തിരുവനന്തപുരം: കേരള കാത്തലിക് സ്റ്റുഡന്റ്‌സ് ലീഗ് (കെസിഎസ്എല്‍) സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍, യുപി വിഭാഗങ്ങളില്‍ ചങ്ങനാശേരി അതിരൂപത ഒന്നാമതെത്തി. 325 പോയിന്റോടെ ചങ്ങനാശേരി അതിരൂപത ഓവറോള്‍ കിരീടം കരസ്ഥമാക്കി. 285 പോയിന്റോടെ കോതമംഗലം രൂപത രണ്ടാം സ്ഥാനത്തും 215 പോയിന്റോടെ ഇടുക്കി രൂപത മൂന്നാം സ്ഥാനത്തുമെത്തി. നാലാഞ്ചിറ മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയവിദ്യാലയത്തില്‍ നടന്ന സമാപനസമ്മേളനം മലങ്കര സുറിയാനി കത്തോലിക്കാസഭ കൂരിയ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍വാനോസ് ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം മേജര്‍ മലങ്കര അതിരൂപത വികാരി ജനറാളും കോര്‍പറേറ്റ് മാനേജരുമായ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത് മുഖ്യസന്ദേശം നല്‍കി. കെസിഎസ്എല്‍ സംസ്ഥാന ചെയര്‍മാന്‍ മാസ്റ്റര്‍ കെ.എസ്. അശ്വിന്‍ ആന്റോ അധ്യക്ഷത വഹിച്ചു.
കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. കുര്യന്‍ തടത്തില്‍ ആമുഖപ്രസംഗം നടത്തി. തിരുവനന്തപുരം ലത്തീന്‍ അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഡോ. വൈ. ഡൈസണ്‍, കെസിഎസ്എല്‍ സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് ക്രൂസ്, നാലാഞ്ചിറ സര്‍വോദയ വിദ്യാലയ പ്രിന്‍സിപ്പല്‍ ജയിംസ് ടി. ജോസഫ് തുടങ്ങിവര്‍ പ്രസംഗിച്ചു.
ജനറല്‍ കണ്‍വീനര്‍ ഫാ. നെല്‍സണ്‍ വലിയവീട്ടില്‍ സ്വാഗതവും സംസ്ഥാന ഓര്‍ഗനൈസര്‍ മനോജ് ചാക്കോ നന്ദിയും പറഞ്ഞു.