പാലാ: പാലാ രൂപതയുടെ കാരുണ്യമുഖമായ ഹോം പാലാ പദ്ധതിയില്‍ സ്വയം മാതൃകയായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കയ്യൂരിലെ കുടുംബസ്വത്തിലൂടെ തനിക്കു ലഭിച്ച ഭൂമി ഒരു ഭൂരഹിതകുടുംബത്തിനു പകുത്തുനല്‍കി വീടൊരുക്കിയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കരുതലിന്റെ മുഖമായി രൂപതയ്ക്കും നാടിനും മാതൃകയും അഭിമാനവുമായത്.
മാര്‍ ജോസഫ് കല്ലറങ്ങാട്ട് ദാനം ചെയ്ത ഭൂമിയില്‍ പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ചാപ്റ്ററാണ് വീട് പണി തീര്‍ത്തത്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് വീട് ആശീര്‍വദിച്ച് കൈമാറി. രൂപത പ്രവാസി അപ്പോസ്തലേറ്റ് ഡയറക്ടറും ഹോം പാലാ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, കയ്യൂര്‍ ക്രിസ്തുരാജ് പള്ളി വികാരി ഫാ. മാത്യു എണ്ണയ്ക്കാപ്പിള്ളില്‍, ഫാ. മാത്യു തെന്നാട്ടില്‍ എന്നിവര്‍ ആശീര്‍വാദകര്‍മത്തില്‍ സഹകാര്‍മികരായി.
പാലാ രൂപതാതിര്‍ത്തിയിലെ ഭവനരഹിതരെയും ഭൂരഹിതരെയും പുനരധിവസിപ്പിക്കുന്നതിനായാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ രൂപതയില്‍ 'ഹോം പാലാ' പദ്ധതി ആരംഭിച്ചത്. നാനാജാതിമതസ്ഥരായ നിരവധിപ്പേര്‍ക്ക് ഇതിനോടകം ഭൂമിയായും വീടായും കരുതലാകാന്‍ രൂപതയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ 658 വീടുകളാണ് ഇതിനോടകം പണിതീര്‍ത്തിട്ടുള്ളതെന്ന് ഹോം പാലാ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ പറഞ്ഞു.