•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

സമാധാനത്തിന്റെ പ്രത്യാശ പകര്‍ന്ന് ജി - 20 ഉച്ചകോടി 2022

ജി-20 രാജ്യങ്ങളുടെ 2022 ലെ 17-ാമത് വാര്‍ഷികസമ്മേളനം ഇന്തോനേഷ്യയിലെ ബാലി ദ്വീപില്‍ നടന്നു. ജി-20 രാഷ്ട്രങ്ങളുടെ രണ്ടു ദിവസം നീണ്ടുനിന്ന ഒത്തുചേരലാണ് ബാലിദ്വീപിലെ നുസാ ദുവ നഗരപ്രാന്തത്തിലുള്ള ഹാര്‍ദിസ് മാള്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.

കൊവിഡ്-19 മഹാമാരിക്കുശേഷം ഏറ്റവും കൂടുതല്‍ രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത മഹാസമ്മേളനമായിരുന്നു ബാലിയിലേത്. 2022 ലെ അധ്യക്ഷപദം ഇന്തോനേഷ്യയ്ക്കായതിനാലാണ്  ഈ വര്‍ഷത്തെ സമ്മേളനം  ആ രാജ്യത്തു ചേര്‍ന്നത്. 2023 ലെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്ന ഇന്ത്യയിലാണ് അടുത്ത സമ്മേളനം ചേരുക. ഉച്ചകോടിയുടെ സമാപനസമ്മേളനത്തില്‍വച്ച് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ ജി-20 അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കു കൈമാറി. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത വര്‍ഷത്തെ യോഗത്തിലേക്കു രാഷ്ട്രത്തലവന്മാരെ ക്ഷണിച്ചു. ''വസുധൈവകുടുംബകം'' എന്നതാണ് സമ്മേളനത്തിലെ ഇന്ത്യയുടെ ആശയം. 23 വര്‍ഷംമുമ്പ് 1999 സെപ്റ്റംബര്‍ 26-ാം തീയതിയാണ് ജി-20 കൂട്ടായ്മയ്ക്കു തുടക്കമിട്ടത്. വികസിതരാജ്യങ്ങളെയും വികസ്വരരാജ്യങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഫോറത്തിന്റെ രൂപവത്കരണം. 
കൃഷി, ഊര്‍ജസംരക്ഷണം, കാലാവസ്ഥാവ്യതിയാനം, 
ആരോഗ്യപരിപാലനം, സാമ്പത്തികരംഗം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം ഈ കൂട്ടായ്മയുടെ മുഖ്യലക്ഷ്യങ്ങളാണ്. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, 
ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ദക്ഷിണകൊറിയ, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് 
ആഫ്രിക്ക, തുര്‍ക്കി, യു.കെ, യു.എസ്  തുടങ്ങിയ 19 രാജ്യങ്ങളും  യൂറോപ്യന്‍ യൂണിയനിലെ 27 അംഗ
രാജ്യങ്ങളും ചേര്‍ന്നതാണ് ജി-20 സഖ്യം. ലോകജനസംഖ്യയുടെ 2/3 നെയും പ്രതിനിധാനം ചെയ്യുന്ന ഈ രാജ്യങ്ങള്‍ ലോകവ്യാപാരത്തിന്റെ 75 ശതമാനവും ആകെ സമ്പത്തിന്റെ 85 ശതമാനവും കൈകാര്യം ചെയ്യുന്നവയാണ്.
