 2022

പാലാ രൂപതയുടെ പ്രഥമമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍പിതാവിന്റെ ആത്മകഥ 'നിന്റെ വഴികള്‍ എത്ര സുന്ദരം!' രണ്ടാം പതിപ്പ് പുറത്തിറങ്ങി

ആദരണീയനായ ആത്മീയപിതാവും പാലാ രൂപതയുടെ പ്രഥമ ബിഷപ്പുമായ മാര്‍ സെബാസ്റ്റ്യന്‍ വയലിലിന്റെ ആത്മകഥയുടെ രണ്ടാം പതിപ്പ് ഹൃദ്യമായ വായനാനുഭവം സമ്മാനിക്കുന്നു. ധന്യമായ ആത്മീയജീവിതത്തിലെ ഓര്‍മയുടെ ചിമിഴില്‍ കരുതിവച്ച അനുഭവങ്ങള്‍ ~ഒരു ആത്മകഥ മാത്രമല്ല, ഒരു ദേശത്തിന്റെയും കാലഘട്ടത്തിന്റെയും ചരിത്രാവതരണംകൂടിയാണ്. സ്വന്തം ജീവിതാനുഭവങ്ങള്‍ക്കൊപ്പം, തനിക്കു കരുതലായി മാറിയ ഒട്ടനവധി സഹപ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളെയും പിതാവ് ഓര്‍മിക്കുന്നു. പ്രത്യേകിച്ച്, ഒരുമിച്ചു മെത്രാന്‍ ശുശ്രൂഷയിലേക്കു നിയോഗിക്കപ്പെട്ട പുണ്യശ്ലോകനായ മാര്‍ മാത്യു കാവുകാട്ടുപിതാവിനെയും 'മലബാറിന്റെ മോശ' എന്ന് കാലം അടയാളപ്പെടുത്തിയ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയെയുംകുറിച്ചുള്ള ഓര്‍മകള്‍ വിശുദ്ധ ചിന്തകളുടെ വായനാനുഭവം സമ്മാനിക്കുന്നു.

