•  16 May 2024
  •  ദീപം 57
  •  നാളം 10
ഈശോ F r o m t h e B i b l e

വിധി

വിധിയാളന്‍ വിധിക്കപ്പെട്ടു. കലിതുള്ളിനിന്ന കാപാലികരുടെ കണ്ഠനാളങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജം കൊടുത്തുകൊണ്ട് ലോകം കേട്ടതില്‍വച്ച് ''അപൂര്‍വങ്ങളില്‍ അപൂര്‍വമായ'' വിധിവാചകം ഉച്ചരിക്കപ്പെട്ടു. കരുക്കള്‍ നീക്കിയപോലെതന്നെ കാര്യങ്ങള്‍ പുരോഗമിക്കുന്നതു കണ്ടവര്‍ക്ക് ആത്മഹര്‍ഷം. ഉള്‍ത്തടത്തില്‍ വിജയത്തിന്റെ പെരുമ്പറനാദം. എങ്കിലും, ആ വിധിപ്രസ്താവംകേട്ട് അവന്‍ വിതുമ്പിയില്ല; ഇളവിനായി ഇരന്നില്ല. വിധിക്കുശേഷവും ''എന്താണു സത്യം?'' എന്ന ചോദ്യം ഉത്തരം കിട്ടാതെ വീര്‍പ്പുമുട്ടിനിന്നു. ജീവിതത്തില്‍ വ്യാജവിധികള്‍ നമുക്കെതിരേ ഉച്ചരിക്കപ്പെട്ട ചില ''ഗബ്ബാത്താ'' അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. കാതോരത്ത് ഇന്നും മുഴങ്ങിനില്ക്കുന്ന ചില വിധിവാക്യങ്ങളും നമ്മുടെ നാശം മാത്രം ലക്ഷ്യമാക്കി ചിലര്‍ നിരത്തിയ ദൂഷണങ്ങളുമൊക്കെ നമ്മെ വല്ലാതെ തീ തീറ്റുന്നുണ്ടാവും. മനസ്സു മടുക്കേണ്ട; നമ്മെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഒരു ശക്തി ശിരസ്സിനു മീതേയുണ്ട്. അവന്റെ അന്തിമവിധിയാണ് നമ്മെ നിത്യമായി ബാധിക്കാന്‍ പോകുന്നത്. നിത്യരക്ഷയോ നിത്യശിക്ഷയോ നല്കപ്പെടുന്ന നമ്മുടെ അന്ത്യവിധിയെ ശാന്തതയോടെ നേരിടാന്‍ നമുക്കാവുമോ?
പ്രീതിക്കും പ്രീണനത്തിനുംവേണ്ടി സത്യത്തെ ഹത്യ ചെയ്യാനുള്ള മനുഷ്യനിലെ ദുഷ്പ്രവണതയുടെ പ്രതീകമാണ് പീലാത്തോസ്. തന്റെ മുമ്പില്‍നിന്ന നസ്രായന്റെ കല്മഷരാഹിത്യത്തെപ്പറ്റി അറിയാമായിരുന്നിട്ടും, സഹഹധര്‍മിണിയുടെ സ്വപ്നത്തിലൂടെ മതിയായ സൂചനകള്‍ ലഭിച്ചിട്ടും സമൂഹത്തിലെ സമ്പന്നരുടെയും സ്ഥാനപതികളുടെയുമൊക്കെ സമ്മര്‍ദത്തിനുവഴങ്ങി വ്യാജവിധി പുറപ്പെടുവിച്ച അന്യായാധിപന്‍. അധികാരത്തെയും അംഗീകാരത്തെയും അങ്ങേയറ്റം ആരാധിച്ചിരുന്ന അയാള്‍ക്കു മറ്റു മാര്‍ഗമൊന്നുമില്ലായിരുന്നു. 
നുണ പറയുമ്പോള്‍, യാഥാര്‍ഥ്യത്തെ പൂഴ്ത്തിവയ്ക്കുമ്പോള്‍, ഉള്ളതുപറയാന്‍ ഭയക്കുമ്പോള്‍, വ്യാജത്തിന്റെ പക്ഷംചേര്‍ന്നുകൊണ്ടുള്ള മറ്റുള്ളവരുടെ ആദരവിനും അംഗീകാരത്തിനും പാത്രമാകുമ്പോള്‍ നമ്മിലും ഒരു പീലാത്തോസ് അന്യായവിധിയുടെ ചുരുളുകളുമേന്തി നിലയുറപ്പിക്കുന്നുണ്ട്. നമ്മിലെ പീലാത്തോസിനെ കല്‍ത്തുറങ്കിലടയ്ക്കാനുള്ള കരുത്താര്‍ജിക്കാം. നമ്മുടെ നിലപാടുകളും നിഗമനങ്ങളും നിഷ്പക്ഷമായിരിക്കട്ടെ. നേരിന്റെ നിരത്തിലൂടെയാകണം നമ്മുടെ സഞ്ചാരം. ജീവിതത്തില്‍ വിധിയെഴുത്ത് കഴിവതും ഒഴിവാക്കുക. രക്ഷയും ശിക്ഷയും നല്‍കുന്നവന് അതൊക്കെ വിട്ടുകൊടുക്കാം. മറ്റുള്ളവരെക്കുറിച്ചു നാം കുറിച്ച വിധി പ്രസ്താവനകളെ മനഃസാക്ഷിയുടെ മിഴികളിലൂടെ പുനര്‍വായിക്കാന്‍ പരിശ്രമിക്കാം. ചിലരുടെ പേരുകള്‍ക്കു നാമിട്ട ചില അടിവരകളിലും സ്വഭാവങ്ങള്‍ക്കു ചാര്‍ത്തിയ നിറക്കൂട്ടുകളിലും പറ്റിപ്പോയ തെറ്റുകള്‍ വസ്തുതകളുടെ വെട്ടത്തില്‍  കണ്ടെത്താം. മുന്‍വിധികളിലൂടെ നഷ്ടപ്പെട്ടുപോയ ബന്ധങ്ങളെ തിരികെപ്പിടിക്കാം. സത്യസന്ധതയെ സ്ഥിരബന്ധുവാക്കാം. വിധിക്കാനല്ല, വാഴ്ത്താനും അതുവഴി വളര്‍ത്താനുമാണ്  നമ്മുടെ നാവ് ഇനിമേല്‍ ചലിക്കേണ്ടത്.

 

Login log record inserted successfully!