•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കഥ

ഒരു നിയോഗത്തിന്റെ ചാവുനിലങ്ങള്‍

  • ഗിരീഷ് കെ ശാന്തിപുരം
  • 9 February , 2023

കനത്ത പുറംചട്ടയുള്ള വിശുദ്ധഗ്രന്ഥത്തില്‍നിന്നാണ് യൂദാസ് ഇറങ്ങിവന്നത്. എന്റെ വിശുദ്ധ മനനങ്ങളുടെ, സുതാര്യഗന്ധം നിറയുന്ന ഒരു പുലര്‍കാലത്തിലായിരുന്നത്.
ഭൂമി ഒരു മഞ്ഞുകാലനിദ്രയുടെ ആലസ്യംവിട്ടുണര്‍ന്നിരുന്നില്ല. ഞാനോ പാതിരാക്കോഴിക്കൊപ്പം ഉറക്കമുണര്‍ന്ന്, വിശുദ്ധചിന്തകളുടെ കുന്തിരിക്ക ഗന്ധമറിഞ്ഞ് വചനങ്ങളുടെ യോര്‍ദാന്‍നദിയിലൂടെ ഒഴുകി നീങ്ങുകയായിരുന്നു. അപ്പോഴാണ് യൂദാസ് വന്നത്.
നരച്ച നിറമുള്ള നീളന്‍കുപ്പായവും ഉത്തരീയവും ധരിച്ച് എനിക്കു മുമ്പില്‍ വന്നുനില്‍ക്കുന്ന, നീണ്ട നാസികയും കൗശലം മുറ്റിയ കണ്ണുകളും കട്ടിപ്പുരികവുമുള്ള മനുഷ്യനെ കണ്ടപ്പഴേ എനിക്കു തീര്‍ച്ചയുണ്ടായിരുന്നു. ഇത് യൂദാസ്തന്നെ.
കാരണം, യൂദാസിനെയും എനിക്കു നല്ല പരിചയമായിരുന്നു. യേശുവിനെപ്പോലെ, പത്രോസിനെപ്പോലെ, പന്ത്രണ്ടാമനായ യൂദാസിനെയും ഞാന്‍ വിശുദ്ധഗ്രന്ഥത്തിന്റെ ഏടുകളില്‍നിന്നു ഹൃദയംകൊണ്ടു പരിചയപ്പെട്ടിരുന്നു. എന്നിട്ടും ഞാന്‍ ചോദിച്ചു:
''യൂദാസ് അല്ലേ...?''
''യൂദാസ് ഇസ്‌കറിയോത്ത.'' യൂദാസ് പ്രതിവചിച്ചു.
എനിക്കും യൂദാസിനുമിടയില്‍ ഒരു മെഴുകുവിളക്ക് അഗ്രസന്ധ്യാവാതത്തില്‍ ഉലഞ്ഞു കത്തുന്നുണ്ടായിരുന്നു. വിളക്കു വെളിച്ചം മിനുക്കിയ യൂദാസിന്റെ മുഖം മ്ലാനമായിരിക്കുന്നുവെന്നു ഞാന്‍ കണ്ടു.
ഞാന്‍ യൂദാസിനെ സൂക്ഷിച്ചുനോക്കി. ക്ലാന്തതയുടെ മുഖാവരണമണിഞ്ഞ് ഒരു ശിലാവിഗ്രഹംപോലെ യൂദാസ് ചലനമറ്റു നിന്നു. കണ്ണുകള്‍ ഉലയുന്ന വിളക്കുനാളത്തില്‍ത്തന്നെയാണ്. ഞങ്ങള്‍ക്കിടയില്‍ വെളിച്ചവും മൗനവും ഇളകിക്കൊണ്ടിരുന്നു.
ഞങ്ങള്‍ക്കിടയിലെ നിശ്ശബ്ദത എനിക്ക് ആത്മനിഷ്ഠമായ ഒരു വായനപോലെ സാന്ദ്രവും വിശുദ്ധവുമായിത്തോന്നി. അയാളുടെ മൗനങ്ങളാണ് യൂദാസിന്റെ സത്യങ്ങളെന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ആ മൗനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് യൂദാസിനെ മൗനംകൊണ്ടുതന്നെ വിചാരണചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു.
