ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലോകത്തെമ്പാടും സ്ത്രീസമൂഹം മുമ്പെന്നത്തേക്കാള്‍ എല്ലാ മേഖലയിലും ഉയര്‍ച്ച പ്രാപിച്ചിരിക്കുന്നുവെന്നതു തര്‍ക്കമറ്റ സംഗതിയാണ്. ഭരണരംഗത്തും തൊഴില്‍മേഖലയിലുമെല്ലാം പുരുഷനൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്ക്കാന്‍ സ്ത്രീകള്‍ക്കിന്നു കഴിയുന്നുണ്ട്. രാഷ്ട്രപുനര്‍നിര്‍മാണത്തിലും സാമൂഹികവളര്‍ച്ചയിലും കുടുംബക്ഷേമത്തിലുമെല്ലാം സ്ത്രീകള്‍ വഹിക്കുന്ന പങ്ക് നിസ്തുലമെന്നേ പറയേണ്ടൂ.
ഇതൊക്കെയാണെങ്കിലും സ്ത്രീസുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉത്കണ്ഠ എല്ലാവരും പങ്കുവയ്ക്കുന്ന ഒരു കാര്യമാണ്. സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇന്നും തെല്ലും കുറവില്ല എന്നു തന്നെയല്ല, അവ ഒന്നിനൊന്നു വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. തൊഴിലിടങ്ങളിലും വീട്ടകങ്ങളിലുമെല്ലാം സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ എത്രയെത്ര ദൃഷ്ടാന്തങ്ങളാണ് ദിവസേനയെന്നോണം നാം മാധ്യമങ്ങളില്‍നിന്നു കേട്ടുകൊണ്ടിരിക്കുന്നത്. വലിയ മനഃശാസ്ത്രവിശകലനങ്ങള്‍ ആവശ്യമുള്ള ഒരു വിഷയമാണിത്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? ഓരോ വ്യക്തിയുടെയും ബാല്യകാലാനുഭവങ്ങളും കുടുംബജീവിത സാഹചര്യങ്ങളും സാമൂഹികപരിതോവസ്ഥകളുമെല്ലാം ചേര്‍ന്നു കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സാംസ്‌കാരികദുരന്തമായാണ് മനഃശാസ്ത്രജ്ഞന്മാര്‍ ഇതിനെ വിലയിരുത്തുന്നത്. ഇതിനോടു ചേര്‍ത്തുവായിക്കേണ്ട ഒരു സംഗതിയാണ് സെക്‌സ് റാക്കറ്റിലും ഹണി ട്രാപ്പിലും മറ്റും മുഖ്യകണ്ണിയായി മഹിളാമണികളും കയറിക്കിടക്കുന്നുവെന്ന വസ്തുത.
എന്തായാലും വനിതാദിനത്തോടനുബന്ധിച്ച് സില്‍ജി ടോം എഴുതിയ ലേഖനം (2023 മാര്‍ച്ച് 9) സന്ദര്‍ഭോചിതമായി. ദീപനാളത്തിനും ലേഖികയ്ക്കും അഭിനന്ദനങ്ങള്‍!
കൊച്ചുറാണി സക്കറിയാസ്
കടുത്തുരുത്തി