•  16 May 2024
  •  ദീപം 57
  •  നാളം 10
കാഴ്ചയ്ക്കപ്പുറം

ഭാര്യാസങ്കല്പങ്ങള്‍ മാറിമറിയുമ്പോള്‍

പൂമുഖവാതില്ക്കല്‍ സ്‌നേഹം  
വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ
.............................................
ഭൂമിയെക്കാളും ക്ഷമയുളള
സൗഭാഗ്യദേവിയാണെപ്പോഴും ഭാര്യ
മന്ദസ്മിതങ്ങളാല്‍ നീറും മനസ്സിനെ
ചന്ദനം ചാര്‍ത്തുന്നു ഭാര്യ...

എത്ര ഭര്‍ത്താക്കന്മാര്‍ ഈ പാട്ടും ഇതിലെ  വരികളും തങ്ങളുടെ ജീവിതത്തില്‍ നൂറു ശതമാനം സത്യമാണെന്നു സമ്മതിക്കും? ഒറ്റയ്ക്കും തെറ്റയ്ക്കുമായി ആരെങ്കിലുമൊക്കെ കൈ പൊക്കിക്കാണിക്കുമെന്നല്ലാതെ ഭൂരിപക്ഷവും ഇത് തങ്ങളുടെ ജീവിതത്തില്‍ ബാധകമല്ലെന്ന മട്ടില്‍ സത്യസന്ധമായി പ്രതികരിക്കുമെന്നാണു കരുതുന്നത്. കാരണം, ഒരു ഭാര്യയ്ക്കും ഈ വരികള്‍ക്കൊപ്പം ജീവിക്കാന്‍ കഴിയില്ല എന്നതാണു യാഥാര്‍ഥ്യം, പ്രത്യേകിച്ച് ഇന്നത്തെക്കാലത്ത്. അതുകൊണ്ടുതന്നെ കാലഹരണപ്പെട്ട ഭാര്യാസങ്കല്പമാണ് ഇതെന്നു പറയേണ്ടിവരും. എന്നാല്‍, അവിടവിടെയായി ഈ ഗാനത്തിന്റെ വരികളെ സ്വാംശീകരിക്കുന്നവരാണു ഭൂരിപക്ഷം സ്ത്രീകളും. ഒരു ഭാര്യ എങ്ങനെയൊക്കെയായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പുരുഷന്റെ സങ്കല്പവും മോഹവും മാത്രമായി മാത്രമേ ഈ പാട്ടിനെ നമുക്കു കാണേണ്ടതുള്ളൂ. ഒരു സ്ത്രീയല്ല പുരുഷനാണ് ഗാനരചയിതാവ് എന്നും ശ്രദ്ധിക്കണം. പുരുഷന്റെ നടക്കാതെപോയ സ്വപ്‌നങ്ങളാണ് അയാളുടെ കവിതയായും ഗാനമായും കഥയായും പ്രത്യക്ഷപ്പെടുന്നത്. അതുപോലെ, അവന്റെ വേദനകളും സങ്കടങ്ങളും.
