•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

വിണ്ണില്‍ താരമുദിച്ച ദിനം

  • പീറ്റര്‍ കുരിശിങ്കല്‍
  • 22 December , 2022

ക്രിസ്മസ് അടുത്തുവരികയായി. ക്രിസ്മസ് ഒരുക്കങ്ങളുമായി കുട്ടികള്‍ ഒത്തുകൂടി; അവര്‍ തിരക്കിലാണ്.
പുല്‍ക്കൂടൊരുക്കണം. കരോള്‍ഗാനങ്ങള്‍ ചിട്ടപ്പെടുത്തണം. കരോള്‍ റിഹേഴ്‌സലുകള്‍ വേണം. നക്ഷത്രദീപങ്ങള്‍ ഉയരെ കൊളുത്തണം.
തമ്മില്‍ത്തമ്മില്‍ കാണുമ്പോഴെല്ലാം അവര്‍ക്കിതേ പറയാനുള്ളൂ.
ജോസുകുട്ടിയാണവരുടെ നേതാവ്. പാവം ജോസുകുട്ടി. ഏഴാംക്ലാസ് കഴിഞ്ഞപ്പഴേ പഠനം നിറുത്തേണ്ടി വന്നു. രോഗിയായ അച്ഛന്‍. താഴെ രണ്ടു സഹോദരിമാര്‍. അമ്മ ഹോട്ടലില്‍ അടുക്കളപ്പണിക്കുപോകും. അങ്ങനെ അരവയറുമായി കഴിയുമ്പോള്‍, ജോസുകുട്ടിക്ക് പഠനം സ്വപ്നം മാത്രമായി. എങ്കിലും ജോസുകുട്ടി ചുറുചുറുക്കുള്ളവനാണ്. നന്നായി പാടും. ചിത്രം വരയ്ക്കും, കളിമണ്ണു കുഴച്ചുരുട്ടി ശില്പങ്ങളുണ്ടാക്കും; നല്ലൊരു കലാകാരന്‍! 
ക്രിസ്മസ് അടുത്താല്‍ കുട്ടികള്‍ ജോസുകുട്ടിയുടെ ചുറ്റും കൂടും, ക്രിസ്മസ് ആഘോഷങ്ങള്‍ ഭംഗിയാക്കാന്‍.
ജോസുകുട്ടിയുടെ ചെറ്റപ്പുരയ്ക്കരുകില്‍ പണിതീരാത്ത പുരത്തറയില്‍ എല്ലാവരും ഒത്തുകൂടി. ഒരുക്കങ്ങളൊക്കെ ഫൈനല്‍ സ്റ്റേജിലാണ്. കളിമണ്ണില്‍ മെനഞ്ഞ ഉണ്ണിരൂപത്തിന്റെ മിനുക്കുപണികളും കഴിഞ്ഞു.
ജീവന്‍ തുടിക്കുന്ന ഉണ്ണി. തിളങ്ങുന്ന കണ്ണുകള്‍. ചുണ്ടില്‍ പുഞ്ചിരി തങ്ങിനില്ക്കുന്നു. കൈകള്‍ വിരിച്ച് ആശ്ലേഷിക്കാനായുകയാണെന്നു തോന്നും. പൂജരാജാക്കള്‍ കണ്ട അതേ ഉണ്ണിതന്നെ. ക്രിസ്മസ് തലേന്ന് സന്ധ്യയ്ക്കുതന്നെ മേളം തുടങ്ങി. കരോള്‍സംഘം റെഡിയായി. പീഠത്തില്‍ കെട്ടിയൊരുക്കിയ പുല്‍ക്കൂട്ടില്‍ ഉണ്ണിയെ കിടത്തി. മാതാവും ഔസേപ്പിതാവും സാന്താക്ലോസും എല്ലാവരും വേഷമിട്ടെത്തി. 
കരോള്‍സംഘം ക്രിസ്മസ് മംഗളഗാനങ്ങള്‍ ആലപിച്ചുകൊണ്ട് വീടുകള്‍തോറും കയറിയിറങ്ങി. ഗായകസംഘം ക്രിസ്മസ് ഗാനങ്ങള്‍ പാടിക്കൊണ്ട് മുമ്പേ നടന്നു.
