ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിയവേ മരണപ്പെട്ട പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനും ഈശോസഭാവൈദികനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണേജന്‍സികള്‍ മനഃപൂര്‍വം കുടുക്കിയതാണെന്ന വാര്‍ത്തകള്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതാണ്. സ്റ്റാന്‍ സ്വാമിയുടെ വീട്ടില്‍നിന്നു പിടിച്ചെടുത്ത ലാപ്‌ടോപ്പില്‍ കൃത്രിമമായി രേഖകള്‍ കടത്തിയാണ് അദ്ദേഹത്തെ കേസില്‍ കുടുക്കിയതെന്നാണ് അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായുളള ആഴ്സണല്‍ കണ്‍സള്‍ട്ടിങ് ഫോറന്‍സിക് പരിശോധനകളില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തു നിലനില്‍ക്കുന്ന ഭരണകൂടഭീകരതയുടെ ഏറ്റവും പുതിയ രക്തസാക്ഷിയായി സ്റ്റാന്‍ സ്വാമി മാറുകയാണ്.
ഭരണകൂടം ആസൂത്രിതമായി നടത്തിയ അരുംകൊലയാണ് സ്റ്റാനിസ്ലോസ് ലൂര്‍ദ് സ്വാമിയുടേത്. സ്റ്റാന്‍ സ്വാമി മരിച്ചുവെന്നത് സാങ്കേതികംമാത്രമാണ്. അദ്ദേഹം ''കൊല്ലപ്പെട്ടതാണ്''. അതൊരു ജുഡീഷ്യല്‍ കൊലപാതകമാണ്. തന്റെ പാര്‍ക്കിന്‍സണ്‍രോഗതീവ്രതയും പ്രായവും പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ പരാതി കേള്‍ക്കണമെന്ന ആ വയോവൃദ്ധന്റെ ദയനീയവിലാപം അവഗണിച്ച കോടതി ജാമ്യാപേക്ഷയിന്മേലുള്ള തീര്‍പ്പ് അനന്തമായി നീട്ടിക്കൊണ്ടുപോയി അദ്ദേഹത്തെ മരണത്തിലേക്കു തള്ളിവിടുകയായിരുന്നു. ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ നീതീകരണമില്ലാത്ത നീതിനിഷേധത്തിന്റെ ഫലമായാണ് സ്റ്റാന്‍ സ്വാമി ശ്വാസംമുട്ടി പിടഞ്ഞുമരിച്ചത്.അധഃസ്ഥിതരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ ഒരു മനുഷ്യസ്നേഹി രക്തസാക്ഷിയായി ചരിത്രത്തില്‍ അടയാളപ്പെടുന്നത് നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി പോരാടുന്നവര്‍ക്ക് നിശ്ചയമായും ആവേശവും പ്രചോദനവുമാവുമെങ്കിലും കള്ളത്തെളിവുകളെ അടിസ്ഥാനമാക്കി നടന്ന വിചാരണയും ജുഡീഷ്യല്‍ കൊലപാതകവും നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യസംവിധാനത്തിനുനേരേ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. അതേ, ഇതൊരു സ്ഥാപനവത്കൃത കൊലപാതകമാണ്. ഭരണകൂടത്തിന്റെ നിര്‍ദയമായ നരഹത്യയാണ്. ജുഡീഷ്യല്‍കൊലയാണ്. എന്‍ഐഎ എന്ന ഏജന്‍സിയുടെ മനുഷ്യാവകാശനിഷേധത്തിന്റെ ഇരയാണ് സ്റ്റാന്‍ സ്വാമി.