 ഭാര്യാസങ്കല്പങ്ങള്‍ മാറിമറിയുകയും കുടുംബം എന്ന വ്യവസ്ഥിതിയില്‍ ഒരു പൊളിച്ചെഴുത്തു നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണിത്. മുന്‍ലക്കങ്ങളിലൊരിക്കല്‍, മാറുന്ന കാലത്തിലെ സ്ത്രീയടയാളങ്ങളെക്കുറിച്ച് എഴുതിയത് ചിലരെങ്കിലും ഓര്‍മിക്കുന്നുണ്ടാവും. അതില്‍ പരാമര്‍ശിച്ച ചില സിനിമകളുടെ പരാമര്‍ശിക്കാതെപോയ ചില വശങ്ങളെ പ്രതിപാദിച്ചുകൊണ്ട് ഈ പൊളിച്ചെഴുത്ത് ഇന്ന് എങ്ങനെയാണു സംഭവിച്ചിരിക്കുന്നതെന്നു വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ചിന്താവിഷ്ടയായ ശ്യാമളയും ഹൗ ഓള്‍ഡ് ആര്‍ യൂവുമാണ് മുമ്പു പരാമര്‍ശിച്ചു കടന്നുപോയ സിനിമകള്‍. രണ്ടിലും സ്ത്രീയുടെ ഉയിര്‍ത്തെഴുന്നേല്പും അതിജീവനവുമുണ്ട്. പുരുഷനെക്കൂടാതെ ജീവിക്കാമെന്നു തെളിയിച്ചവരാണ് ഈ സിനിമകളിലെ നായികമാരായ ശ്യാമളയും നിരുപമയും. സ്വന്തം കാലിബര്‍ തിരിച്ചറിഞ്ഞവര്‍.
എങ്കിലും അവര്‍ ഉള്ളിന്റെയുള്ളില്‍ പുരുഷനെ, ഭര്‍ത്താവിനെ സ്‌നേഹിക്കുന്നവരാണ്. കുടുംബം എന്ന വ്യവസ്ഥയ്ക്കുള്ളില്‍ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടാണ്, തിരിച്ചുവരുന്ന ഭര്‍ത്താവിനെ ശ്യാമള സ്വീകരിക്കുന്നത്. വിദേശത്തു താമസിക്കുന്ന ഭര്‍ത്താവിനും മകള്‍ക്കും ഒരു ജോലിക്കാരിയായിട്ടാണെങ്കിലും താന്‍ ആവശ്യമുണ്ട് എന്നു തിരിച്ചറിയുമ്പോള്‍ സ്വന്തമായി കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങള്‍ അടിയറവച്ച് ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ നിരുപമയും തയ്യാറാകുന്നുണ്ട്. ഇവിടെ ആത്മപ്രകാശമുള്ളവരായിരുന്നിട്ടും, സ്വന്തംകാലില്‍ നില്ക്കാന്‍ ത്രാണിയുള്ളവരാണെന്നു തെളിയിച്ചുകൊടുത്തിട്ടും ഭര്‍ത്താവിന്റെ തോളിലേക്കു ശിരസ്സു ചേര്‍ത്തും അയാള്‍ക്കൊപ്പം കൈകോര്‍ത്തും വിരുദ്ധാശയങ്ങളുടെ ഈ ലോകത്തു സമാധാനത്തോടെ ജീവിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണ് ഈ നായികമാര്‍ പറയുന്നത്.
കുടുംബം എന്ന വ്യവസ്ഥയ്ക്ക് അവര്‍ കൊടുക്കുന്ന പ്രാധാന്യമാണ്  ഇതിലൂടെ തെളിയിക്കപ്പെടുന്നത്. നമ്മുടെയൊക്കെ ഉള്ളില്‍ പരമ്പരാഗതമായി കടന്നുകൂടിയിട്ടുള്ള ഒരു മൂല്യബോധമുണ്ട്, ജീവിതാദര്‍ശവും നിലപാടുകളുമുണ്ട്. കുടുംബം എന്ന വ്യവസ്ഥിതിക്കും അതിനകത്തുള്ള ആളുകള്‍ക്കും എന്തെല്ലാം കുറവുകളുണ്ടെങ്കിലും അതുമായി പൊരുത്തപ്പെട്ടുപോകാന്‍ ശ്രമിക്കുക എന്നതായിരുന്നു അടുത്തകാലംവരെയുള്ള പൊതുരീതി. ആ പൊതുരീതിക്കനുസരിച്ചുതന്നെയാണ് ശ്യാമളയും നിരുപമയും മുന്നോട്ടുപോകുന്നത്.