''വിണ്ണില്‍ താരമുദിച്ച ദിനം
വാനവര്‍ ഗാനമുതിര്‍ത്ത ദിനം
മണ്ണില്‍ യേശു പിറന്ന ദിനം
മണ്ണില്‍ ശാന്തി പരന്ന ദിനം
പാടാമൊന്നായ് പാടീടാം
ഹാപ്പി ക്രിസ്മസ്
വിണ്ണിന്‍ നാഥനു സ്തുതിഗീതം
മാനവരൊന്നായ് പാടീടാം
ശാന്തിമന്ത്രമുയര്‍ത്തീടാം
ശാന്തിയീ മന്നില്‍ പുലരട്ടെ
പാടാമൊന്നായ് പാടീടാം
ഹാപ്പി ക്രിസ്മസ്
കരോള്‍സംഘം ഓരോ വീടും പിന്നിട്ട് മെറീനമോളുടെ വീട്ടിലെത്തി. മിടുമിടുക്കിയാണ് മെറീനമോള്‍. നല്ലൊരോമന! പക്ഷേ, എല്ലാവരെയും ദുഃഖിപ്പിക്കുന്നൊരു കാര്യം; ആ കുട്ടിക്ക് കാഴ്ചശക്തിയില്ല!
അവളുടെ അപ്പച്ചന്‍ ജോണിച്ചന്‍ ചെയ്യാത്ത ചികിത്സകളൊന്നുമില്ല. കഴിക്കാത്ത നേര്‍ച്ചകളുമില്ല. പക്ഷേ, അവര്‍ തങ്ങളുടെ ദുഃഖം ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ചു!
കരോള്‍സംഘം എത്തിയപ്പോള്‍ മെറീനമോള്‍ പുല്‍ക്കൂട്ടിലെ ഉണ്ണിയേശുവിനു കാഴ്ചയുമായി ഇറങ്ങിവന്നു. അവള്‍ ഉണ്ണിയെ തൊട്ടുതലോടി. ഇരുകൈകളും ഉണ്ണിയേശുവിന്റെ കണ്ണുകളില്‍വച്ച് അവളുടെ കണ്ണുകളില്‍ ചേര്‍ത്തു പലവട്ടം.
കരോള്‍സംഘം മുന്നോട്ടു നീങ്ങി. ഗായകസംഘത്തിന്റെ പാട്ട് അകന്നകന്നുപോയി. പാതിരാവായി. പള്ളികളില്‍നിന്നു മണിനാദമുയര്‍ന്നുതുടങ്ങി. പിറവിക്കുര്‍ബാനയ്ക്കു സമയമായി!
മെറീനയുടെ കാതുകളില്‍ അപ്പോഴും കരോള്‍ഗാനം അലയടിച്ചുകൊണ്ടിരുന്നു. കണ്ടവരൊക്കെ പറഞ്ഞുകേട്ട് ചിരിക്കുന്ന ഉണ്ണിയേശുവിന്റെ രൂപം അവളുടെ മനസ്സില്‍ പതിഞ്ഞിരുന്നു. 
ആ ചിരിക്കുന്ന ഉണ്ണിയെ ഒന്നു കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍; ആ കുഞ്ഞുമനസ്സ് കൊതിച്ചു.
മഞ്ഞുപുതച്ച ആ രാത്രിയില്‍ ദേവാലയങ്ങളിലെ അള്‍ത്താരകളിലും ഒപ്പം മനുഷ്യഹൃദയങ്ങളിലും ഉണ്ണിയേശു പിറവിയെടുത്തു. പള്ളിമണികളും കതിനാവെടികളും മുഴങ്ങി.
മെറീന ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ന്നു. അവള്‍ ജോണിച്ചനെ വിളിച്ചു.
''അപ്പച്ചാ, അപ്പച്ചാ, ഉണ്ണിയേശു എന്നെ വിളിച്ചു അപ്പച്ചാ; ഉണ്ണിയേശു എന്റെ കണ്ണുകളില്‍ തൊട്ടു അപ്പച്ചാ.''
