പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നബാര്‍ഡിന്റെയും കേന്ദ്ര മില്ലറ്റ് ഗവേഷണകേന്ദ്രത്തിന്റെയും സഹകരണത്തോടെ പാലാ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച ത്രിദിന ചെറുധാന്യ പ്രദര്‍ശനമേള -- മില്ലറ്റ് എക്‌സ്‌പോ -- സമാപിച്ചു.
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മേള ഉദ്ഘാടനം ചെയ്തു. കൃഷി ഒരു കൂട്ടായ്മയുടെ ആഘോഷമാണെന്നും ചെറുധാന്യങ്ങള്‍ ഔഷധമെന്ന നിലയില്‍ അനുദിനഭക്ഷണത്തിന്റെ ഭാഗമാകണമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മില്ലറ്റ് ലിറ്ററസി പ്രോഗ്രാമിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പിയും മില്ലറ്റ് വിപണിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എയും നിര്‍വഹിച്ചു. മൂന്നു ദിവസമായി നടന്ന മേളയില്‍ മില്ലറ്റ് കൃഷിയും ഭക്ഷണക്രമവും സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. എം.പിമാര്‍, എം.എല്‍.എമാര്‍, മുനിസിപ്പല്‍ - ത്രിതലപഞ്ചായത്തു സാരഥികള്‍, ഉദ്യോഗസ്ഥപ്രമുഖര്‍, കര്‍ഷകക്കൂട്ടായ്മാഭാരവാഹികള്‍, പ്രമുഖ മില്ലറ്റ് കര്‍ഷകര്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
സമാപനസമ്മേളനം മാണി സി കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പി.എസ്.ഡബ്ല്യൂ.എസ്. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. ജോര്‍ജ് വടക്കേത്തൊട്ടി, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, പി.വി. ജോര്‍ജ്, ജോയി മടിക്കാങ്കല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കി. ചെറുധാന്യവിഭവങ്ങള്‍ക്കൊപ്പം നാടന്‍ ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളും വിവിധ കലാപരിപാടികളും മേളയ്ക്കു മാറ്റുകൂട്ടി.