ബൈഡനും ഷി യും കൂടിക്കാഴ്ച നടത്തി

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും മുഖാമുഖം കണ്ടു ചര്‍ച്ചകള്‍ നടത്തുന്നതിനും ഹാര്‍ദിസ് മാള്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വേദിയായി.  അമേരിക്കന്‍ പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായിട്ടാണ് ബൈഡന്‍ ഷി യുമായി കൂടിക്കാഴ്ച നടത്തിയത്. ആഗോളവ്യാപാരം മുതല്‍ മനുഷ്യാവകാശം വരെയുള്ള പ്രശ്‌നങ്ങളില്‍ മാത്ര
മല്ല, തയ്‌വാന്‍ ദ്വീപിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും പരിഹരിക്കപ്പെടാതെ നില്ക്കുന്ന  ഘട്ടത്തിലുള്ള ഇരുവരുടെയും കൂടിക്കാഴ്ച പസഫിക് മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുമെന്നാണ് നിരീക്ഷണം. ടിബറ്റ്, 
ഹോങ്കോങ്, സിന്‍ജിയാംഗ് പ്രവിശ്യയിലെ അടിച്ചമര്‍ത്തലുകള്‍ തുടങ്ങിയവ ചര്‍ച്ചാവിഷയമായെങ്കിലും മുഖ്യ അജണ്ട തയ്‌വാനായിരുന്നു. സ്വയംഭരണമുള്ള ഒരു പ്രദേശമെന്നനിലയില്‍ മുമ്പോട്ടുപോകുന്ന 
തയ്‌വാനെ ബലപ്രയോഗത്തില്‍കൂടിയാണെങ്കിലും തന്റെ രാജ്യത്തോടു ചേര്‍ക്കുമെന്ന ഷിയുടെ നിര്‍ബന്ധബുദ്ധിയാണ് സംഘര്‍ഷം  ഇരട്ടിപ്പിക്കുന്നത്.
ബാലിയിലേക്കുള്ള യാത്രാമധ്യേ കമ്പോഡിയയുടെ തലസ്ഥാനമായ നോം പെനില്‍ നടന്നുവരുന്ന 'ആസിയാന്‍' ഉച്ചകോടിയില്‍ പങ്കെടുത്തശേഷം 
മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ ബൈഡന്‍ ഇങ്ങനെ പറഞ്ഞു: ''ഷിയും ഞാനും പരസ്പരം അറിയുന്നവരാണ്. വൈസ് പ്രസിന്റുമാരായിരിക്കെ ഞങ്ങള്‍ തമ്മില്‍ പല തവണ കണ്ടിട്ടുമുണ്ട്. നിരവധി പ്രശ്‌നങ്ങളില്‍ സജീവമായ ചര്‍ച്ചയുണ്ടാകും. എല്ലാ വിഷയങ്ങളിലും പരസ്പരധാരണയും സഹകരണവും വളര്‍ത്തിയെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം.'' ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍ ചേര്‍ന്ന ഇഛജ 27 കാലാവസ്ഥാ ഉച്ചകോടിയില്‍ സംബന്ധിച്ചശേഷമാണ് അദ്ദേഹം നേംപെന്‍ വഴി ബാലിയിലെത്തിയത്. സമ്മേളനത്തലേന്നുതന്നെ ബാലിയിലെത്തിയ ബൈഡനും ഷി യും ഒരുമിച്ചിരുന്ന് മൂന്നു മണിക്കൂറോളം ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തേക്കുവന്ന ബൈഡന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: ''ചൈനയുമായി ഒരു ശീതയുദ്ധത്തിനോ നേരിട്ടുള്ള ഏറ്റുമുട്ടലിനോ ഇല്ല. തയ്‌വാനെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാന്‍ ചൈന തുനിയുകയില്ലെന്നാണ് എന്റെ പ്രതീക്ഷ.''