പക്ഷേ, എനിക്ക് എന്റെ മനസ്സിനെ പിന്നാക്കം പിടിക്കേണ്ടി വന്നു. കാരണം, ഒരു കുറ്റവാളിയുടെ മുഖാവരണത്തോടെ, പൂര്‍വകാലചെയ്തികളെക്കുറിച്ചുള്ള പശ്ചാത്താപപീഡയോടെ ഒരു വിചാരണയ്ക്കായി നിന്നുതരുന്ന ആളൊന്നുമല്ല യൂദാസ്. അതു പഠിക്കാന്‍ തക്കവണ്ണമുള്ള അപൂര്‍ണവിരാമങ്ങളുടെ നിശ്ശബ്ദനിമിഷങ്ങളുണ്ടല്ലോ വിശുദ്ധ ലിഖിതങ്ങളില്‍.
സമയം ഇഴഞ്ഞുനീങ്ങുകയാണ്. മെഴുകുവിളക്ക് കണ്ണടയ്ക്കാനും കിഴക്ക് പ്രഭാങ്കുരങ്ങള്‍ പൊട്ടാനും അധികമുണ്ടാവില്ല.
എന്റെ ഹൃദയം യൂദാസിനോടുള്ള അനുകമ്പയും അലിവും കൊണ്ടു നിറഞ്ഞു. ആ നിറവിന്റെ കാതരഭാവത്തോടെ ഞാന്‍ ചോദിച്ചു:
''യൂദാസ്, നീ എന്തേ ഇപ്രകാരം പ്രവര്‍ത്തിച്ചു...?'' 
യൂദാസ് വിളക്കുനാളത്തില്‍നിന്ന് കണ്ണുകള്‍ പറിച്ച് എന്റെ കണ്ണുകളില്‍ വച്ചു. അവന്റെ നോട്ടം തണുത്തുറഞ്ഞ ഒരു സ്പര്‍ശംപോലെയായിരുന്നു. എങ്കിലും, എന്റെ കണ്ണുകള്‍ ആ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
''ഞാന്‍ യൂദാസ് ആയതുകൊണ്ട്...''
എന്റെ ചോദ്യത്തിന്റെ മുനയൊടിക്കുന്നതായിരുന്നു യൂദാസിന്റെ ഉത്തരം. യൂദാസിനെക്കുറിച്ചുള്ള എന്റെ ചിന്തകളില്‍ സഹതാപജന്യമായ ചില നിമിഷങ്ങള്‍ക്കപ്പുറം, അയാളുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് എനിക്കു നല്ല അറിവുണ്ടായിരുന്നു. ഒരിക്കലും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും.
എന്റെ മനസ്സില്‍ നിരവധിയായ സന്ദേഹങ്ങളുടെ അത്തിമരച്ചില്ലകള്‍ ഇളകി. പിന്നെ അവ വേനലില്‍ ഇലപൊഴിച്ച് ആകാശത്തേക്കു ചില്ലകള്‍ നീട്ടിനില്‍ക്കുന്ന പ്രാര്‍ഥനാരൂപങ്ങളായി...
യൂദാസിനെതിരേ ഒരു വിചാരണയുടെ വിധിഭാവങ്ങളെടുത്തണിയാന്‍ ഞാന്‍ ന്യായാസനങ്ങളില്‍ ഉപവിഷ്ടനല്ലല്ലോ... ഞാന്‍ എന്റെ മനസ്സിനെ അരൂപചിന്തകളില്‍നിന്നു മോചിപ്പിച്ചുകൊണ്ടു പറഞ്ഞു:
''യൂദാസ്, നിന്നെപ്രതി എനിക്കു സഹതാപവും സ്‌നേഹവും ഉണ്ട്.''
