•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ദൈവസ്‌നേഹത്തിന്റെ ഭൂമിഗീതം

  • ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത
  • 22 December , 2022

ഈശോയുടെ മനുഷ്യാവതാരത്തെക്കുറിച്ച് യോഹന്നാന്‍ 3:16 വ്യക്തമായി പറയുന്നു: ''അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.'' ആ ദൈവസ്‌നേഹം ഭൂമിയില്‍ യാഥാര്‍ഥ്യമായതാണ് യേശുവിന്റെ മനുഷ്യാവതാരം. ഹെബ്രായര്‍ 1:1,2 വാക്യങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു: ''പൂര്‍വകാലങ്ങളില്‍ പ്രവാചകന്മാര്‍വഴി വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കന്മാരോടു സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അവസാനനാളുകളില്‍ തന്റെ പുത്രന്‍വഴി അവിടുന്നു നമ്മോടു സംസാരിച്ചിരിക്കുന്നു.'' ഗലാത്തിയ 4:4 ല്‍ നാം കാണുന്നു: ''കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി.'' ഫിലിപ്പി 2:6-8 ല്‍ കാണുന്നതുപോലെ, ''ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിറുത്തേണ്ട ഒരു കാര്യമായി  പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യന്റെ സാദൃശ്യത്തിലായിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു.'' അപ്പോള്‍, ദൈവം സ്വയം ശൂന്യമാക്കി അവതരിച്ചതിന്റെ ഓര്‍മയാചരണമാണ് ക്രിസ്മസ്. അതിന് ദൈവം തിരഞ്ഞെടുത്ത വ്യക്തിത്വം നസ്രസ്സിലെ കന്യാമറിയമാണ്. 

