കോട്ടയം: സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ പാലാ വെള്ളിയേപ്പള്ളി സ്വദേശി അലക്‌സ് മേനാംപറമ്പിലിനു സ്വര്‍ണത്തിളക്കം. 65 വയസ്സിനു മുകളിലുള്ള കാറ്റഗറിയില്‍ അലക്‌സ് മേനാംപറമ്പില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും നേടി. 100, 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് എന്നീ ഇനങ്ങളിലാണ് മത്സരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ദേശീയ മാസ്റ്റര്‍ ഗെയിംസ് നീന്തല്‍ മത്സരത്തില്‍ രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടിയിരുന്നു. കോളജ് പഠനകാലത്ത് സ്ഥിരമായി നീന്തല്‍മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന അലക്‌സ് എസ്ബിഐയില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് നീന്തലിനോടു വിടപറഞ്ഞു.
പിന്നീട് 37 വര്‍ഷത്തെ സര്‍വീസില്‍നിന്നു വിരമിച്ചശേഷം 2015 - 16 വര്‍ഷങ്ങളിലാണ് നീന്തല്‍പരിശീലനം പുനരാരംഭിച്ചത്. 2016 മുതല്‍ മാസ്റ്റേഴ്‌സ് മത്സരങ്ങളില്‍ പോയിത്തുടങ്ങി. ഭാര്യ അന്നമ്മ പെരുമാലിക്കും മൂന്നു മക്കള്‍ക്കും അഞ്ചു പേരക്കുട്ടികള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുന്നതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് അലക്‌സ് പറയുന്നു.