യൂദാസ്, ഒന്നുലഞ്ഞു. വിളക്കിനടുത്തേക്ക് അനങ്ങിനിന്നു. എന്നിട്ടു പറഞ്ഞു: ''പക്ഷേ, ഞാന്‍ എന്നെയല്ലാതെ ആരെയും സ്‌നേഹിച്ചിരുന്നില്ല.''
വരണ്ട ഒരു കാറ്റുപോലെയായിരുന്നു യൂദാസിന്റെ ശബ്ദം. ഞാന്‍ അജ്ഞേയമായൊരു ജിജ്ഞാസയുടെ വിളുമ്പില്‍നിന്നു  സന്ദേഹംകൊണ്ടു.
''ഗുരുവിനെയും...?''
''എനിക്ക്... എനിക്കറിഞ്ഞുകൂടാ...'' അവന്റെ ശബ്ദം ഇടറിയിരുന്നു.
ഒരു പുതിയ വെളിപാടിന്റെ, കണ്ടെത്തലിന്റെ ഒരു രജതരേഖ ഇടിമിന്നല്‍പോലെ എന്നിലേക്കു തുളച്ചുകയറി. യൂദാസിന്റെ സത്യങ്ങള്‍ മൗനങ്ങളില്‍നിന്ന് ശബ്ദങ്ങളിലേക്കു മാറിയിരിക്കുന്നു.
ഗുരുവിനോടൊപ്പമുള്ള പരസ്യരഥ്യകളിലൊന്നും യൂദാസ് തന്റെ സത്യങ്ങള്‍ സംസാരിച്ചിരുന്നില്ല. സംസാരിച്ചതൊക്കെയും തന്റെ വ്യാജങ്ങളായിരുന്നു. അതാകട്ടെ, എല്ലാ അര്‍ഥങ്ങളിലും ഗുരു തിരിച്ചറിഞ്ഞിരുന്നു താനും. 
ബേഥനിയായില്‍വച്ച് മാര്‍ത്തയുടെ സഹോദരി മറിയം യേശുദേവന്റെ പാദങ്ങള്‍ തൈലാഭിഷേകം ചെയ്ത രംഗം ഞാന്‍ ഓര്‍മിച്ചു. അപ്പോള്‍ യൂദാസ് ചോദിച്ചത് ഇപ്രകാരമാണ്:
''ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റ് ദരിദ്രര്‍ക്കു കൊടുക്കാത്തതെന്ത്?''
''അങ്ങനെ ചെയ്തിരുന്നെങ്കില്‍ അതില്‍നിന്ന് പകുതിയിലേറെയും ഞാന്‍ അപഹരിക്കുമായിരുന്നു...'' എന്റെ ചിന്തകള്‍ അറിഞ്ഞിട്ടെന്നവണ്ണം യൂദാസ് പറഞ്ഞു.
ഞാന്‍ തെല്ലതിശയത്തോടെ യൂദാസിനെ നോക്കി. കുറ്റബോധത്തിന്റെ തിണര്‍പ്പ് ബാധിച്ചൊരു മുഷിഞ്ഞ മുഖഭാവത്തോടെ അയാള്‍ എനിക്കു മുമ്പില്‍ നില്‍ക്കുന്നു.
''എനിക്ക് ഒരിക്കലും ഗുരുവില്‍നിന്ന് ഒന്നും മറയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല...'' യൂദാസ് പറഞ്ഞു.
യൂദാസ് കണ്ണുകള്‍ തുടയ്ക്കുകയായിരുന്നു. സത്യത്തില്‍ അയാള്‍ മറ്റൊരു മെഴുകുവിളക്കായി എരിയാന്‍ തുടങ്ങുകയായിരുന്നു എന്നെനിക്കു തോന്നി.
യൂദാസ് പറഞ്ഞത് സത്യമായിരുന്നു. യൂദാസിന്റെ ഓരോ ചെയ്തികളിലും അയാളുടെ ഹൃദയം ഒരു സ്ഫടികച്ചീളിന്റെ സുതാര്യതയോടെ യേശു കണ്ടിരുന്നു.