സ്റ്റാന്‍ സ്വാമി - ഗൂഢാലോചനയുടെ ഇര
സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍നിന്നു കണ്ടെടുത്ത വിവരങ്ങളാണ് മാവോയിസ്റ്റുനേതാക്കളുമായി അദ്ദേഹത്തിനു ബന്ധമുണ്ടായിരുന്നുവെന്നും നക്‌സല്‍ ഗൂഢാലോചനയുടെ ഭാഗമായിരുന്നു അദ്ദേഹമെന്നും സമര്‍ഥിക്കാന്‍ ദേശീയ അന്വേഷണേജന്‍സി ഉപയോഗിച്ചത്. എന്നാല്‍, ലോകത്തെതന്നെ ഏറ്റവും മികവുറ്റ ഫോറന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ് കണ്ടെത്തിയത് 2014 മുതല്‍ 2019 ജൂണ്‍ 11 വരെ നടന്ന ഹാക്കിങ്ങിലൂടെ ഈ രേഖകള്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ കടത്തിവിടുകയായിരുന്നുവെന്നാണ്. മാവോവാദികളുടെ കത്തുകള്‍ എന്ന നിലയില്‍ പ്രചരിപ്പിച്ചവയടക്കം 44 രേഖകളാണ് ലാപ്ടോപ്പില്‍ സ്ഥാപിച്ചത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റു മനുഷ്യാവകാശപ്രവര്‍ത്തകരായ റോണ വില്‍സിന്റെയും സുരേന്ദ്ര ഗാഡ്‌ലിങ്ങിന്റെയും ലാപ്‌ടോപ്പുകളിലും ഹാക്കിങ് നടന്നതായും കണ്ടെത്തിയിരുന്നു. ഇവര്‍ മൂന്നു പേരുടെയും ലാപ്‌ടോപ് ഹാക്ക് ചെയ്തത് ഒരാളാണെന്നും ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.എന്‍ ഐ എ തനിക്കെതിരേ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കുകയാണെന്ന് ഫാ. സ്റ്റാന്‍ സ്വാമി അറസ്റ്റിലാവുന്നതിനു മുന്നേതന്നെ പറഞ്ഞിരുന്നു. 'കംപ്യൂട്ടറില്‍നിന്നു കണ്ടെത്തിയതായി പറയുന്ന രേഖകള്‍ താന്‍ ഇതിനുമുമ്പു കണ്ടിട്ടില്ലെന്നും താന്‍ അവയൊന്നും കംപ്യൂട്ടറില്‍ ശേഖരിച്ചിട്ടില്ലെന്നും കൃത്രിമമായി എന്‍ഐഎ നിര്‍മിച്ചെടുത്ത തെളിവുകളാണിതെല്ലാമെന്നുമാണ് മാധ്യമങ്ങള്‍ക്കു നല്‍കിയ ഒരു വീഡിയോസന്ദേശത്തില്‍ സ്റ്റാന്‍സ്വാമി പറഞ്ഞത്. ഇപ്പോള്‍ അതെല്ലാം സത്യമാണെന്നു തെളിഞ്ഞിരിക്കുകയാണ്.
മനുഷ്യാവകാശപ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി ഉത്കൃഷ്ടനായ വ്യക്തിയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണശേഷം ബോംബെ ഹൈക്കോടതി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളോടു ബഹുമാനമുണ്ടായിരുന്നെന്നും കോടതി പറഞ്ഞു. എല്‍ഗര്‍ പരിഷദ് - മാവോവാദി ബന്ധം സംബന്ധിച്ച് സ്റ്റാന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജികളില്‍ അദ്ദേഹത്തിന്റെ മരണത്തിനുശേഷം വാദം കേള്‍ക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
ആശയങ്ങളെ ഭയക്കുന്ന ഭരണകൂടം
അര്‍ബന്‍ നക്സലൈറ്റുകളെന്നു ചാപ്പകുത്തി മനുഷ്യാവകാശപ്രവര്‍ത്തകരും ഗവേഷകരും പ്രൊഫസര്‍മാരും അഭിഭാഷകരും ഉള്‍പ്പെടെ 16 ആക്ടിവിസ്റ്റുകളെയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റു ചെയ്തത്. റോണാ വില്‍സണ്‍, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലഖ, ഫാ. സ്റ്റാന്‍ സ്വാമി, വെര്‍ണന്‍ ഗൊണ്‍സാലസ്, ആനന്ദ് തെല്‍തുംഡെ, വരവര റാവു, അരുണ്‍ ഫെരേര, സുരേന്ദ്ര ഗാഡ്‌ലിങ്, സുധീര്‍ ധാവ്‌ലെ തുടങ്ങിയ മനുഷ്യാവകാശപ്രവര്‍ത്തകര്‍ നരകതുല്യമായ യാതനകളാണ് ജയിലില്‍ അനുഭവിച്ചത്. ജയിലില്‍ കഴിയുന്നവര്‍ രോഗബാധിതരും പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാനാകാത്തവിധം ക്ഷീണിതരുമാണെന്നും അന്യായമായി തടങ്കലിലിട്ടവരെ ഉടന്‍ മോചിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശ വക്താവ് ഇന്ത്യയോട് ആവശ്യപ്പെടുകയുണ്ടായി. വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള പല അന്തര്‍ദേശീയമാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇപ്പോള്‍തന്നെ നാണംകെട്ട് തലകുനിച്ചുനില്‍ക്കുന്ന കേന്ദ്ര അന്വേഷണസംവിധാനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതും അവയുടെ യജമാനദാസ്യം വെളിപ്പെടുത്തുന്നതുമാണ് നിരപരാധികളെ കുടുക്കുന്ന നിര്‍മിതതെളിവുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍.
