പാലാ: സമൂഹത്തിനു നന്മ പകരാന്‍ വ്യഗ്രത കാണിക്കുന്ന കുടുംബങ്ങളും ഇടവകസമൂഹവും കൂട്ടായ്മകളും വളര്‍ന്നുവരണമെന്ന് ചങ്ങനാശേരി ആര്‍ച്ചു ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ചു ബിഷപ്.
സഹോദരന്റെ വേദന സ്വന്തം വേദനയായി കാണാനുള്ള മനോഭാവം വളരണം. സ്വയമേ വിശുദ്ധീകരിക്കപ്പെട്ട് അതുവഴി കുടുംബങ്ങള്‍ വിശുദ്ധീകരിക്കപ്പെടണം. ദൈവരാജ്യത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബം വിശുദ്ധീകരിക്കപ്പെടുമ്പോഴാണ് സമൂഹവും വിശുദ്ധീകരിക്കപ്പെടുന്നത്. പീഡിപ്പിക്കപ്പെടുന്ന സഭയെ സ്വന്തമായിക്കണ്ട് സഭയ്ക്കുവേണ്ടി പ്രാര്‍ഥിക്കണം. വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൗത്യം ഈശോ ചെയ്തതുപോലെ അതിന് നമുക്കും കടമയുണ്ട്. പ്രാര്‍ഥനയെന്ന ആയുധം വിശ്വാസികള്‍ താഴെ വയ്ക്കരുതെന്നും ആര്‍ച്ചുബിഷപ് ആഹ്വാനം ചെയ്തു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. സത്യം പറയാന്‍ സമൂഹം പലപ്പോഴും ഭയപ്പെടുന്നു. സാമൂഹികതിന്മകള്‍ വളരുന്നു. മദ്യവും മയക്കുമരുന്നും യുവതലമുറയെ ശല്യപ്പെടുത്തുന്നു. വിവിധ മേഖലകളില്‍ വളര്‍ന്നുവരുന്ന തിന്മകളെ നേരിടാന്‍ വചനശ്രവണം ശക്തി പകരുമെന്ന് ബിഷപ് പറഞ്ഞു.
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. ജെയിംസ് മംഗലത്ത്, ഫാ. മാത്യു പുല്ലുകാലായില്‍, സിസ്റ്റര്‍ ആന്‍ ജോസ് എസ് എച്ച് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി.
കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജെയിംസ് മംഗലത്ത്, ഫാ.തോമസ് പേഴുംകാട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.
കണ്‍വന്‍ഷനില്‍ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നേതൃത്വം നല്‍കി. ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ.മാത്യു വാഴചാരിക്കല്‍, ഫാ.ആല്‍ബര്‍ട്ട് വടയാറ്റ്കുഴി, സി. ആന്‍ ജോസ് എസ്.ച്ച്, സിസ്റ്റര്‍ റോസ്മിന്‍ ചെരുവില്‍പറമ്പില്‍ എസ്.എച്ച്, സിസ്റ്റര്‍ ലിസ പള്ളിവാതുക്കല്‍ എസ്.എച്ച്. ജോര്‍ജ്ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, ബാബു തട്ടാംപറമ്പില്‍, സാബു കോഴിക്കോട്ട്, ബാബു തൊമ്മനാമറ്റം, ബിനു വാഴേപ്പറമ്പില്‍, ജോണി വേലംകുന്നേല്‍, പോള്‍സണ്‍ പൊരിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.