പ്രകാശപൂര്‍ണമായ നാളെകളെ മുന്നില്‍ക്കണ്ട് ഇന്നുകളെ രൂപപ്പെടുത്തിയ ഒരു കര്‍മയോഗിയുടെ ആത്മപ്രകാശനം മാത്രമല്ല ഈ ആത്മകഥ; മറിച്ച്, പാലാ രൂപതയുടെയും ദേശത്തിന്റെയും പരിണാമങ്ങളുടെയും നാഴികക്കല്ലുകളുടെയും നേട്ടങ്ങളുടെയും വീരഗാഥകൂടിയാണ്.
1987 ല്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ അവതാരികയോടെ പുറത്തിറങ്ങിയ ഒന്നാം പതിപ്പ് തലമുറകള്‍ ആസ്വാദ്യതയോടെ വായിച്ചറിഞ്ഞിരുന്നു. ക്രൈസ്തവവിശ്വാസികള്‍ക്കു മാത്രമല്ല പൊതുസമൂഹത്തിനും അത് വലിയ ബോധ്യങ്ങളെ സമ്മാനിച്ചു. ഒപ്പം, ചരിത്രരചയിതാക്കള്‍ക്കും ഗവേഷകര്‍ക്കും കാലസൂചികയായി മാറുകയും ചെയ്തു. ഏറെപ്പേരുടെ ആഗ്രഹത്തിന്റെ സഫലീകരണമെന്നോണമാണ് ബിഷപ് വയലില്‍ ഫൗണ്ടേഷന്റെകൂടി സഹകരണത്തോടെ ആത്മകഥയുടെ രണ്ടാം പതിപ്പ് ദീപനാളം  പബ്ലിക്കേഷന്‍സ് പുറത്തിറക്കിയിരിക്കുന്നത്.
കേരളത്തിന്റെ ആത്മീയ, കാര്‍ഷിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ആതുരശുശ്രൂഷാരംഗങ്ങളില്‍  പാലായ്ക്കു മഹത്തായ പാരമ്പര്യവും തനതായ സംഭാവനയുമുണ്ട്. അതില്‍, പാലാ രൂപതയുടെയും പിതാക്കന്‍മാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും അല്മായരുടെയും പങ്കാളിത്തം സുപ്രധാനവുമാണ്. ആഗോളകത്തോലിക്കാസഭയില്‍ ദൈവവിളിയുടെ വിളനിലമെന്ന ഖ്യാതിയും പാലാ രൂപതയ്ക്കു സ്വന്തമാണ്. രൂപതയ്ക്കു ശക്തമായ അടിത്തറയിട്ട വ്യക്തിയെന്ന നിലയില്‍ വയലില്‍ പിതാവിന്റെ സമര്‍പ്പിതചര്യകളെ കൂപ്പുകൈകളോടെ മാത്രമേ എക്കാലവും സ്മരിക്കാനാവൂ എന്ന് അദ്ദേഹത്തിന്റെ ആത്മകഥ ഓര്‍മപ്പെടുത്തുന്നു.
'സാന്ത്വനപ്രകാശമേ നയിച്ചാലും' എന്ന പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ആത്മകഥാകഥനം 'ദൈവമേ, നിന്റെ വഴികള്‍ എത്ര സുന്ദരം!' എന്ന സായുജ്യപഥത്തിലെത്തിനില്‍ക്കുമ്പോള്‍ അനുവാചകരും അറിയാതെ പറയും, നിന്റെ വഴികള്‍ എത്ര സുന്ദരം!
മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ബിഷപ് വയലില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രഫ. വി.ജെ. ജോസഫ് എന്നിവരുടെ പ്രൗഢമായ ആമുഖക്കുറിപ്പോടെയാണ് രണ്ടാം പതിപ്പ് പുതിയ കാലത്തിന് ഒരു സമ്മാനമെന്നോണം പുറത്തിറങ്ങിയിരിക്കുന്നത്.
പാലാ സെന്റ് തോമസ്, പാലാ അല്‍ഫോന്‍സാ, അരുവിത്തുറ സെന്റ് ജോര്‍ജ്, കുറവിലങ്ങാട് ദേവമാതാ കോളജുകളുടെയും മറ്റനേകം വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ശില്പി എന്ന നിലയില്‍ തലമുറകള്‍ വയലില്‍പിതാവിനെ എക്കാലവും ആദരവോടെ സ്മരിക്കുന്നു. സഭയ്ക്കും ദൈവത്തിനുംവേണ്ടി സമര്‍പ്പിതനായ ഒരു വ്യക്തി തന്റെ ജീവിതത്തിലെ കഠിനാധ്വാനത്തിലും ദീര്‍ഘവീക്ഷണത്തിലും ഇത്രത്തോളം വിസ്മയകരമായ ശുശ്രൂഷ എങ്ങനെ നിറവേറ്റിയെന്ന് ഏതൊരാളും ചിന്തിച്ചുപോകും ഈ ജീവചരിത്രവായനയിലൂടെ.
ആത്മീയതയില്‍ വിശുദ്ധിയുടെ പരിമളം പരത്തിയ രൂപതയാണ് പാലാ. വിശുദ്ധ അല്‍ഫോന്‍സാമ്മ, വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്‍ തുടങ്ങിയവരുടെ നാമകരണനടപടികളില്‍ സുപ്രധാനമായ പങ്ക് ബിഷപ് വയലില്‍ നിര്‍വഹിച്ചു. അല്‍ഫോന്‍സാമ്മയുടെ നാമകരണനടപടി ഓഫീസ് സ്ഥാപനംമുതല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങള്‍ക്കും സാക്ഷിയാവാനുള്ള ഭാഗ്യവും പിതാവിനു ലഭിച്ചു.
മദ്യവിരുദ്ധപ്രസ്ഥാനത്തിലും സന്ന്യാസസഭകളുടെ സ്ഥാപനത്തിലും വിവിധ ആത്മീയസംഘടനകളുടെ ശക്തീകരണത്തിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്.
കുടുംബം, ബാല്യം, ദൈവവിളി, പൗരോഹിത്യം, മെത്രാഭിഷേകം, അജപാലനം തുടങ്ങി വിപുലമായ ഒന്‍പത് അധ്യായങ്ങളിലാണ് വ്യക്തിയുടെയും ദേശത്തിന്റെയും സഭയുടെയും ചരിത്രം എന്നു വിശേഷിപ്പിക്കാവുന്ന ഈ ഉത്കൃഷ്ടരചന നിര്‍വഹിച്ചിരിക്കുന്നത്. ഇതില്‍ത്തന്നെ പാലായുടെ കാര്‍ഷികസംസ്‌കാരത്തെയും പാലായില്‍നിന്നു മലബാറിലേക്കും ഹൈറേഞ്ചിലേക്കുമുണ്ടായ കുടിയേറ്റത്തെയും സമഗ്രമായി പ്രതിപാദിച്ചിരിക്കുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ എല്ലാ സമ്മേളനങ്ങളിലും പങ്കെടുത്ത മാര്‍ വയലില്‍, സൂനഹദോസിന്റെ ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകളും അജപാലനവീക്ഷണങ്ങളും സ്വന്തമാക്കി അത് രൂപതയില്‍ നടപ്പാക്കി. മാര്‍ത്തോമ്മാനസ്രാണി ശ്ലൈഹികപാരമ്പര്യത്തിന്റെയും പൗരസ്ത്യ സുറിയാനി ഭാഷയുടെയും ശക്തനായ വക്താവായിരുന്നു പിതാവ്. ബാല്യംമുതല്‍ വിശ്രമജീവിതംവരെയുള്ള ധന്യമായ ഓര്‍മകളെ കൃത്യതയോടെയും വ്യക്തതയോടെയും പിതാവ് ആത്മകഥയില്‍ പ്രതിപാദിക്കുന്നു.
- റെജി ജോസഫ്

നിന്റെ വഴികള്‍ എത്ര സുന്ദരം!
ആത്മകഥ
മാര്‍ സെബാസ്റ്റ്യന്‍ വയലില്‍
മുഖവില  750
വില്പനവില   600 
ദീപനാളം പബ്ലിക്കേഷന്‍സ്, പാലാ
ഫോണ്‍ - 7306874714
വിതരണം: 
സെന്റ് തോമസ് ബുക്സ്റ്റാള്‍,  പാലാ 
ഫോണ്‍ - 6282632531

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)