•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
അന്തർദേശീയം

'സമയമാം രഥം' ഉരുണ്ടുതുടങ്ങിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട്

  • *
  • 22 December , 2022

സെമിത്തേരിയിലേക്കുള്ള തലമുറകളുടെ യാത്രയ്ക്ക് പ്രത്യാശപകര്‍ന്ന ''സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു'' എന്ന വിലാപഗാനത്തിന് 125 വയസ്സ്. യഥാര്‍ഥത്തില്‍ പ്രത്യാശാഗീതമെന്ന നിലയിലാണ് 1897 ല്‍ ഇതെഴുതിയതെങ്കിലും വിലാപഗാനമായി പിന്നീട് പരിണമിക്കുകയായിരുന്നു. ലോകയാത്ര അവസാനിക്കുന്നിടത്ത് നിത്യയാത്ര ആരംഭിക്കുന്നുവെന്ന ദാര്‍ശനികതലം മുന്നോട്ടുവയ്ക്കുന്ന ഗാനം മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ പകരുന്നതാണ്. 
മലയാളത്തില്‍ ഏറ്റവുമധികം പ്രചാരംനേടിയ ക്രിസ്തീയഗാനങ്ങളിലൊന്നായ ഇതെഴുതിയത് ഒരു മലയാളിയല്ല; ഫോള്‍ബ്രെഷ്റ്റ് നാഗല്‍ എന്ന ജര്‍മന്‍ മിഷനറിയാണ്. കുന്നംകുളത്തുനിന്ന് കണ്ണൂരിലേക്ക് കാളവണ്ടിയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു 20 വരികളുള്ള ഈ ഗാനത്തിന്റെ പിറവി. കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത 'അരനാഴികനേരം' എന്ന ചലച്ചിത്രത്തില്‍ വയലാര്‍ ഈ പാട്ട് അല്പം രൂപമാറ്റം വരുത്തി ഉപയോഗിച്ചതോടെയാണ് പ്രസിദ്ധമായത്. വയലാര്‍ രചിച്ച് ദേവരാജന്‍ സംഗീതം നല്‍കിയ പാട്ടെന്ന തെറ്റുധാരണ പരക്കാനും ഇതിടയാക്കി. 
'എന്‍ സ്വദേശം കാണ്‍മതിന് ബദ്ധപ്പെട്ടോടീടുന്നു' എന്ന നാഗലിന്റെ വരിയില്‍ 'ബദ്ധപ്പെട്ടോടീടുന്നു' എന്നതിനുപകരം 'ഞാന്‍ തനിയെ പോകുന്നു' എന്ന വയലാര്‍ മാറ്റി. കൂടാതെ, 'യേശുവേ നിനക്കു സ്‌തോത്രം, വേഗം നിന്നെ കാണും ഞാന്‍' എന്ന വരികള്‍ക്കുപകരം 'ആകെയരനാഴികമാ്രത,മീയുടുപ്പ് മാറ്റുവാന്‍' എന്നും ചേര്‍ത്തു. 
'രാത്രിയില്‍ ഞാന്‍ ദൈവത്തിന്റെ കൈകളിലുറങ്ങുന്നു, അപ്പോഴുമെന്‍ രഥത്തിന്റെ ചക്രം മുമ്പോട്ടോടുന്നു എന്ന വരികള്‍ ലോകയാത്രയുടെ മാത്രമല്ല, മരണാനന്തരജീവിതത്തെക്കൂടി സൂചിപ്പിക്കുന്നുവെന്നാണു വ്യാഖ്യാനം. 'ഓ മൈ ഡാര്‍ലിങ് ക്ലമന്റൈന്‍' എന്ന അമേരിക്കന്‍ നാടോടിഗാനത്തിന്റെ ഈണമാണ് ഈ പാട്ടിന് അദ്ദേഹം നല്‍കിയത്. 
1867 ല്‍ ജര്‍മനിയിലെ ഹസ്സന്‍ നഗരത്തില്‍ ഫോള്‍ബ്രഷ്റ്റ് നാഗല്‍ ജനിച്ചു. സുവിശേഷദൗത്യവുമായി 22-ാം വയസ്സില്‍ കേരളത്തിലെത്തി. ബ്രദറണ്‍ സഭയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അര്‍ധമലയാളിയായ ഹാരിയറ്റ് മിച്ചലിനെ വിവാഹം ചെയ്തു. മലയാളം പഠിച്ച നാഗല്‍ എഴുപതിലധികം മലയാളഗാനങ്ങളെഴുതി. 1897 ലാണ് 'സമയമാം രഥത്തില്‍' എന്ന പാട്ടെഴുതിയത്. 1914 ല്‍ ജര്‍മനിയിലേക്കു മടങ്ങി. എന്നാല്‍, ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കം അദ്ദേഹത്തിന്റെ തിരിച്ചുവരവിനു തടസ്സമായി. ജര്‍മ്മന്‍സാമ്രാജത്തിലെ പൗരനെന്ന നിലയില്‍, ബ്രിട്ടീഷ്ഭരണത്തിലുള്ള മലബാറില്‍ പ്രവേശിക്കാന്‍ കഴിയാതെവന്നതിനാല്‍ അദ്ദേഹം സ്വിറ്റ്‌സര്‍ലണ്ടിലേക്കു മാറി. ഹാരിയറ്റും മൂന്നുകുട്ടികളും മലബാര്‍തീരത്തു തിരിച്ചെത്തി, രണ്ടു മുതിര്‍ന്ന കുട്ടികള്‍ ഇംഗ്ലണ്ടിലായിരുന്നു. 1917 ല്‍ പറവൂരിലെ നിയമസഭാകൂട്ടായ്മയ്ക്ക് അദ്ദേഹം അയച്ച കത്തില്‍ മലബാറിലെ ആത്മാക്കളോടുള്ള അദ്ദേഹത്തിന്റെ ഹൃദയത്തിലെ വിശപ്പാണ് പ്രതിഫലിക്കുന്നത്. ആ കത്തില്‍ ഇനിപ്പറയുന്ന വാക്കുകള്‍ ഉണ്ടായിരുന്നു: ''എന്റെ ഏറ്റവും മധുരമുള്ള നിധികള്‍ ഇന്ത്യയിലാണ്. എന്റെ ഹൃദയം അവിടെയാണ്.'' പക്ഷേ, അദ്ദേഹത്തിന്റെ ആഗ്രഹം സഫലമായില്ല. പക്ഷാഘാതം പിടിപെട്ട് കിടപ്പിലാവുകയും ചെയ്തു. വൈഡനെസ്റ്റ് ബൈബിള്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടയില്‍, സ്‌ട്രോക്ക് ബാധിച്ച് 1921 മേയ് 12 ന് നാഗേല്‍ മരിക്കുകയും അവിടെത്തന്നെ സംസ്‌കരിക്കുകയും ചെയ്തു. 
അദ്ദേഹത്തിന്റെ സ്മരണയില്‍ കുന്നംകുളം പട്ടാമ്പി റോഡിനെയും യേശുദാസ് റോഡിനെയും ബന്ധിപ്പിക്കുന്ന റോഡിന് നഗരസഭ നാഗല്‍ റോഡെന്നു പേരിട്ടിട്ടുണ്ട്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)