പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ പ്രീഫെക്റ്റായി ഇറ്റലിക്കാരനായ ആര്‍ച്ചുബിഷപ് ക്ലാവുദിയോ ഗുജെറോത്തിയെ (ക്ലൗഡിയോ ഗുഗെറോത്തി) ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. 79 വയസ്സുള്ള കര്‍ദിനാള്‍ ലിയോനാര്‍ഡോ സാന്ദ്രി സ്ഥാനമൊഴിയുന്നതിനാലാണ് 67 വയസ്സുള്ള ആര്‍ച്ചു ബിഷപ് ക്ലാവുദിയോ (ക്ലൗഡിയോ) ഈ സ്ഥാനത്തേക്കു നിയമിതനായത്. 1955 ല്‍ ഇറ്റലിയിലെ വെറോണയില്‍ ജനിച്ച ഇദ്ദേഹം 1982 മേയ് 29ന് പൗരോഹിത്യം സ്വീകരിച്ചു. വെനീസിലെ ''കാ'' ഫോസ്‌കറി' യൂണിവേഴ്‌സിറ്റിയില്‍നിന്ന് പൗരസ്ത്യഭാഷകളിലും സാഹിത്യത്തിലും ബിരുദം നേടി. പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഥീനിയം സെന്റ് അന്‍സെല്‍മോയില്‍നിന്നു പാസ്റ്ററല്‍ ലിറ്റര്‍ജിയില്‍ ബിരുദാനന്തരബിരുദം നേടിയശേഷം പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഓറിയന്റല്‍ എക്ലെസിയാസ്റ്റിക് സയന്‍സസില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. വെനീസ്, പാദുവ, റോം എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലും പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും അദ്ദേഹം അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
1985 ല്‍ അദ്ദേഹം വത്തിക്കാനിലെ, ഓറിയന്റല്‍ ചര്‍ച്ചുകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനില്‍ ജോലി ചെയ്തു. 1997 ഡിസംബര്‍ 17 ന് മാര്‍പാപ്പാ നാല്പത്തിരണ്ടുകാരനായ അദ്ദേഹത്തെ അതേ കോണ്‍ഗ്രിഗേഷന്റെ അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചു. 2002 ല്‍ ജോണ്‍ പോള്‍ രണ്ടാമന്റെ കൈകളാല്‍ മെത്രാഭിഷേകം നേടി.
ബെനഡിക്റ്റ് പാപ്പായുടെ കാലത്ത് ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍ എന്നിവിടങ്ങളിലേക്കും ഫ്രാന്‍സിസ് മാര്‍പാപ്പാ 2015 ല്‍ യുക്രെയ്നിലേക്കും പിന്നീട് 2020 ല്‍ ഗ്രേറ്റ് ബ്രിട്ടനിലേക്കും അപ്പസ്തോലിക് ന്യൂണ്‍ഷ്യോയായി അയച്ചു. വത്തിക്കാന്‍ നയതന്ത്രവിഭാഗത്തില്‍ ഗ്രേറ്റ് ബ്രിട്ടനില്‍ അപ്പസ്‌തോലിക് ന്യുണ്‍ഷ്യോ ആയി സേവനം അനുഷ്ഠിച്ചുവരികെയാണ് പുതിയ നിയമനം. ഒരു എഴുത്തുകാരന്‍കൂടിയാണ് ആര്‍ച്ച് ബിഷപ് ക്ലാവുദിയോ.