പക്ഷേ, 2021-22 ല്‍ എത്തുമ്പോള്‍ ആ രീതി മാറിമറിയുന്നു, സിനിമയില്‍ മാത്രമല്ല ജീവിതത്തിലും. ഭര്‍ത്താവോ കുടുംബമോ കുഞ്ഞുങ്ങളോ ഇല്ലെങ്കിലും തങ്ങള്‍ക്കു ജീവിക്കാനറിയാമെന്നാണ് അവരുടെ പ്രഖ്യാപനം. യോജിച്ചുപോകാന്‍ കഴിയാത്ത ബന്ധങ്ങളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് അവര്‍ തീരുമാനിക്കുന്നു. ഈ തീരുമാനത്തിലെത്താന്‍ പല രീതികളാണ് അവര്‍ അവലംബിക്കുന്നത്.
ഏറെ കൊട്ടിഘോഷിക്കപ്പെടുകയും ഇടതുപക്ഷ ബുദ്ധിജീവികള്‍ പരക്കെ പ്രശംസിക്കുകയും ചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' എന്ന സിനിമയിലെ ക്ലൈമാക്സ് നോക്കുക. തന്നെ മനസ്സിലാക്കാത്ത, തന്നെ വെറുമൊരു അടിമയെപ്പോലെ പരിഗണിക്കുന്ന ഭര്‍ത്താവിന്റെ തലയില്‍ അഴുക്കുവെള്ളം കമിഴ്ത്തിയതിനുശേഷം ഓടി രക്ഷപ്പെടുകയാണ് പ്രസ്തുത ചിത്രത്തിലെ നായിക.
അഴുക്കുവെള്ളം കോരിയൊഴിക്കാന്‍മാത്രം ദുഷ്ടനായ കഥാപാത്രമൊന്നുമല്ല അവളുടെ ഭര്‍ത്താവ്. നാട്ടിന്‍പുറത്തുകാരനും അധ്യാപകനും പാരമ്പര്യവാദിയുമായ അയാള്‍ ചില ശീലങ്ങളില്‍പ്പെട്ടുകിടക്കുന്ന വ്യക്തിയാണെന്നേയുള്ളൂ. വ്യക്തിപരമായി വിയോജിപ്പു തോന്നിയത് ഭാര്യയെ അയാള്‍ അവളുടെ കഴിവനുസരിച്ചു ജോലി ചെയ്യാനോ നൃത്തം ചെയ്യാനോ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന കാര്യത്തിലും സ്വന്തം ലൈംഗികതാത്പര്യങ്ങള്‍ തുറന്നുപറയുന്നതില്‍ കാണിച്ച അസഹിഷ്ണുതയുടെ പേരിലും മാത്രമാണ്. നൃത്തവും സ്വപ്‌നങ്ങളുമൊക്കെയായി ജീവിച്ച ഒരു പെണ്‍കുട്ടിയെ മൂന്നുപേര്‍ മാത്രമടങ്ങുന്ന ഒരു തറവാടുവീട്ടിലേക്ക് പറഞ്ഞയച്ച അവളുടെ വീട്ടുകാരാണ്, അവളുടെ ഭര്‍ത്താവിനെക്കാള്‍ കുറ്റക്കാര്‍. കാരണം, ഓരോ വീടിനും ഓരോ സംസ്‌കാരമുണ്ട്. ആ സംസ്‌കാരത്തോടു യോജിച്ചുപോകുന്ന ബന്ധങ്ങളാണു തിരഞ്ഞെടുക്കേണ്ടത്.