ദൈവം പഴയനിയമത്തില്‍ പ്രവാചകന്മാര്‍വഴി വാഗ്ദാനം ചെയ്ത മനുഷ്യവര്‍ഗത്തിന്റെ, ലോകാവസാനംവരെയുള്ള സകല മനുഷ്യരുടെയും ഏകരക്ഷകനായ യേശുക്രിസ്തുവിനു ജന്മംകൊടുക്കാന്‍ തിരഞ്ഞെടുത്ത മറിയത്തോടു പറഞ്ഞത്, ''ദൈവകൃപ നിറഞ്ഞവളേ സ്വസ്തി, കര്‍ത്താവു നിന്നോടുകൂടെ'' എന്നാണ്. യോഹന്നാന്‍ 1:17 ല്‍ നാം വായിക്കുന്നു;  
''കൃപയും സത്യവുമാകട്ടെ, യേശുക്രിസ്തുവഴി ഉണ്ടായി.'' പതിനാറാം വാക്യം ഇപ്രകാരമാണ്: ''അവന്റെ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.'' കൃപയ്ക്കുമേല്‍ കൃപ അതിന്റെ പൂര്‍ണതയില്‍ സ്വീകരിച്ച മനുഷ്യസൃഷ്ടിയാണ് പരിശുദ്ധ കന്യാമറിയം.
മറിയത്തിന്റെ  ഈ പ്രത്യേകതിരഞ്ഞെടുപ്പ് ദൈവത്തിന്റെ പദ്ധതിയായിരുന്നു. ജറെമിയ 1:5  ഇപ്രകാരമാണ്, ''മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.'' 
വരാനിരിക്കുന്ന രക്ഷകനു മജ്ജയും മാംസവും കൊടുക്കാന്‍ മറിയത്തെ തിരഞ്ഞെടുത്തത് അനാദിമുതലുള്ള ദൈവികപദ്ധതിയുടെ ഭാഗംതന്നെയാണ്. ദൈവപുത്രനു ജന്മംകൊടുക്കാന്‍ ദൈവം തിരഞ്ഞെടുത്ത മറിയത്തിന്റെ ഉദരം ഉദ്ഭവപാപത്തില്‍നിന്നു മുക്തമായിരിക്കണം എന്നതും ദൈവത്തിന്റെ പദ്ധതിയായിരുന്നു. 
അതുകൊണ്ടാണ് ഗബ്രിയേല്‍ ദൈവദൂതന്‍ അഭിസംബോധന ചെയ്തത്, 'കൃപനിറഞ്ഞവളേ' എന്ന്. എലിസബത്തു പറഞ്ഞു: ''എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെനിന്ന്?'' (ലൂക്കാ. 1:43).
പരിശുദ്ധ കന്യാമറിയത്തെക്കുറിച്ച് നാലു വിശ്വാസപ്രഖ്യാപനങ്ങളുണ്ട്: എ.ഡി. 431 എഫേസൂസ് സൂനഹദോസില്‍ ദൈവമാതൃത്വം, എ.ഡി. 649 ലാറ്ററന്‍ സൂനഹദോസില്‍ നിത്യകന്യാത്വം, 1854 ഡിസംബര്‍ 8 ന് പരിശുദ്ധ അമ്മയുടെ അമലോദ്ഭവം, 1950 നവംബര്‍ 1 ന് പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണം. ഇതെല്ലാം കാണിക്കുന്നത്, പരിശുദ്ധ അമ്മ ജന്മംകൊടുത്തത് ദൈവപുത്രനാണ് എന്നുതന്നെയാണ്. അതുകൊണ്ടാണ്, മറിയത്തെ ദൈവത്തിന്റെ അമ്മ എന്നു വിളിക്കുന്നത്.
പരിശുദ്ധ മറിയത്തോടുചേര്‍ന്ന് നമ്മള്‍ ദൈവികപദ്ധതിയുടെമുമ്പില്‍ എങ്ങനെ വ്യാപരിക്കണമെന്നാണ് ഈ ക്രിസ്മസ്‌നാളില്‍ ധ്യാനിക്കേണ്ടത്. മറിയം വചനം ശ്രവിച്ച് ദൈവികപദ്ധതിക്കുമുമ്പില്‍ 'ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ' (ലൂക്കാ. 1:38) എന്നു പറഞ്ഞു പരിപൂര്‍ണമായി സമര്‍പ്പിച്ചു. പരിശുദ്ധാത്മാവിനാല്‍ വചനത്തിനു മാംസം കൊടുത്തു. ദൈവപുത്രനു ജന്മം നല്കി ലോകത്തിനു സമ്മാനിച്ചു.
നമ്മള്‍ ഉദ്ഭവപാപരഹിതരാകുന്നത് മാമ്മോദീസായുടെ അവസരത്തിലാണ്. ജറെമിയായെ അമ്മയുടെ ഉദരത്തില്‍വച്ചാണ് വിശുദ്ധീകരിച്ചത് (ജറെ. 1:5). പരിശുദ്ധാത്മാവ് നിറഞ്ഞപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി എന്നാണല്ലോ ലൂക്കാ 1: 41 ല്‍ നാം വായിക്കുന്നത്. അപ്പോള്‍, സ്‌നാപകയോഹന്നാന്‍ എലിസബത്തിന്റെ ഉദരത്തില്‍വച്ചാണ് ദൈവകൃപ നിറഞ്ഞത്. നമ്മില്‍ ദൈവകൃപ നിറയുന്നത്, ഉദ്ഭവപാപവും കര്‍മപാപമുണ്ടെങ്കില്‍ അതും മാറുന്നത് മാമ്മോദീസയിലാണ്. പരിശുദ്ധ അമ്മ നിര്‍മലമായ ജീവിതം നയിച്ചതുപോലെ, നമ്മളും വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടാണ് ക്രിസ്മസിനു തയ്യാറെടുക്കേണ്ടത്. അങ്ങനെയാണ് കര്‍ത്താവിനെ നാം മഹത്ത്വപ്പെടുത്തേണ്ടത്. പരിശുദ്ധ അമ്മയെ തലമുറകള്‍ ഭാഗ്യവതി എന്നു പ്രകീര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, നിന്റെ ഉദരഫലം അനുഗൃഹീതം എന്ന് എലിസബത്ത് മറിയത്തോടു പറഞ്ഞിട്ടുണ്ടെങ്കില്‍, അനുഗ്രഹമായ ഈശോയുടെ കൃപയ്ക്കു പാത്രീഭൂതരായി പരിശുദ്ധ അമ്മയോടൊപ്പം ഈ ക്രിസ്മസിനു നമുക്കൊരുങ്ങാം.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)