മതേതരഭാരതം ഇന്നെവിടെ?രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ വിലയിരുത്തിക്കൊണ്ടുള്ള ജോര്‍ജ് കള്ളിവയലിന്റെ ലേഖനം (സമാനതകളില്ലാത്ത ഭാരതപര്യടനം - നാളം 47) ഉചിതമായി. യാത്രയുടെ രാഷ്ട്രീയമെന്തായാലും, ക്ലേശപൂര്‍ണവും സാഹസികവുമായ ഇത്തരമൊരു ദീര്‍ഘയാത്രയ്‌ക്കൊരുമ്പെടാന്‍ രാഹുല്‍ കാണിച്ച തന്റേടത്തെ അഭിനന്ദിക്കാതെ വയ്യ. അദ്ദേഹത്തെ ഒരു 'ബാലതാര'മായി ചിത്രീകരിച്ച് ഇകഴ്ത്തുവാന്‍ ശ്രമിച്ചവര്‍ക്കു മുന്നില്‍ ഇനി അദ്ദേഹത്തിനു തലയുയര്‍ത്തി നില്ക്കാം. എന്തായാലും, കോണ്‍ഗ്രസ് അണികളില്‍ ഒരു ഉണര്‍വേകാന്‍ രാഹുലിനു കഴിഞ്ഞുവെന്നു തീര്‍ച്ചയായും പറയണം.
ജനുവരി 30 ന് ജമ്മുകാഷ്മീരില്‍ യാത്ര സമാപിക്കുമ്പോള്‍ അന്തരീക്ഷം തണുത്തുറഞ്ഞ് മഞ്ഞില്‍ കുളിച്ചുനില്‍ക്കുകയായിരുന്നു. അതിലൊന്നും തളരാതെ, ആവേശം ഒട്ടും ചോരാതെ രാഹുല്‍ വികാരനിര്‍ഭരനായി നീണ്ട ഒരു പ്രസംഗം ചെയ്തു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അച്ഛനെയും മുത്തശ്ശിയെയും ഓര്‍മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞുവച്ച കാര്യങ്ങള്‍ ഏതൊരു ഭാരതീയന്റെയും ചിന്തയെ ഉണര്‍ത്തുന്നതായിരുന്നു. മഹാത്മജിയുടെ രക്തസാക്ഷിത്വത്തോളം വരില്ലെങ്കിലും ഇന്ദിരാജിയുടെയും രാജീവുഗാന്ധിയുടെയും ബലിദാനത്തെ രാഷ്ട്രീയചിന്ത കൂടാതെ ഹൃദയത്തോടു ചേര്‍ത്തു വച്ചാലോചിക്കുമ്പോള്‍ കണ്ണു നനയ്ക്കാന്‍ പര്യാപ്തമാണവയും. രാഷ്ട്രശില്പിയായ നെഹ്‌റുജിയുടെ മതേതരഭാരതം എന്ന ഉന്നതമായ സങ്കല്പത്തെ ഉയര്‍ത്തിപ്പിടിച്ചവരാണവര്‍. ആ മതേതരഭാരതം ഇന്നെവിടെ?
ലോറന്‍സ് എബ്രാഹം കൊച്ചി