നീണ്ട ഒരു ഇടവേളയ്ക്കുശേഷമാണ് ഒരു വമ്പന്‍ ബാങ്ക് ഫ്രോഡ് കോഴിക്കോട് വെളിപ്പെടുന്നത്. സഹകരണവെട്ടിപ്പുകളില്‍നിന്നും ഭിന്നമായി, കോഴിക്കോട് ജചആ വെട്ടിപ്പില്‍, ''24 മണിക്കൂര്‍''ന്റെ ഭീഷണി, വന്നതുകൊണ്ട് അന്വേഷണങ്ങള്‍ തകൃതിയായി നടക്കുന്നു. ഒരു സ്ഥിരതയുമില്ലാത്ത വെളിപ്പെടുത്തലുകള്‍ അനുദിനം വന്നുകൊണ്ടിരിക്കുന്നു.
ബാങ്ക് ഫ്രോഡ് സമയങ്ങളില്‍ തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കൃത്യമായി നിശ്ചയിക്കുന്നതിനും ഉത്തരവാദിത്വം ഫിക്‌സ് ചെയ്യുന്നതിനും പ്രാഥമികാന്വേഷണങ്ങള്‍, റിസേര്‍വ് ബാങ്ക്, ഇതരബാങ്കുകളിലെ ഉന്നതഇന്‍സ്പെക്ടിങ് ടീം തുടങ്ങിയിടത്തുനിന്നുമുള്ള അംഗങ്ങള്‍തന്നെ  നടത്തണം.
ഈ സമയം ഫ്രോഡ് നടന്ന ബാങ്കിലെ ഉദ്യോഗസ്ഥരുടെ മിനിമം ഇടപെടലേ ഉണ്ടാകാവൂ. അവരുടെ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടായാല്‍ സത്യം മറയ്ക്കാന്‍ വിജയകരമായി ശ്രമങ്ങള്‍ നടക്കും. ഫ്രോഡ്ബ്രാഞ്ചിനെ തീരെ വിശ്വസിക്കാന്‍ പാടില്ല. 
ഈ ഘട്ടത്തില്‍ ഏതു ബാങ്കിലും ഇത്തരം  ശ്രമങ്ങള്‍ വിജയിക്കുമെന്നുമാത്രം പറയുന്നു. സര്‍വീസ്‌കാലം, ബാങ്കിലെ ചെറിയ ചില  ഉത്തരവാദിത്വങ്ങളുടെ പിന്‍ബലത്തില്‍ പറയുന്നതാണ്.
അഡ്വ. ഫിലിപ്പ് പഴേമ്പള്ളി, പെരുവ
ഇറാനിലെ പെണ്‍ശബ്ദം
ശിരോവസ്ത്രത്തെ ചൊല്ലി ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെക്കുറിച്ച് തോമസ് കുഴിഞ്ഞാലില്‍ എഴുതിക്കണ്ടു. നല്ലൊരു ലേഖനമായിരുന്നത്. ഹിജാബ് അഥവാ ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാരപ്പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്‌സ അമിനിയെന്ന കുര്‍ദ് യുവതിയുടെ മരണത്തെത്തുടര്‍ന്നാണ് ജനരോഷം അവിടെ പൊട്ടിപ്പുറപ്പെട്ടത്. ആയിരക്കണക്കിനു സ്ത്രീകളാണ് മക്കളോടൊപ്പം സമരമുഖത്തെത്തിയത്. ചിലര്‍ രോഷാകുലരായി തങ്ങളുടെ ശിരോവസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് പൊതുനിരത്തുകളില്‍ കൂട്ടിയിട്ടു തീവയ്ക്കുകയും തലമുടി സ്വയം മുറിച്ച് സര്‍ക്കാരിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു.
മാറ്റമില്ലാത്തതായി ലോകത്തൊന്നുമില്ല. എത്രയോ വിപ്ലവമുന്നറ്റങ്ങള്‍ക്കു ലോകം സാക്ഷ്യം വഹിച്ചു! തീര്‍ച്ചയായും ഇറാനിലെ തെരുവുകളില്‍ മുഴങ്ങിയ സ്ത്രീശബ്ദത്തിന്റെ അനുരണനങ്ങള്‍ കുറേക്കാലത്തേക്കെങ്കിലും ഈ ഭൂമുഖത്ത് അലയടിച്ചുകൊണ്ടേയിരിക്കും. മധ്യകാലത്തിലെ അറുപഴഞ്ചന്‍ പ്രത്യയശാസ്ത്രങ്ങള്‍ പഠിക്കാന്‍ ഞങ്ങളുടെ മക്കള്‍ നിര്‍ബന്ധിക്കപ്പെടുകയില്ല എന്ന അവരുടെ സ്വപ്നം ചിന്തോദ്ദീപകമാണ്.
