വത്തിക്കാന്‍സിറ്റി: പൗരസ്ത്യ സഭാകാര്യാലയത്തിന്റെ സെക്രട്ടറിയായി മാരോണൈറ്റ് സഭാംഗമായ ഫാ. മൈക്കിള്‍ ജലഖിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ലെബനോനിലെ ബാബ്ദയിലുള്ള അന്റോണൈന്‍ യൂണിവേഴ്‌സിറ്റിയുടെ റെക്ടറായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. 1966 ഓഗസ്റ്റ് 27-ന് ബൗച്രിയില്‍ ജനിച്ച ജലാഖ്, 1983 ഓഗസ്റ്റ് 15 ന് അന്റോണിയന്‍ മാരോണൈറ്റ് സന്ന്യാസസമൂഹത്തില്‍ വ്രതവാഗ്ദാനം നടത്തി. 1991 ഏപ്രില്‍ 21 ന് വൈദികനായി അഭിഷിക്തനായി.
2000 ഡിസംബര്‍മുതല്‍ 2008 ജൂലൈവരെ പൗരസ്ത്യസഭാ കാര്യാലയത്തില്‍ സെക്രട്ടേറിയല്‍ അറ്റാഷെയായി സേവനമനുഷ്ഠിച്ചിരുന്നു. 2008 ല്‍ റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് സഭാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 2013 മുതല്‍ 2018 വരെ മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017 ല്‍ അന്റോണൈന്‍ യൂണിവേഴ്‌സിറ്റിയില്‍ റെക്ടറായി നിയമിതനായി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 21 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ, പൗരസ്ത്യസഭകള്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പുതിയ പ്രീഫെക്ടായി ആര്‍ച്ചു ബിഷപ് ക്ലോഡിയോ ഗുഗെറോട്ടിയെ നിയമിച്ചത്. ഇക്കഴിഞ്ഞ ജനുവരി 16 ന് ഉത്തരവാദിത്വം ഏറ്റെടുത്ത ആര്‍ച്ചുബിഷപ് ക്ലോഡിയോടൊപ്പമാണ് കാര്യാലയ സെക്രട്ടറിയായി ഫാ. മൈക്കിള്‍ ജലഖ് പ്രവര്‍ത്തിക്കുന്നത്.