•  2 May 2024
  •  ദീപം 57
  •  നാളം 8
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ഓരത്തിന്റെ പൂരം

ചിലര്‍ക്ക് ഏതെങ്കിലും ഒരു വാക്കിനോടു വല്ലാത്ത ഭ്രമം തോന്നും. എന്തെഴുതിയാലും പ്രസംഗിച്ചാലും അവര്‍ ആ വാക്ക് ഔചിത്യത്തെക്കുറിച്ചു ചിന്തിക്കാതെ പ്രയോഗിച്ചുകളയും. ചലച്ചിത്രഗാനങ്ങളിലാണ് ഈ പ്രവണത ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത്.  ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ അതിനുവേണ്ടിമാത്രം ഈ ലേഖനത്തിന്റെ സിംഹഭാഗവും വേണ്ടിവരും. അതിനാല്‍ അത്തരമൊരു സാഹസത്തിന് എന്തായാലും ഈ ലേഖകന്‍ മുതിരുന്നില്ല.
അടുത്തകാലത്തായി ചലച്ചിത്രഗാനരചനാരംഗത്ത് ഏറ്റവും കൂടുതല്‍ സജീവമായി നില്ക്കുന്നത് വിനായക് ശശികുമാറാണ്. അദ്ദേഹത്തിനു ധാരാളം അവസരങ്ങള്‍ ലഭിക്കുന്നതില്‍ എനിക്കു സന്തോഷമേയുള്ളൂ. എന്നാല്‍, ഒഴിയാബാധപോലെ  അദ്ദേഹത്തെ നിരന്തരം പിന്തുടരുന്ന ഒരു പ്രയോഗമുണ്ട്. 'ഓരം' എന്ന വാക്കാണ് ഏകവചനമായും ബഹുവചനമായും സ്ഥാനത്തുമസ്ഥാനത്തും അദ്ദേഹം സ്വന്തം ഗാനങ്ങളില്‍ പ്രതിഷ്ഠിച്ചു നിര്‍വൃതികൊള്ളുന്നത്. ഏവര്‍ക്കുമറിയാവുന്നതുപോലെ പാര്‍ശ്വം, വക്ക്, തീരം എന്നൊക്കെയാണ് പ്രസ്തുതപദത്തിന് അര്‍ഥം നല്കിയിട്ടുള്ളത്.
ഇക്കൊല്ലം ഇതുവരെ പ്രദര്‍ശനത്തിനെത്തിയതും വിനായക് ശശികുമാര്‍ ഗാനരചന നിര്‍വഹിച്ചതുമായ ചിത്രങ്ങളിലെ ചില പാട്ടുകളില്‍ കടന്നുവന്ന ഓരത്തിന്റെ പൂരത്തെക്കുറിച്ച് ഒന്നു സൂചിപ്പിച്ചുകൊള്ളട്ടെ.
''നറുചിരിയുടെ മിന്നായം കണ്ണോരം കണ്ടേ
നദിയൊഴുകണപോലാരോ പിന്നാലെ വന്നേ
നടവഴിയുടെ ഓരങ്ങള്‍ പൂ ചൂടാനെന്തേ
കുടകരികിലെ തൂമഞ്ഞോ കണ്ണോരം പെയ്‌തേ''
''പ്രണയവിലാസം' എന്ന ചിത്രത്തിലെ പാട്ടാണിത്. സംഗീതം - ഷാന്‍ റഹ്‌മാന്‍; ആലാപനം-മിഥുന്‍ ജയരാജ്. ഓരവും ഓരങ്ങളുമായി ഈ കൊച്ചുപല്ലവിയില്‍ നാലുതവണ കടന്നുവന്നിട്ടുണ്ട്. വരികള്‍ക്കൊന്നും പരസ്പരബന്ധമില്ല. ഇല്ലെങ്കിലെന്ത്, ഓരം കടന്നുവന്നല്ലോ. പാട്ടെഴുത്തുകാരന്റെ ആനന്ദലബ്ധിക്കു മറ്റെന്തുവേണം?
