•  16 May 2024
  •  ദീപം 57
  •  നാളം 10
കേരളത്തിലെ പക്ഷികള്‍

ശരപ്പക്ഷി

വിടര്‍ത്തിവച്ച കത്രികപോലെ  കൂര്‍ത്തതാണ് ശരപ്പക്ഷികളുടെ ചിറകുകള്‍. കറുപ്പും ചാരനിറവും വെളുപ്പുമല്ലാതെ  മറ്റു നിറങ്ങളൊന്നും ശരപ്പക്ഷികള്‍ക്കില്ല. പറക്കുമ്പോള്‍ വാലും അല്പം  വിടര്‍ത്തിയ കത്രികപോലെതന്നെയാണു കാണുക.  പല പക്ഷികളുടെയും പേരിനു നിദാനം അവയുടെ കരച്ചിലാണെന്നു പക്ഷിശാസ്ത്രത്തില്‍ പറയുന്നു. എന്നാല്‍, ശരപ്പക്ഷിക്കാകട്ടെ  പറക്കലിനെ അടിസ്ഥാനമാക്കി പേരുവന്നിരിക്കുന്നു. ശരപ്പക്ഷി എന്ന പേരിനാസ്പദം ശരംപോലുള്ള പറക്കലാണ്. ഇംഗ്ലീഷില്‍ ഈ പക്ഷിയെ സ്വിഫ്റ്റ് എന്നു വിളിക്കുന്നു. ചാഞ്ഞും ചരിഞ്ഞും ശരംപോലെ പായുന്ന ശരപ്പക്ഷി പല ലോകറിക്കാര്‍ഡുകളുടെയും ഉടമകൂടിയാണ്.

കേരളത്തില്‍ സാധാരണമായി കാണുന്ന ഇനങ്ങള്‍ക്കു നാടന്‍പേരുകള്‍ കാണാം. ചിത്രകൂടല്‍, വെള്ളവയറന്‍, മുള്‍വാലന്‍, അമ്പലംചുറ്റി എന്നിങ്ങനെ പോകുന്നു. കൊമ്പന്‍ശരപ്പക്ഷികള്‍ക്കു തലയില്‍ കൂര്‍ത്തുവളഞ്ഞ തൂവല്‍ത്തൊപ്പിയും ആണിനു കവിളത്ത് ഓറഞ്ചുനിറവും കാണപ്പെടുന്നു. ലോകത്തെ ഏറ്റവും നീളംകുറഞ്ഞ കാലുള്ള പക്ഷി ശരപ്പക്ഷിതന്നെ. അപ്പോഡി എന്ന കുടുംബത്തില്‍പ്പെട്ടതാണ് ശരപ്പക്ഷി. അപ്പോഡി എന്ന കുടുംബപ്പേരിന്റെ അര്‍ഥംതന്നെ 'കാലില്ലാത്തവ' എന്നാണ്. കാല്‍മാത്രമല്ല, കൊക്കിന്റെ നീളക്കുറവിന്റെ കാര്യത്തിലും ശരപ്പക്ഷി ലോകത്തില്‍  ഒന്നാം സ്ഥാനക്കാരനാണ്. ഏറ്റവുമധികം സമയം പരിശീലനമില്ലാതെതന്നെ പറക്കുന്ന പക്ഷിയും ശരപ്പക്ഷിതന്നെ. പറക്കുന്നതിനിടയില്‍ ഇര പിടിക്കാനും മഴവെള്ളം കുടിക്കാനും ഉറങ്ങാനും എന്തിനധികം ഇണചേരാനും ഇവയ്ക്കു കഴിയും.
ശരപ്പക്ഷിയുടെ മറ്റൊരു റിക്കാര്‍ഡ് കൂടിന്റെ കാര്യത്തിലാണ്. ഏറ്റവും ചെറിയ കൂട് ശരപ്പക്ഷിയുടേതാണെന്നു പഠനം. കൂടുകള്‍ ഉണ്ടാക്കുന്ന രീതിക്കും വിചിത്രസ്വഭാവമുണ്ട്. സ്വന്തം ഉമിനീരു ചേര്‍ത്താണ് കൂടുണ്ടാക്കുന്നത്. കൂടിനു ബലംവരുത്താന്‍ പുല്ലും തൂവലുകളുമൊക്കെ  ചേര്‍ക്കുകയും ചെയ്യും. തൊട്ടില്‍പോലുള്ള കൂട് ഗുഹകള്‍ക്കകത്തും പറ്റിയ ഇടങ്ങളിലുമൊക്കെ ഒട്ടിച്ചുവയ്ക്കുകയാണു ചെയ്യുക. പനംകൂളന്‍ എന്നറിയപ്പെടുന്ന പാംസ്വിഫ്റ്റുകള്‍ പനയില്‍ മാത്രമേ കൂടൊരുക്കൂ. കൂട്ടില്‍ രണ്ടോ മൂന്നോ മുട്ടകളിടുന്നു. തൂവെള്ളനിറമാകും മുട്ടയ്ക്ക്. പ്രാണികളും ശലഭങ്ങളും തുമ്പികളുമാണ് മുതിര്‍ന്ന പക്ഷികളെപ്പോലെ കുഞ്ഞുങ്ങളുടെയും ആഹാരം.

Login log record inserted successfully!