ജോണിച്ചന്‍ എഴുന്നേറ്റു വിളക്കു തെളിച്ചു. ജോണിച്ചന്‍ മകളോടു പറഞ്ഞു:
''മോള് സ്വപ്നം കണ്ടതാ; മോള് ഉറങ്ങിക്കോ.'' 
''സ്വപ്നമല്ലപ്പച്ചാ, ഉണ്ണിയേശു എന്റെ കണ്ണില്‍ തൊട്ടു. ഉണ്ണിയേശുതന്നെ. എനിക്കിപ്പോള്‍ നന്നായി കാണാം. എല്ലാം; എല്ലാം കാണാം.'
ആഹ്ലാദോത്സവമായിരുന്നു പിന്നെ ആ വീട്ടില്‍. തങ്ങളുടെ വീട്ടില്‍ ഒരുക്കിയിരുന്ന പുല്‍ക്കൂടിനു മുന്നില്‍ പ്രാര്‍ഥനാഗാനങ്ങളുമായി അവര്‍ നേരം വെളുപ്പിച്ചു. 
കരോള്‍സംഘം വഹിച്ചിരുന്ന ഉണ്ണിയേശുവിനെ അവര്‍ക്കു മറക്കാനായില്ല. അവര്‍ക്കറിയാം ആ പുല്‍ക്കൂടും ഉണ്ണിയും ജോസുകുട്ടിയുടെ വീട്ടിലുണ്ടാകുമെന്ന്. ജോണിച്ചനും മെറീനയും വീട്ടിലുള്ളവരുമൊത്ത് പുലര്‍ച്ചെതന്നെ ജോസുകുട്ടിയുടെ വീട്ടിലെത്തി.
ജോസുകുട്ടിയുടെ കുടിലിനു മുന്നില്‍ പണിതീരാത്ത പുരത്തറയില്‍ തൂത്തുനിരത്തിയ മണലില്‍ ആ പുല്‍ക്കൂട് ഇരിക്കുന്നു. പുല്‍ക്കൂടിനു മുന്നില്‍ കത്തിനില്‍ക്കുന്ന രണ്ടു മെഴുകുതിരികള്‍! പുല്‍ക്കൂട്ടിലെ അരണ്ട വെളിച്ചത്തില്‍ മെറീന കണ്ടു. ചിരിതൂകുന്ന ഉണ്ണിയേശു!
അവള്‍ ആ ഉണ്ണിപ്പാദങ്ങള്‍ ചുംബിച്ചു. കൈയില്‍ കരുതിയിരുന്ന പൂക്കളും കുന്തിരുക്കവും ആ തൃപ്പാദങ്ങളില്‍ കാണിക്ക അര്‍പ്പിച്ചു. അവള്‍ കൈകള്‍ കൂപ്പി; ആ ഉണ്ണിക്കണ്ണുകളിലേക്കു നോക്കി അങ്ങനെ നിന്നു.
ജോണിച്ചന്‍ ജോസുകുട്ടിയുടെ കുടില്‍ നോക്കിക്കാണുകയായിരുന്നു. പുലര്‍കാലസൂര്യന്റെ കിരണങ്ങള്‍ തുളവീണ മേല്‍ക്കൂരയിലൂടെ എത്തിനോക്കുന്നുണ്ടായിരുന്നു.
''മഴ പെയ്താല്‍ ഒരു തുള്ളി വെള്ളം പുറത്തു പോവില്ല. ജോസുകുട്ടി മെനഞ്ഞ ഉണ്ണിയെ വയ്ക്കാന്‍പോലും അവന്റെ കുടിലില്‍ ഇടമില്ല.'' ജോണിച്ചന്‍ മനസ്സില്‍ കുറിച്ചു.
അല്പനേരമങ്ങനെ നിന്ന ജോണിച്ചന്‍ ഉറച്ചൊരു തീരുമാനത്തിലെത്തി. ജോസുകുട്ടിയുടെ അടുത്ത ക്രിസ്മസ് ഒരു പുതിയ ഭവനത്തിലായിരിക്കും. ഞാന്‍ ഈ വീടിന്റെ പണിപൂര്‍ത്തിയാക്കി ജോസുകുട്ടിക്കു സമ്മാനിക്കും.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)