അതുകൊണ്ടാണല്ലോ, 'തൈലം എന്റെ ദേഹത്തുപൂശിയ ഇവള്‍ എന്റെ ശവസംസ്‌കാരത്തിനായി ഇതു ചെയ്തിരിക്കുന്നു' എന്ന് യേശു പറഞ്ഞത്. 
യേശു എന്നും അങ്ങനെയായിരുന്നു. ഒരുപാട് അര്‍ഥങ്ങളും ഒരുപാടു സത്യങ്ങളും ഒളിപ്പിച്ച തന്റെ മറുപടിയോരോന്നും കാതുള്ളവര്‍ക്കു കേള്‍ക്കാനും തന്റെ പ്രവൃത്തികളോരോന്നും കണ്ണുള്ളവര്‍ക്കു കാണാനും വേണ്ടിയായിരുന്നു.
''ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല. ഒന്നും കേട്ടതായി ഭാവിച്ചില്ല. ഗുരുവിനോടൊപ്പം നടക്കുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും എന്റെ മനസ്സില്‍ ദുരയായിരുന്നു. സമ്പത്തിനോടുള്ള ദുര. ലൗകികഭോഗങ്ങളോടുള്ള ആസക്തി...'' യൂദാസ് പറഞ്ഞു.
യൂദാസ് പറഞ്ഞത് സത്യമാണെന്ന് എനിക്കു തോന്നി. അല്ലെങ്കില്‍ത്തന്നെ അയാള്‍ ഇപ്പോള്‍ സത്യങ്ങള്‍ മാത്രമാണല്ലോ സംസാരിക്കുക. തിരിച്ചറിയേണ്ടിയിരുന്നപ്പോള്‍ അറിഞ്ഞിട്ടും യൂദാസ് അങ്ങനെ ഭാവിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിരുന്നില്ല.
എനിക്കു മുമ്പില്‍ ഇപ്പോള്‍ യൂദാസ് തുറന്നുവച്ച ഒരു ഗ്രന്ഥം പോലെയാണ്. ഒരു മനഃശാസ്ത്രജ്ഞന്റെ വിരുതോടെ എനിക്ക് യൂദാസിനെ എളുപ്പം വിശകലനം ചെയ്യാന്‍ കഴിയുന്നുണ്ട്.
'ഞാന്‍ നിങ്ങളെ മനുഷ്യരെപിടിക്കുന്നവരാക്കാം' എന്നു പ്രഖ്യാപിച്ചുകൊണ്ടു തന്നോടൊപ്പം ചേര്‍ത്ത ശിഷ്യഗണത്തില്‍ യൂദാസ് ഒരു വിധിവിഹിതംപോലെയാണ് പണംസൂക്ഷിപ്പുകാരനായി മാറിയത്. നാണയങ്ങളുടെ കിലുക്കം എന്നും യൂദാസിനെ വിഭ്രമിപ്പിച്ചിരുന്നു. ആരുമറിയാതെ പണം മോഷ്ടിച്ചു മാറ്റിയിരുന്ന യൂദാസ് യേശുവിന്റെ പരസ്യജീവിതകാലത്തെ അദ്ഭുതങ്ങള്‍ക്കെല്ലാം കണക്കുപറഞ്ഞു പണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നിരിക്കണം.
''നേര്, ഞാന്‍ അങ്ങനെ ആഗ്രഹിച്ചിരുന്നു...'' യൂദാസ് പിറുപിറുത്തു. ''പറുദീസയില്‍ ഗുരുവിനോടൊപ്പം ഇടംകണ്ടെത്താന്‍ ശ്രമിക്കാതെ ഭൂമിയില്‍  ഒരു സിംഹാസനം പണിയാനായിരുന്നല്ലോ ഞാന്‍ ശ്രമിച്ചിരുന്നത്...''