അഴുക്കുവെള്ളം ഭര്‍ത്താവിന്റെ തലയില്‍ കമിഴ്ത്തി ഓടി രക്ഷപ്പെടുന്ന ഭാര്യയും അവളെ അതിനു പ്രേരിപ്പിച്ച സാഹചര്യങ്ങളും അവാസ്തവമാകുമ്പോഴും ഇത്തരത്തിലുള്ള സ്ത്രീജീവിതത്തോട് കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടെ സമീപിച്ച സിനിമയാണ് രണ്ടാഴ്ചമുമ്പു പുറത്തിറങ്ങിയ ജയ ജയ ജയ ജയഹേ. ടോക്‌സിക് ബന്ധമാണ് ഇവിടെയും. പക്ഷേ, ആദ്യത്തേതിനെക്കാള്‍ ഇവിടത്തെ പ്രശ്‌നങ്ങള്‍ക്കു ജനുവിനിറ്റിയുണ്ട്, സ്വാഭാവികതയുമുണ്ട്.
അടിക്കുമ്പോള്‍ തിരിച്ചടിക്കുന്ന ജയയ്ക്ക്, ഭര്‍ത്താവിനെ നേരിടാന്‍ കരാട്ടെ പഠിക്കുന്ന ജയയ്ക്ക് മുന്‍ഗാമി  ചേട്ടായിസിനിമയിലെ നായികയാണെന്നു തോന്നുന്നു. സൗഹൃദങ്ങളുടെ ചതുരംഗക്കളത്തില്‍ കാലാളും രാജാവുമൊക്കെയായി ജീവിക്കുന്ന ഭര്‍ത്താവിനെ തന്റേതുമാത്രമായി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ഭാര്യയാണ് ഈ ചിത്രത്തിലുള്ളത്.  പതിവുപോലെയുളള ഒരു വഴക്കിനൊടുവില്‍ അവളെ അയാള്‍ അടിക്കുന്നുണ്ട്. ഒരു നിമിഷംപോലും വൈകാതെ അവള്‍ അയാളെ തിരിച്ചടിക്കുകയാണ്. ഇതാണു പുതിയ കാലത്തിലെ ഭാര്യ. കര്‍മത്തില്‍ ദാസിയൊന്നുമല്ല അവള്‍, രൂപത്തില്‍ അഗ്‌നിയാകുമ്പോഴും.
വേദനിച്ചാല്‍ തിരിച്ചടിക്കുമെന്നതാണ് അവരുടെ പൊതുലൈന്‍. മാത്രവുമല്ല, അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണമെന്ന പഴഞ്ചൊല്ലുകളോടും അവര്‍ക്ക് ആഭിമുഖ്യമില്ല. പരസ്പരാദരവോടും  ബഹുമാനത്തോടും  സഹായമനഃസ്ഥിതിയോടും സഹകരിച്ചു മുന്നോട്ടുപോകേണ്ടവരാണ് ദമ്പതികളെന്നും ഇതിനു വിരുദ്ധമായി ജീവിക്കേണ്ടതില്ലെന്നുമുള്ള പൊതുനിലപാടിലാണ് ഇന്നത്തെ ഭൂരിപക്ഷം സ്ത്രീകളും. അവര്‍ പുതിയ കാലത്തെ പെണ്‍കുട്ടികളാണ്.
നിഷിദ്ധമായി കണക്കാക്കിയിരുന്ന വിവാഹമോചനം  ഇന്ന് അവര്‍ക്കു സ്വീകാര്യമായി. വിവാഹമോചനം സാധാരണ സംഭവമായി.  സിവില്‍ കോടതികളിലും മറ്റും ഓരോ വര്‍ഷവും  വന്നുകൊണ്ടിരിക്കുന്ന വിവാഹമോചനക്കേസുകളുടെ കാര്യം ഇതാണു വ്യക്തമാക്കുന്നത്. ഇബ്‌സന്റെ പാവവീട് എന്ന നാടകത്തിലെ നോറ തന്നെ അസ്വാസ്ഥ്യപ്പെടുത്തുന്ന കുടുംബവ്യവസ്ഥയില്‍നിന്നു വാതില്‍ കൊട്ടിയടച്ച് ഇറങ്ങിപ്പോയതിന്റെ മുഴക്കം യൂറോപ്പിലെ സകലമാനകുടുംബങ്ങളിലും മുഴങ്ങിയെന്നാണ് നാടകചരിത്രം. ആ മുഴക്കം ഇനിയുള്ള കാലങ്ങളില്‍ നമ്മുടെ സമൂഹത്തിലും മുഴങ്ങുമെന്നതിന്റെ സൂചനയാണ് ഇത്തരത്തിലുളള പല സിനിമകളും.
