•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ഓണവിശുദ്ധിയുടെ ഓര്‍മ്മക്കാലം

കേരളത്തില്‍ ഏറ്റവും സുഖകരമായ കാലാവസ്ഥ ചിങ്ങമാസത്തിലാണ്. കഠിനമായ വെയിലില്ല, പ്രസന്നമായ വെയില്‍മാത്രമേയുള്ളൂ. ചിങ്ങമാസത്തിലെ രാത്രികള്‍ കുളിര്‍മയുള്ളതാണ്. ചിങ്ങമാസത്തിലാണ് ഏറ്റവുമധികം പൂക്കള്‍ വിരിയുന്നത്. ചിങ്ങമാസത്തിലെ ഓണനിലാവ് കവികള്‍ വാഴ്ത്തിക്കൊണ്ടിരുന്നത് നമുക്കറിയാം. ഈ കാലാവസ്ഥയോടൊപ്പം ജനങ്ങളുടെ ഹൃദയങ്ങളും ഉന്മേഷഭരിതമായിത്തീരുന്നു.
കര്‍ക്കടകമാസത്തെക്കുറിച്ച് പഞ്ഞക്കര്‍ക്കടകം എന്നാണ് പണ്ടു പറഞ്ഞിരുന്നത്. തോരാതെ മഴ പെയ്യും. ജോലിക്കുപോകാന്‍ നിവൃത്തിയില്ലാതെ ആളുകള്‍ വലയും. വരുമാനമില്ലാതാകും. ആ കാലം പിന്നിട്ടുകൊണ്ടാണ് ചിങ്ങമാസം പിറക്കുന്നത്.
ഘോരമായ മഴയും ഘോരമായ വെയിലുമില്ലാതെ രാത്രിയും പകലും ഒരുപോലെ ഉന്മേഷഭരിതമായ അന്തരീക്ഷം കേരളത്തില്‍ ചിങ്ങമാസത്തില്‍ സംജാതമാകുന്നു. അതുപോലെ ചെടികളും കുറ്റിക്കാടുകളുമെല്ലാം തഴച്ചുനില്ക്കുന്നതും പലതരം കിളികള്‍ പാറിപ്പറക്കുന്നതും അക്കാലത്തു കാണാമായിരുന്നു. ഈ അന്തരീക്ഷത്തിലാണ് മഹാബലിയുടെ കഥ പുനരുജ്ജീവിപ്പിച്ചുകൊണ്ട് കേരളീയര്‍ തിരുവോണം ആഘോഷിച്ചുപോന്നിരുന്നത്.
'മാവേലി നാടുവാണീടും കാലം...' എന്നാരംഭിക്കുന്ന പാട്ട് ലോകത്ത് ഒരു പുതുയുഗം സ്വപ്നം കാണുന്നവര്‍ക്ക് എക്കാലത്തും പ്രചോദനം നല്കുന്നതാണ്. മനുഷ്യരെല്ലാവരും സാഹോദര്യത്തോടും സമഭാവനയോടുംകൂടി കഴിയുന്ന കാലം. ജാതിമതഭേദങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. ദൈവത്തിന്റെ സന്താനങ്ങളെന്ന നിലയ്ക്ക് എല്ലാവരും സഹോദരഭാവേന പരസ്പരം സ്‌നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്നു.
എന്റെ നാട്ടിന്‍പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രമാണുണ്ടായിരുന്നത്. അവര്‍ ഒരുമിച്ചുചേര്‍ന്നാണ് ഓണക്കളികള്‍ പലതും നടത്തുന്നത്. വീടുകള്‍തോറും ഊഞ്ഞാലുണ്ടാകും. അതോടൊപ്പംതന്നെ, തെങ്ങിന്റെ ഉയരങ്ങളില്‍ നിന്നാരംഭിക്കുന്ന ആലാത്ത് എന്ന വലിയ ഊഞ്ഞാലും ഉണ്ടായിരിക്കും. അതില്‍ രണ്ടുമൂന്നുപേര്‍ ഒരുമിച്ചിരുന്ന് ആടുകയും ചെയ്യും. രാത്രികാലങ്ങളില്‍ നിലാവും നിഴലും ഇടകലര്‍ന്നു സ്വപ്നാത്മകമായിത്തീര്‍ന്ന അന്തരീക്ഷത്തില്‍ ആലാത്തില്‍നിന്നുയരുന്ന സംഗീതം ദേശവാസികളെല്ലാവരും ഒരുപോലെ ആസ്വദിച്ചിരുന്നു. ഇതുകൂടാതെ പലതരം കളികള്‍ വേറെയുമുണ്ട്.