ഒക്‌ടോബറില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിയും മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനും മൂന്നാം തവണയും പ്രസിഡന്റായി നിയമിതനാവുകയും ചെയ്ത ഷി ജിന്‍പിംഗും, ഈ മാസം 8-ാം തീയതിയിലെ ഉപതിരഞ്ഞെടുപ്പുകളില്‍ മേല്‍ക്കൈ നേടിയ ജോ ബൈഡനും വര്‍ധിതമായ ആത്മവിശ്വാസത്തോടെയാണ് ബാലിയിലെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യു എസ് പ്രതിനിധി സഭാസ്പീക്കര്‍ നാന്‍സി പെലോസി ചൈനയുടെ എതിര്‍പ്പിനെ അവഗണിച്ചും തയ്‌വാന്‍ സന്ദര്‍ശിച്ചത് ഇന്തോ-പസഫിക് മേഖലയില്‍   വലിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തയ്‌വാന്‍ദ്വീപിനു ചുറ്റും സൈനികവലയം തീര്‍ത്താണ് ചൈന പ്രതികരിച്ചത്. മിസൈലുകള്‍ വഹിക്കുന്ന നിരവധി പോര്‍വിമാനങ്ങള്‍ തയ്‌വാന്റെ വ്യോമാതിര്‍ത്തി ലംഘിച്ചു പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. 'ഏകചൈനാവാദം' മുമ്പേതന്നെ അംഗീകരിച്ച യു എസ് ഭരണകൂടം ചൈനയെ ചൊടിപ്പിച്ചുകൊണ്ട് തയ്‌വാനുമായി കരാറുണ്ടാക്കുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഐക്യരാഷ്ട്രസംഘടനയിലെ 193 രാജ്യങ്ങളില്‍ 13 എണ്ണം മാത്രമേ തയ്‌വാനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുള്ളൂ. അമേരിക്കയ്ക്കുപോലും തയ്‌വാനുമായി നയതന്ത്രബന്ധങ്ങളില്ല. ഏതായാലും, പെലോസിയുടെ സന്ദര്‍ശനമുണ്ടാക്കിയ മുറിവുണക്കാന്‍ രണ്ടു രാഷ്ട്രത്തലവന്മാരുടെയും കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. എന്നാല്‍, ചൈനയുടെ കഴുകന്‍കണ്ണുകള്‍ ഇപ്പോഴും തയ്‌വാന്റെമേലുണ്ടെന്നും ഒരു ബലപരീക്ഷണത്തിന് ചൈന മുതിര്‍ന്നേക്കുമെന്നും അമേരിക്കന്‍ രഹസ്യാന്വേഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.
റഷ്യയൊഴികെയുള്ള എല്ലാ ജി-20 രാജ്യങ്ങളിലെയും പ്രസിഡന്റുമാരോ പ്രധാനമന്ത്രിമാരോ സമ്മേളനത്തില്‍ പങ്കെടുക്കുമ്പോഴും റഷ്യന്‍ പ്രതിനിധിയായി എത്തിയത് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവായിരുന്നു. യുക്രെയ്‌നിലെ അനാവശ്യകടന്നുകയറ്റത്തിന്റെ പേരില്‍ ലോകരാജ്യങ്ങളുടെ മുമ്പില്‍ കുറ്റക്കാരനായി മാറിയ വ്‌ളാഡിമിര്‍ പുടിന്‍ സമ്മേളനത്തിന് എത്താതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ 2019നു ശേഷം ഷി ജിന്‍പിംഗുമായി സംസാരിച്ചിട്ടില്ലെന്നതും സമ്മേളനത്തിന് മങ്ങലേല്പിച്ചു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15-ാം തീയതി ഉസ്‌ബെക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ സംഘടിപ്പിച്ച ഷാംഗ്ഹായ് സഹകരണകൗണ്‍സില്‍ യോഗത്തില്‍ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും ശത്രുക്കളെപ്പോലെ അകലം പാലിക്കുകയായിരുന്നു. ബാലിയിലെ സമ്മേളനത്തിലും ഇരുവരുടെയും പരിപാടികളില്‍ കൂടിക്കാഴ്ചയ്ക്ക് സമയം തീരുമാനിച്ചിരുന്നില്ല. എന്നാല്‍, ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണുമായും അര്‍ജന്റീനിയന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടസുമായും വേറെ ഏതാനും രാഷ്ട്രത്തലവന്മാരുമായും ഷി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
