പാലാ: കുടുംബത്തില്‍ മാതാപിതാക്കളും മക്കളും കൂടിച്ചേര്‍ന്ന് സന്തോഷം പങ്കിടണമെന്നും ജീവിതം ആസ്വാദ്യമാക്കിത്തീര്‍ക്കാന്‍ മാതാപിതാക്കള്‍ മുന്‍കൈയെടുക്കണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത കുടുംബക്കൂട്ടായ്മ രജതജൂബിലിയാഘോഷം പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കൂടിനിന്നാല്‍ കോടി ഗുണം നമ്മുടെ സമൂഹത്തിനു നല്‍കാന്‍ കഴിയും. കുടുംബങ്ങളെല്ലാം ഒന്നുചേര്‍ന്നുനില്‍ക്കുമ്പോള്‍ വിവിധങ്ങളായ കഴിവുള്ളവര്‍ അത് പങ്കുവയ്ക്കുകയും സമൂഹം മുഴുവന്‍ നല്ല മാറ്റത്തിലേക്കു കടന്നുവരാന്‍ സഹായകമാകുകയും ചെയ്യൂം. വിവിധ പ്രവര്‍ത്തനമണ്ഡലങ്ങളിലുള്ള ഏവര്‍ക്കും പങ്കുവയ്പിന്റെ അനുഭവം കൂട്ടായ്മയിലൂടെ കൈമാറാന്‍ സാധിക്കും. അതിനു സഹായകരമായി വരുന്നത് സഭയുടെ ഏറ്റവും വലിയ പ്രാര്‍ഥനയായ വിശുദ്ധബലിയിലൂടെയും വചനസ്വീകരണത്തിലൂടെയുമാണെന്നും ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു.
മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഓള്‍ കേരള മുന്‍ ആനിമേറ്റര്‍ സിസ്റ്റര്‍ അന്റോണിറ്റ, മുന്‍ ഡയറക്ടര്‍ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രൂപത പ്രസിഡന്റ് തോമസ് വടക്കേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ളാലം പഴയപള്ളി വികാരി ഫാ. ജോസഫ് തടത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി. 25 വര്‍ഷം പൂര്‍ത്തിയാക്കിയ റിസോഴ്‌സ് പേഴ്‌സണ്‍സായ സെബാസ്റ്റ്യന്‍ പൈലി കുഴികണ്ടത്തില്‍, സിസ്റ്റര്‍ ജോസ് മേരി എഫ്‌സിസി, സിസ്റ്റര്‍ ജെയ്‌സി സിഎംസി, പി.ടി. തോമസ്, കെ.പി. ജോസഫ്, എല്‍സമ്മ ആലാനിക്കല്‍, മാത്യു മുകളേല്‍, ബോബന്‍ മാത്യു പ്ലാത്തോട്ടം, തോമസ് വടക്കേല്‍, ഡയറക്ടര്‍മാരായ ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. കുര്യന്‍ മറ്റം  എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ ഡയറക്ടറായ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും ചടങ്ങില്‍ ആദരിച്ചു.
രൂപതയുടെ എല്ലാ ഇടവകകളില്‍നിന്നുമായി ആയിരത്തിലധികം ഭാരവാഹികള്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോടെ സമ്മേളനം സമാപിച്ചു. 
							
 *
                    
                    