യൂദാസിന്റെ ശബ്ദം ഒരു വിലാപംപോലെയായിരുന്നു. പുറത്തു പതിവില്ലാതെ മഞ്ഞുപെയ്യാന്‍ തുടങ്ങിയിരുന്നു. തണുപ്പ് അതിന്റെ നീണ്ടുകൂര്‍ത്ത നഖങ്ങളാല്‍ അസ്ഥിയോളം അള്ളിപ്പിടിക്കുന്നു. പുറത്തു മരച്ചില്ലകളില്‍ ഏതോ ഒരു പേരറിയാപ്പക്ഷി അപരിചിതശബ്ദത്തില്‍ കരഞ്ഞു.
വെട്ടം വീഴാന്‍ അധികമുണ്ടാവില്ല. മെഴുകുവിളക്ക് എരിഞ്ഞു തീരാറായിരിക്കുന്നു. യൂദാസ് വല്ലാത്തൊരു ഭാവത്തോടെ പുറത്തെ സാന്ദ്രതയകലുന്ന ഇരുട്ടിലേക്കു നോക്കി. ആഗതമാകുന്ന പകല്‍വെളിച്ചത്തെ അയാള്‍ ഭയപ്പെടുന്നതുപോലെ എനിക്കു തോന്നി:
യൂദാസിനെക്കുറിച്ചുള്ള എന്റെ വിചാരങ്ങളില്‍ എനിക്ക് അപ്രാപ്യമായ പുതിയ ഉത്തരങ്ങള്‍ തേടുകയായിരുന്നു ഞാന്‍. ഇപ്പോള്‍ യൂദാസ് ആ ഉത്തരങ്ങളുമായി എനിക്കു മുമ്പില്‍ നില്‍ക്കുകയാണ്. ഞാന്‍ ചോദിച്ചു: 
''എന്തിനാണ് യൂദാസ് നീ ഗുരുവിനെ ഒറ്റുകൊടുത്തത്?''
യൂദാസൊന്ന് നടുങ്ങിയതായി എനിക്കു തോന്നി. വല്ലാത്തൊരു വ്യഥയോടെ, അടക്കിപ്പിടിച്ച ഒരു തേങ്ങലോടെ അവന്‍ നിലത്തു മുട്ടുകുത്തി ശിരസ്സു കുനിച്ചു. യൂദാസിന്റെ ശിരസ്സപ്പോള്‍ ഒരു ചരിത്രത്തിന്റ പാപങ്ങളത്രയും പേറി കുനിഞ്ഞുപോയതുപോലുണ്ടായിരുന്നു. 
നൊമ്പരങ്ങളുടെ, അസ്വസ്ഥതകളുടെ വന്യതയാര്‍ന്നൊരു ആള്‍രൂപമായി യൂദാസ് പരിണമിക്കുകയായിരുന്നു. ഞാന്‍ ശബ്ദം താഴ്ത്തി വിളിച്ചു:
''യൂദാസ്...''
''എനിക്കറിഞ്ഞുകൂടാ... പക്ഷേ, ഞാനങ്ങനെ ചെയ്തു. എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നു. യഹൂദപ്രമാണിമാര്‍ ഒരു പ്രലോഭനമായി വച്ചുനീട്ടിയ മുപ്പതു വെള്ളിനാണയങ്ങള്‍ എന്നെ ചതിച്ചുകളഞ്ഞു...''
യൂദാസ് കരയുകയായിരുന്നു. പശ്ചാത്താപവിവശനായ ഒരാത്മാവിന്റെ നൊമ്പരസ്പന്ദനങ്ങളത്രയും ആ വാക്കുകളില്‍ തളം കെട്ടിനിന്നിരുന്നു. എന്റെ മനസ്സിലേക്കപ്പോള്‍ അന്ത്യത്താഴരംഗം തിക്കിത്തിരക്കി വന്നു.
''എന്നോടൊപ്പം ഭക്ഷിക്കുന്ന നിങ്ങളിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കു''മെന്ന് യേശുവിന്റെ വാക്കുകള്‍. അപ്പോള്‍ എല്ലാവരെയുംപോലെ യൂദാസും ചോദിക്കുന്നു:
''റബ്ബീ... ഞാനാകുന്നുവോ...?''
പിന്നെ ഗദ്‌സമന്‍തോട്ടത്തില്‍വച്ച് യൂദാസിന്റെ ചുംബനം.