വടക്കന്‍കൊറിയയെ തളയ്ക്കണം
ജപ്പാന്റെയും ദക്ഷിണകൊറിയയുടെയും സമുദ്രാതിര്‍ത്തികളിലേക്ക് മിസൈലുകളയച്ചു ഭയപ്പെടുത്തുന്ന വടക്കന്‍ കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ നിലയ്ക്കു നിറുത്തണമെന്നും ഷിയോട് ബൈഡന്‍ ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ട്. അധികം വൈകാതെ തന്നെ തങ്ങളുടെ ഏഴാമത്തെ ന്യൂക്ലിയര്‍ മിസൈല്‍ വിക്ഷേപിക്കുമെന്ന ഉന്നിന്റെ മുന്നറിയിപ്പിനെതിരേ ശക്തമായി പ്രതികരിക്കുകയായിരുന്നു ബൈഡന്‍. മിസൈലുകളും ആണവായുധങ്ങളും പ്രദേശത്ത് കുന്നുകൂട്ടുന്നതും പരീക്ഷണങ്ങള്‍ നടത്തുന്നതും ആപത്കരമായ പ്രവണതയാണെന്നും അതിനനുസരിച്ച് തങ്ങളുടെ സൈനികശക്തി ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിപ്പിക്കേണ്ടിവരുമെന്നും ബൈഡന്‍ ഷിയെ ഓര്‍മ്മിപ്പിച്ചു. കിം ജോംഗ് ഉന്‍ ഷിയുടെ അടുത്ത സുഹൃത്തായതിനാല്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഷിയ്ക്കു കഴിയും.
ചൈനയും യു എസും തമ്മില്‍ വിവിധ മേഖലകളിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന ഉത്തമവിശ്വാസം തനിക്കുണ്ടെന്ന് സമ്മേളനത്തിനു പുറപ്പെടുംമുമ്പ് ഷി ജിന്‍പിംഗ് ബെയ്ജിംഗില്‍വച്ച് സൂചിപ്പിച്ചിരുന്നു: ''ഈ ഭൂമി വിശാലമാണ്, രണ്ടു  കൂട്ടരെയും ഉള്‍ക്കൊള്ളാന്‍ ഭൂമിക്കു കഴിയും. പരസ്പരവിശ്വാസത്തോടെയും  ബഹുമാനത്തോടെയും സമാധാനപരമായ സഹവര്‍ത്തിത്വത്തോടെയും രണ്ടുകൂട്ടര്‍ക്കും മുമ്പോട്ടു പോകാനാകും. അതേസമയം, ഓരോരുത്തരുടെയും പരമാധികാരവും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടുകയും വേണം.''
 യുക്രെയ്ന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യയ്‌ക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ അയവു വരുത്തണമെന്ന ഷി യുടെ നിലപാടിനെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പിന്തുണച്ചു.
യുക്രെയ്ന്‍ പ്രശ്‌നത്തിന് പരിഹാരമായി വെടിനിറുത്തലിന്റെയും സമാധാനത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കാനാണ് ലോകരാജ്യങ്ങളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടത്. റഷ്യയില്‍നിന്ന് ഇന്ധനവും ഊര്‍ജവും വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിനുള്ള മോദിയുടെ മറുപടി ഇപ്രകാരമായിരുന്നു: ''ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന നിലയില്‍ ഊര്‍ജസുരക്ഷിതത്വം ഞങ്ങള്‍ക്കു പരമപ്രധാനമാണ്. ഊര്‍ജവിപണിയില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ട സമയം ഇതല്ല, യുദ്ധത്തിനുള്ള സമയവും ഇതല്ല. ശ്രീബുദ്ധന്റെയും മഹാത്മഗാന്ധിയുടെയും മണ്ണില്‍ ജീവിക്കുമ്പോള്‍ ലോകസമാധാനത്തെക്കുറിച്ച് ശക്തമായ സന്ദേശം നല്‍കാന്‍ ഞങ്ങള്‍ക്കു കഴിയും.'' 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)