രാത്രികാലങ്ങളില്‍ തുമ്പിതുള്ളല്‍ പ്രധാനമായിരുന്നു. പെണ്‍കുട്ടികളെ ഒരു പീഠത്തിനു ചുറ്റും പിടിച്ചിരുത്തി, പാട്ടുകള്‍ പാടി അവരില്‍ തുമ്പി ആവേശിച്ചതായ ബോധം സൃഷ്ടിക്കുന്നു. ആ അര്‍ദ്ധബോധാവസ്ഥയില്‍ പെണ്‍കുഞ്ഞുങ്ങള്‍ ഒരു പീഠത്തെ വലംവച്ചു ചുറ്റുകയും ഒടുവില്‍ മോഹാലസ്യത്തില്‍ അലിയുകയും ചെയ്യുന്നു. ഇതാണ് തുമ്പിതുള്ളല്‍. ഇതു നടക്കുമ്പോള്‍ത്തന്നെ തൊട്ടയല്‍വീടുകളില്‍ വട്ടക്കളി ഉണ്ടായിരിക്കാം. തിരുവാതിരകളിയും ഉണ്ടായിരിക്കാം. ഇത്തരം കളികളില്‍ പ്രായഭേദമെന്യേ എല്ലാവരും പങ്കുചേരുന്നു.
പലഹാരങ്ങള്‍ പരസ്പരം കൈമാറുന്ന ഹൃദ്യമായ കാഴ്ചയും അന്നു കാണാമായിരുന്നു. അവിടെയും മതവ്യത്യാസമില്ല. കുഞ്ഞുങ്ങള്‍ കോടിയുടുക്കുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു.
ഇപ്രകാരം, ഈശ്വരചൈതന്യത്താല്‍ വിശുദ്ധി നേടിയവരായി പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും ജീവിതത്തിന് മനുഷ്യര്‍ അര്‍ത്ഥം നല്കുന്ന കാഴ്ചയാണ് അന്നു കണ്ടുപോന്നിരുന്നത്. ഇന്ന് അസ്തമിച്ചുപോയ ഒരു സ്വപ്നത്തിന്റെ സ്മരണപോലെ ആ ഓര്‍മ്മകള്‍ എന്നെ തഴുകുന്നു എന്നുമാത്രം.
ഇന്നു ഞാന്‍ കാണുന്നത് തിരുവോണത്തിന്റെ കമ്പോളവത്കരണം മാത്രമാണ്. ആരും നാടന്‍ പലഹാരങ്ങള്‍പോലും അവരവരുടെ വീടുകളില്‍ ഉണ്ടാക്കാറില്ല. കളികളൊന്നും നടക്കുന്നില്ല. പരസ്പരം സഹോദരഭാവേന ഒരുമിച്ചുചേര്‍ന്ന് ഒരു വിശുദ്ധദിനം കൊണ്ടാടുന്നതിന്റെ രംഗങ്ങളില്ല. യാന്ത്രികമായ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും അവിടവിടെ നടന്നുപോരുന്നു എന്നുമാത്രം. യഥാര്‍ത്ഥമായ പൂവിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് പൂവ് പ്രത്യക്ഷപ്പെടുന്നതുപോലുള്ള ഒരു മാറ്റമായിട്ടാണ് ഈ കാലഘട്ടത്തിലെ ഓണം എന്റെ മനസ്സില്‍ അനുഭവപ്പെടുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)