ഇരുന്നൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കുമുമ്പു മറാത്താസാമ്രാജ്യഭരണകാലത്ത് സവര്‍ണജാതിക്കാര്‍ക്കെതിരേ ദളിതര്‍ ഐതിഹാസികമായ വിജയം നേടിയ കൊറേഗാവ് യുദ്ധത്തിന്റെ വാര്‍ഷികം ആചരിച്ചതുമായി ബന്ധപ്പെട്ട് 2017 ഡിസംബറില്‍ മഹാരാഷ്ട്രയിലെ പുനെയ്ക്ക് അടുത്തുള്ള ഭീമ കൊറേഗാവ് എന്ന സ്ഥലത്ത് ദലിതുകളും സവര്‍ണവിഭാഗക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനുശേഷം ഇതിനെ മറയാക്കി ആസൂത്രിതമായ നരവേട്ടയാണ് രാജ്യത്തെ മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കുനേരേ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്‍ ഐ എ ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ടു നടക്കുന്ന ഈ ക്രൂരമായ വേട്ടയുടെ അവസാനത്തെ രക്തസാക്ഷിയാണ് കസ്റ്റഡിയില്‍ മരണപ്പെട്ട ഫാ. സ്റ്റാന്‍സ്വാമി എന്ന ഈശോസഭാവൈദികന്‍. 'അര്‍ബന്‍ നക്‌സലുകള്‍' എന്നു പേരിട്ട് സ്വാതന്ത്ര്യചിന്തയും പ്രതികരണങ്ങളും നടത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെ ഒന്നടങ്കം ഉന്മൂലനംചെയ്യാനുള്ള ആസൂത്രിതമായ തിരക്കഥയാണ് അണിയറയില്‍ നടന്നത്. എതിര്‍പ്പുകളുടെയും പ്രതിഷേധങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ഒരു ശബ്ദംപോലും ഇവിടെ ഉണ്ടാകരുതെന്ന് ഉറപ്പാക്കുന്നതിനുള്ള നരവേട്ടയാണുണ്ടായത്.
രാജ്യമെമ്പാടും കൊടുംതീവ്രവാദികളെ വേട്ടയാടുന്ന രീതിയില്‍ വ്യാപകമായ റെയ്ഡുകള്‍ നടത്തിയാണ് പുനെ പോലിസ് മനുഷ്യാവകാശപ്രവര്‍ത്തകരെ അറസ്റ്റുചെയ്തത്. മാവോയിസ്റ്റ് സംഘടനകളുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നുവരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ കേസ് അന്വേഷിച്ച പുനെ പോലീസ് ഉയര്‍ത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാനുള്ള ഗൂഢാലോചന ഇവര്‍ നടത്തിയെന്നും മാവോയിസ്റ്റുസംഘടനകളുമായിച്ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനും നിയമസംവിധാനം ഇല്ലാതാക്കാനും ഇവര്‍ ശ്രമിച്ചുവെന്നുമടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നത്. തുടര്‍ന്ന്, കൂടുതല്‍ മനുഷ്യാവകാശപ്രവര്‍ത്തകരെ കേസ്സില്‍ കുടുക്കുകയാണുണ്ടായത്. ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായി ഫാ. സ്റ്റാന്‍സ്വാമിയും ഈ പട്ടികയില്‍ ഉള്‍പ്പെടുകയാണുണ്ടായത്.
ഫാ. സ്റ്റാന്‍ സ്വാമി ധീരനായ പോരാളി
1996 ല്‍ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരേ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ നടത്തിയ സമരത്തിന്റെ നേതൃനിരയില്‍ ഫാ. സ്റ്റാന്‍സ്വാമിയുണ്ടായിരുന്നു. ഇതാണ് ഫാസിസത്തിന്റെ ഭരണകൂടങ്ങളെ തുടര്‍ച്ചയായി അസ്വസ്ഥപ്പെടുത്തിയത്. കുടിയൊഴിപ്പിക്കലിനെതിരായി നടന്ന ഉജ്ജ്വലപ്രക്ഷോഭത്തിലൂടെ നൂറുകണക്കിന് ആദിവാസികളുടെ ആവാസഭൂമിയാണ് അന്ന് സംരക്ഷിക്കപ്പെട്ടത്. കുടിയൊഴിപ്പിക്കലിന്റെ പേരില്‍ ആദിവാസികള്‍ക്കെതിരേ ജാര്‍ഖണ്ഡിലെ പൊലീസ് തുടര്‍ച്ചയായി നടത്തിയ അതിക്രമങ്ങള്‍ക്കെതിരേ ഫാ. സ്റ്റാന്‍സ്വാമി ശബ്ദമുയര്‍ത്തി. മാവോയിസ്റ്റുകളെന്നു മുദ്രകുത്തി ജയിലിലടച്ച്, വിചാരണപോലുമില്ലാതെ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന ആദിവാസി യുവാക്കളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി മുന്‍നിരയില്‍നിന്നുതന്നെ ഫാ. സ്റ്റാന്‍ സ്വാമി പോരാടി.
മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ ഭാഗമായി 2010 ല്‍ ഫാ. സ്റ്റാന്‍ സ്വാമി എഴുതിയ 'ദ ട്രൂത്ത് ഓഫ് അണ്ടര്‍ ട്രയല്‍സ്' എന്ന പുസ്തകം ജാര്‍ഖണ്ഡില്‍ ആദിവാസികള്‍ക്കെതിരേ നടക്കുന്ന കൊടിയ മനുഷ്യാവകാശലംഘനങ്ങളുടെ നിരവധി കഥകള്‍ പുറംലോകത്ത് എത്തിക്കുന്നതിന് സഹായകരമായിരുന്നു. അറസ്റ്റ് ചെയ്തതില്‍ 98 ശതമാനം ആദിവാസിയുവാക്കള്‍ക്കും മാവോയിസ്റ്റ് പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പുസ്തകത്തില്‍ പറഞ്ഞിരുന്നു. ഇതോടെ ജാര്‍ഖണ്ഡിലെ ബി.ജെ.പി. സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയ സ്റ്റാന്‍ സ്വാമിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഭരണകൂടം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിനെതിരേ രാജ്യദ്രോഹക്കുറ്റത്തിനു കേസെടുക്കുകയാണു ചെയ്തത്. പിന്നീട് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച - കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഈ കേസുകള്‍ പിന്‍വലിച്ചിരുന്നുവെങ്കിലും ഭീമ കൊറേഗാവ് കേസിനെ മറയാക്കി വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി രാജ്യദ്രോഹക്കുറ്റത്തിന് ഫാദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2020 ഒക്ടോബര്‍ എട്ടിനാണ് എല്‍ഗാര്‍ പരിഷദ് കേസില്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റു ചെയ്തത്.
2018 ല്‍ കാരവന്‍മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ 'ചോദ്യങ്ങള്‍ ചോദിക്കുന്നവരെയെല്ലാം ദേശദ്രോഹികളാക്കി ഭരണകൂടം മുദ്രകുത്തുകയാണ്' എന്ന ശക്തമായ പ്രതികരണം സ്റ്റാന്‍ സ്വാമി നടത്തുകയുണ്ടായി. ഇത് ഭരണകൂടത്തെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത, ധീരമായി അഭിപ്രായങ്ങള്‍ പറയുന്ന, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുകയും നിരന്തരം കലഹിക്കുകയും ചെയ്യുന്ന സ്റ്റാന്‍ സ്വാമി ഉള്‍പ്പടെയുള്ള രാജ്യത്തെ മനുഷ്യാവകാശപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാന്‍ കാത്തിരുന്നവര്‍ക്കു കിട്ടിയ സുവര്‍ണാവസരമായിരുന്നു ഭീമ കൊറേഗാവ് സംഭവം.
രാജ്യത്തെ മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തിലെ ധീരനായ പോരാളിയായി ഫാ. സ്റ്റാന്‍ സ്വാമി രേഖപ്പെടുത്തപ്പെടുമെന്നതില്‍ സംശയമില്ല. പക്ഷേ, അദ്ദേഹമുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ ഒരു ജനാധിപത്യരാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്നു പറയുവാനുള്ള അവകാശം നമുക്കു നഷ്ടപ്പെട്ടുപോയിരിക്കുന്നുവെന്ന് വേദനയോടെ നമ്മള്‍ തിരിച്ചറിയണം. ആ തിരിച്ചറിവാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശപ്പോരാളികള്‍ നമുക്കു നല്‍കുന്നത്. ഇന്ത്യ ഒരിക്കലും പഴയ ഇന്ത്യയല്ല എന്ന വേദനിപ്പിക്കുന്ന തിരിച്ചറിവുകള്‍.