ബോധപൂര്‍വം വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുകയോ കുടുംബവ്യവസ്ഥയെ തകര്‍ക്കുകയോ ആണെന്നു പറയാന്‍കഴിയില്ലെങ്കിലും ഈ സിനിമകള്‍വഴിയുള്ള സ്വാധീനം പുതുതലമുറയെ നെഗറ്റീവായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രശ്‌നങ്ങളെ നേരിടുന്നത് സമരസപ്പെട്ടുകൊണ്ടല്ല, എതിര്‍ത്തുതോല്പിച്ചുകൊണ്ടാണ് എന്നതാണ് ഈ വ്യത്യാസം. പണ്ടത്തെ സിനിമകളില്‍ കണ്ണീര്‍പ്പുത്രിമാരും സഹനദാസികളുമായിട്ടാണ് നായികമാരെ അവതരിപ്പിച്ചിരുന്നതെങ്കില്‍, ഇന്ന് ജനപ്രിയസീരിയലുകളില്‍പ്പോലും അതിനു മാറ്റം വന്നുകഴിഞ്ഞു. സഹിക്കാന്‍ മനസ്സില്ലാത്തവരും പൊരുത്തക്കേടുകളോടു സഹിഷ്ണുതയില്ലാത്തവരുമാണ് അവര്‍.
 ഒരേ മേല്‍ക്കൂരയ്ക്കു താഴെ ഇരുധ്രുവങ്ങളില്‍ ജീവിക്കുന്നതിനെക്കാള്‍ നല്ലത് കൈകൊടുത്തുപിരിയുകയും ആരോഗ്യകരമായ ബന്ധം പിന്നീട് നിലനിറുത്തുകയും ചെയ്യുകയാണ് എന്ന വിദേശസങ്കല്പം നമ്മളെയും സ്വാധീനിച്ചിട്ടുണ്ട്. സ്പിരിറ്റ് എന്ന രഞ്ജിത്ത്- മോഹന്‍ലാല്‍ സിനിമയാണ് ഇക്കാര്യത്തിലെ ആദ്യമാതൃക.
മാധ്യമപ്രവര്‍ത്തകനും ആല്‍ക്കഹോളിക്കുമായ നന്ദഗോപനും ഭാര്യയും നിയമപരമായി വിവാഹമോചിതരാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ എന്നനിലയില്‍ പരസ്പരം യോജിച്ചുപോകാന്‍ കഴിയാതെവരുമ്പോഴും സുഹൃത്തുക്കളായിത്തുടരുന്നതില്‍ അവര്‍ക്കു യാതൊരു ബുദ്ധിമുട്ടുമില്ല. മുന്‍ഭാര്യയുടെ ഭര്‍ത്താവുമായി അടുത്തബന്ധം പുലര്‍ത്താനും അവരുടെ കുടുംബത്തിലെ നല്ലൊരംഗമായി പെരുമാറാനും നന്ദഗോപന് എളുപ്പം കഴിയുന്നുമുണ്ട്. വിവാഹമോചനത്തോടെ പങ്കാളി ശത്രുവായി മാറുന്നില്ല എന്നതാണ് ഇതിന്റെ ഗുണം. മാത്രവുമല്ല, മറ്റു പല മേഖലകളിലും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു സാധിക്കുകയും ചെയ്യും.