രാജി മാത്യു ചങ്ങനാശേരി
മത്സ്യത്തൊഴിലാളികള്‍ നാടിന്റെ അഭിമാനം
വിഴിഞ്ഞം സമരം സര്‍ക്കാരും സമരസമിതിയും തമ്മില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയെത്തുടര്‍ന്ന് അവസാനിച്ചുവെന്ന വാര്‍ത്ത സമാധാനകാംക്ഷികളായ ജനങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസകരമായ കാര്യമാണ്. ഇരുവിഭാഗങ്ങളും തങ്ങളുടെ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തുവെന്നാണ് വാര്‍ത്തകളില്‍നിന്നു മനസ്സിലാകുന്നത്. സമരക്കാരുടെ ഏഴിനആവശ്യങ്ങളെ ഏറെക്കുറെ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ സന്നദ്ധമായെന്നത് ശ്ലാഘനീയമാണ്. തുറമുഖനിര്‍മാണം  നിറുത്തിവയ്ക്കണമെന്ന പിടിവാശിയില്‍നിന്നു സമരസമിതിയും പിന്മാറി. രണ്ടു കൂട്ടരും തങ്ങളുടെ ഔന്നത്യം കാത്തുസൂക്ഷിച്ചു.
വിഴിഞ്ഞംസമരത്തെ വിഴിഞ്ഞം കലാപമെന്നു മുദ്രകുത്തി മുതലെടുക്കാന്‍ കോപ്പു കൂട്ടിയിരുന്നവര്‍ ഇതോടെ ഇളിഭ്യരായിരിക്കുകയാണ്. ലത്തീന്‍സഭയും മത്സ്യത്തൊഴിലാളിജനതയും കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായകപപങ്കുവഹിച്ചവരാണെന്നു പറയാന്‍ മുഖ്യമന്ത്രി നിയമസഭയില്‍ തയ്യാറായി. അവരെ വിഭാഗീയമായി കാണേണ്ടതില്ല. വാസ്തവത്തില്‍, കേരളസമൂഹത്തില്‍ മറ്റാരേക്കാളും മതമൈത്രിയുള്ളവരാണു മത്സ്യത്തൊഴിലാളികള്‍. തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോഴും, പ്രളയകാലത്ത് ജാതിയും മതവും നോക്കാതെ രക്ഷകരായി മുന്നോട്ടു വന്നവരാണവര്‍ എന്ന വലിയ സത്യത്തെ നാം ഒരിക്കലും വിസ്മരിക്കരുത്.
സോഫി ജയിംസ് പാലാരിവട്ടം
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍
ടി.പി. ശാസ്തമംഗലം ''പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍'' എന്ന പംക്തിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ചലച്ചിത്രഗാനനിരൂപണം ശ്രദ്ധയോടെ വായിക്കുന്നു. അദ്ദേഹം നിരൂപണവിധേയമാക്കുന്ന ആധുനികചലച്ചിത്രഗാനങ്ങളുടെ നിലവാരമില്ലായ്മയെപ്പറ്റി ആലോചിക്കുമ്പോള്‍ ആ ഖണ്ഡന വിമര്‍ശനത്തെ എതിര്‍ക്കേണ്ടതായിട്ടൊന്നുമില്ല. 
മുമ്പൊക്കെ തങ്ങളുടെ ചിത്രത്തില്‍ ഉള്‍പ്പെടുത്തേണ്ട പാട്ടുകളെപ്പറ്റി നിര്‍മാതാക്കളും സംവിധായകരും ഏറെ ചിന്തിച്ചിരുന്നു. വലിയ പ്രാധാന്യം ഗാനത്തിന് അവര്‍ കല്പിച്ചിരുന്നു. അതിന്റെ മെച്ചവുമുണ്ടായി. എത്രയോ അനശ്വരഗാനങ്ങള്‍ വയലാറിന്റെയും ശ്രീകുമാരന്‍തമ്പിയുടെയും ഒഎന്‍വിയുടെയും മറ്റും തൂലികയില്‍നിന്നു പിറവിയെടുത്തു! ദേവരാജനും ബാബുരാജും എംകെ അര്‍ജുനനും മറ്റും എത്രയോ ഗാനങ്ങള്‍ക്ക് മധുരിമ ചാര്‍ത്തി! ഇന്നത്തെ സിനിമാപിടിത്തക്കാര്‍ക്ക് പാട്ടില്‍ ശ്രദ്ധയില്ല. യുവതലമുറയ്ക്കു കൂത്താടാന്‍ പറ്റിയ ഈണത്തില്‍ മാത്രം അവര്‍ ശ്രദ്ധിക്കുന്നു. ഈണത്തിനനുസരിച്ച് വായില്‍വരുന്ന വാക്കുകള്‍ വെറുതെ പെറുക്കിവയ്ക്കുന്നു. കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍?
കെ. ജി. പുരുഷോത്തമന്‍ കായംകുളം
							
 *
                    
                    