'സന്തോഷം' എന്ന ചിത്രത്തിലെ ഒട്ടും സന്തോഷം തരാത്ത പാട്ടാണ് അടുത്തത്. പി.എസ്. ജയഹരിയുടെ സംഗീതത്തില്‍ കെ.എസ്. ഹരിശങ്കര്‍ പാടിയിരിക്കുന്നു.
''മലരും തോല്ക്കും മുഖമേ
മിഴികള്‍ ചിമ്മും ശിലയേ
പകലില്‍ തൂകും നിലവേ
കവിയും പാടാ കവിതേ
അന്നാദ്യം കണ്ടനാള്‍ മുതല്‍ ഉള്ളില്‍ പെണ്ണവളാണേ
കണ്ടാലും കണ്ടാലും കൊതിതീരാ നൊമ്പരമെന്താവോ
എന്‍ നെഞ്ചോരമവള്‍ മിന്നാരം ചിരിതൂകും കണ്ണഴകായ്
കണ്‍ചിമ്മാതെ നിറം മങ്ങാതെ മനം തേടും പൊന്‍കണിയായ്''
ഇവിടെയും ഓരം നെഞ്ചുമായി ചേര്‍ന്നുവന്നു. നായികയുടെ സവിശേഷതകളൊക്കെ വാചാലമായി പറയുന്നുണ്ട് രചയിതാവ്. കൂട്ടത്തില്‍ 'പകലില്‍ തൂകും നിലവേ' എന്ന വരി ശ്രദ്ധിച്ചോ? നിലവ് എന്നാല്‍ നിലാവ് എന്നര്‍ഥം. പട്ടാപ്പകല്‍നേരത്ത് നിലാവുദിച്ചാല്‍ ആര്‍ക്കു കാണാനാവും? അതിന് എന്തു ചന്തമുണ്ടാകും? എന്തെഴുതുമ്പോഴും ഔചിത്യത്തെക്കുറിച്ചു ചിന്തിക്കേണ്ടതല്ലേ? കഷ്ടം?
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!'  എന്ന ചിത്രത്തിലെ ഗാനം ഇങ്ങനെ തുടങ്ങുന്നു:
''ലാ കൂടാരം നീ പൊന്‍വാനം
നിറമായ് നിഴലായ് അരികെ അരികെ'' (സംഗീതവും ആലാപനവും പോള്‍ മാത്യൂസ്.)
എന്താണീ ലാ കൂടാരം? ദൈവം തമ്പുരാനു മാത്രമേ അറിയാവൂ. ഈ ഗാനത്തിലുമുണ്ട്
'നീ പെയ്തിറങ്ങുമ്പോള്‍
എന്‍പാതയോരങ്ങള്‍' എന്ന ഈരടി.
തീര്‍ന്നില്ല, 'ക്രിസ്റ്റി'യിലെ 'പാല്‍മണം തൂകുന്ന രാത്തെന്നല്‍' എന്ന ഗാനത്തില്‍ 'ഒരു ദ്വീപിന്‍ ഓരങ്ങള്‍തേടി' എന്നെഴുതി വിനായക് ശശികുമാര്‍ ഓരത്തോടുള്ള അഭിനിവേശം പ്രകടിപ്പിച്ചിരിക്കുന്നു. എഴുതുന്നതെല്ലാം പൊട്ടവരികള്‍. അക്കൂട്ടത്തില്‍ ഓരംപോലെയുള്ള പദത്തിന്റെ ധാരാളിത്തം കൂടിയാകുമ്പോള്‍ പരാജയം പൂര്‍ണമാകുന്നു. അധികമായാല്‍ അമൃതും വിഷം എന്നല്ലേ പ്രമാണം!

 

Login log record inserted successfully!