കാരണം, ദാമ്പത്യം എന്ന ചാവേറുതറയില്‍ നില്ക്കുമ്പോള്‍ മോശപ്പെട്ട വ്യക്തികളാകുമ്പോഴും ഒറ്റയ്‌ക്കൊറ്റയ്ക്കു നില്ക്കുമ്പോള്‍ അല്ലെങ്കില്‍ ആ കളത്തില്‍നിന്ന് പുറത്തുനില്ക്കുമ്പോള്‍ ഇരുവരും നല്ല വ്യക്തികളാണ്. വിദേശങ്ങളില്‍ നാം കണ്ടുവരുന്ന ഈ സംസ്‌കാരമാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലേക്കും വ്യാപിച്ചിരിക്കുന്നത്.
സത്യസന്ധമായി ദാമ്പത്യത്തെ വീക്ഷിക്കുമ്പോള്‍ മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. അപൂര്‍വം ചില കേസുകളിലൊഴികെ ദാമ്പത്യപ്രശ്‌നങ്ങള്‍ക്ക് ഇരുവരും ഒന്നുപോലെ കുറ്റക്കാരാണ്. പക്ഷേ, സമ്മതിച്ചുതരില്ലെന്നുമാത്രം. അസഹനീയമായ ദാമ്പത്യബന്ധങ്ങളില്‍നിന്നുളള വിടുതല്‍ അത്യാവശ്യമാകുമ്പോഴും ചെറിയ ചെറിയ കാര്യങ്ങളുടെ പേരിലുള്ള വിവാഹമോചനങ്ങളെ അംഗീകരിക്കാനാവില്ല. പരസ്പരം യോജിച്ചുപോകാന്‍ കഴിയില്ലെന്ന് ഉറപ്പുണ്ടായിട്ടും മക്കള്‍ക്കുവേണ്ടി ഏതു വിധേനയും ജീവിച്ചുപോകാന്‍ സന്നദ്ധരാകുന്ന അനേകം ദമ്പതിമാരുണ്ട്.
ദാമ്പത്യത്തിലെ എല്ലാ പ്രശ്‌നങ്ങളെയും പര്‍വതീകരിക്കുകയും അവയ്‌ക്കെല്ലാമുള്ള ഏകപോംവഴി വിവാഹമോചനമാണെന്നു സ്ഥാപിക്കുകയും ചെയ്യുന്നതിലൂടെ കുടുംബവ്യവസ്ഥയ്ക്കാണ് ഇളക്കം സംഭവിക്കുന്നത്. വിവാഹമോചനങ്ങളുടെ വ്യാപകമായ സ്വാധീനം രൂപപ്പെടുന്നതിനുമുമ്പുതന്നെ മാര്യേജ് ആക്ടും താലിയുമൊന്നും വേണ്ട എന്ന മട്ടിലുള്ള റെവല്യൂഷന്‍ (സൈന്യം സിനിമയിലെ പാട്ടിലെ വരികള്‍) ഇവിടെ അരങ്ങേറിയിട്ടുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ലിവിങ് ടുഗെദര്‍ സമ്പ്രദായങ്ങള്‍ വ്യാപകമായത്. അത്തരമൊരു കീഴ്‌വഴക്കം ഇനിയും പ്രബലപ്പെടുന്നതിന് ഇത്തരത്തിലുള്ള സിനിമകള്‍ പ്രേരകമാകുന്നുണ്ടെന്നും പറയാതെവയ്യ.
ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ കേന്ദ്രീകരിച്ചു പറയുന്ന എല്ലാ സിനിമകളും പുരുഷനെ പ്രതിക്കൂട്ടിലാക്കുന്നവയാണ്. എന്നാല്‍, പുരുഷനും ഇരയാക്കപ്പെടുന്ന എത്രയോ സംഭവങ്ങളുണ്ട്. ദാമ്പത്യത്തില്‍ പുരുഷന്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കു ശ്രദ്ധപതിപ്പിക്കുന്ന പുരുഷകേന്ദ്രീകൃതമായ സിനിമകള്‍ എന്നാണാവോ വരിക?

Login log record inserted successfully!