''റബ്ബി സ്വസ്തി...'' യേശുവിന്റെ വേദനാജനകമായ മറുചോദ്യം:
''സ്‌നേഹിതാ, നീ മനുഷ്യപുത്രനെ ഒരു ചുംബനംകൊണ്ട് ഒറ്റിക്കൊടുക്കുന്നുവോ?''
ലോകത്തിന്റെ ശിരസ്സില്‍ ഒരു മുള്‍മുടി തറയുന്നു... കാലത്തിന്റെ ഹൃദയത്തില്‍ ചമ്മട്ടികള്‍ പുളയുന്നു... പ്രപഞ്ചത്തിന്റെ പ്രകാശം മൂന്നാണികളില്‍ തറയുന്നു... ദൈവാലയത്തിനുള്ളിലെ കല്‍ത്തളങ്ങളില്‍ മുപ്പതു വെള്ളിനാണയങ്ങള്‍ ചിതറിവീഴുന്നു... ഗുരുനിന്ദയുടെ മനുഷ്യരൂപം ഒരു മുഴം കയറില്‍ തൂങ്ങിയാടുന്നു...
ഞാന്‍ എരിഞ്ഞുതീരുന്ന മെഴുകുവിളക്ക് അടര്‍ത്തിയെടുത്ത് യൂദാസിന്റെ മുമ്പില്‍ മുട്ടുകുത്തി. അവന്റെ മുഖത്തേക്ക് വെളിച്ചമടുപ്പിച്ചു ചോദിച്ചു:
''നിനക്ക് പശ്ചാത്താപം തോന്നിയില്ലേ യൂദാസ്...''
''ഉവ്വ്.... അസ്ഥികള്‍ തകരുന്നതുപോലെയും മാംസം ചിതറുന്നതുപോലെയുമുള്ള വേദന ഞാന്‍ അനുഭവിച്ചു. എന്റെ പിഴ ഞാന്‍ തിരിച്ചറിഞ്ഞു...''
''പിന്നെ എവിടെയാണ് നിനക്കു പിഴച്ചത്. എന്തേ നല്ല കള്ളനെപ്പോലെ നീയും പറുദീസയില്‍ എത്തിയില്ല...?''
യൂദാസ്  കണ്ണുകള്‍ തുടച്ചു. പിന്നെ മെല്ലെ എഴുന്നേറ്റു. ആകാശത്തിന്റെ അദൃശ്യസാന്നിധ്യങ്ങളിലേക്കു മിഴികള്‍ നീട്ടിപ്പറഞ്ഞു:
''എനിക്കു പിഴവുപറ്റി സ്‌നേഹിതാ. കുറ്റബോധവും പശ്ചാത്താപവും എന്നെ എത്തിച്ചത് മരണത്തിന്റെ വാതായനത്തിലേക്കാണ്. നല്ല കള്ളനെപ്പോലെ ഞാന്‍ ഗുരുവിങ്കല്‍ ആശ്രയിച്ചില്ല. തെറ്റുകള്‍ ഏറ്റുപറഞ്ഞു പറുദീസയിലെത്താന്‍ ശ്രമിച്ചില്ല. അതേ സ്‌നേഹിതാ, എനിക്ക് ആദ്യം മുതല്‍ അവസാനംവരെ തെറ്റുപറ്റി. യൂദാസ് ഇസ്‌കറിയോത്ത ഒരു തെറ്റാണ്. ഒരു വലിയ തെറ്റ്...''
എന്റെ കൈയില്‍നിന്ന് മെഴുകുവിളക്ക് കത്തിയമര്‍ന്നു നിലത്തുവീണതും കിഴക്ക് പ്രഭാതത്തിന്റെ ആദ്യാങ്കുരങ്ങള്‍ കണ്ടതും ഒരു ദുരന്തംപോലെ യൂദാസ് കനത്ത പുറചട്ടയുള്ള വിശുദ്ധഗ്രന്ഥത്തിലേക്കു മറഞ്ഞതും ഒരുമിച്ചായിരുന്നു.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)