•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

സുഡാനില്‍ വെടിയൊച്ച നിലയ്ക്കുന്നില്ല

''സായുധസേനത്തലവനായ ജനറല്‍ ബുര്‍ഹാനും ഞാനും ഇന്ന് ഒരു ഉടമ്പടിയില്‍ ഒപ്പുവയ്ക്കുകയാണ്. ഈ കരാറിന്‍പ്രകാരം എത്രയുംവേഗം 
ഒരു ജനാധിപത്യസര്‍ക്കാരിന് ഞങ്ങള്‍ രൂപം നല്കും. ഇതിലെ ഓരോ വാക്കും ഞങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കും.'' സുഡാനിലെ അര്‍ധസൈനികവിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍എസ്എഫ്) തലവന്‍ ജനറല്‍ മുഹമ്മദ് ഹംദാന്‍ ഡഗോലോ 2019 ഓഗസ്റ്റില്‍ സുഡാന്റെ സൈനികമേധാവിയായ ജനറല്‍ അബ്ദുള്‍ ഫത്താ അല്‍ ബുര്‍ഹാന്റെ സാന്നിധ്യത്തില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണിത്.
1989 മുതല്‍ 2019 വരെയുള്ള 30 വര്‍ഷം ഉരുക്കുമുഷ്ടികൊണ്ടു ഭരണം നടത്തിയ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത രണ്ടു പട്ടാളമേധാവികളും ചേര്‍ന്ന് ഒരു താത്കാലികസര്‍ക്കാരിനു രൂപംനല്‍കിയെങ്കിലും ആ ഭരണകൂടത്തെ 2021 ല്‍ താഴെയിറക്കുകയും അധികാരം പങ്കിടുകയുമായിരുന്നു. ഇരുവരും ചേര്‍ന്ന് 2022 ഡിസംബറില്‍ ഏര്‍പ്പെട്ട കരാറിലൂടെ ഒരു ലക്ഷത്തോളം വരുന്ന ആര്‍എസ്എഫ് സേനാംഗങ്ങള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഔദ്യോഗികസേനാവിഭാഗത്തില്‍ ലയിക്കണമായിരുന്നു. ജനറല്‍ ബുര്‍ഹാനായിരിക്കും സംയുക്തസേനയുടെ തലവന്‍ എന്ന തീരുമാനം ഡഗോലോയുടെ ഉള്ളില്‍ ഒരു കല്ലുകടിയായി അവശേഷിച്ചിരുന്നതിനാല്‍ ലയനത്തിനുള്ള കാലാവധി പത്തു വര്‍ഷമായി നീട്ടാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചു. ജനറല്‍ ഡഗോലോയുടെ ആവശ്യം കരാറിന്റെ നഗ്നമായ ലംഘനമാണെന്ന നിലപാടില്‍ ബുര്‍ഹാന്‍ ഉറച്ചുനിന്നതോടെ രണ്ടുപേര്‍ക്കും ഇടയിലുള്ള അസ്വാരസ്യങ്ങളും പുറത്തുവന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 15-ാം തീയതി ഇരുവരുടെയും അനുയായികള്‍ ഖാര്‍ത്തുമിലെ തെരുവുകളില്‍ ഏറ്റുമുട്ടി. തലസ്ഥാനഗരിയില്‍ തുടങ്ങിയ സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു വ്യാപിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. വിവിധ നഗരങ്ങളില്‍ മൂന്നാഴ്ചയായി നടക്കുന്ന ഏറ്റുമുട്ടലുകളില്‍ അഞ്ഞൂറിലേറെപ്പേര്‍ക്ക് ജീവഹാനി നേരിടുകയും അയ്യായിരത്തിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നിരപരാധികളായ സാധാരണജനങ്ങളും ഇക്കൂട്ടത്തിലുണ്ടണ്ട്. ഖാര്‍ത്തുമിലെ സംഘര്‍ഷത്തിനിടയില്‍ കണ്ണൂര്‍ ആലക്കോടു സ്വദേശി 48 കാരനായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ വെടിയേറ്റു മരിച്ചത് വാര്‍ത്തയായിരുന്നു.
ഒമര്‍ അല്‍ ബഷീറിന്റെ ഭരണകാലത്തു നടന്നിട്ടുള്ള വിവിധ കലാപങ്ങളെ അടിച്ചമര്‍ത്തി കൈകളില്‍ രക്തം പുരണ്ടവരാണ് രണ്ടു ജനറല്‍മാരുമെന്നത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കും. ബഷീര്‍ ഭരണകൂടത്തിനെതിരേ തെക്കന്‍ സുഡാന്‍ നിവാസികള്‍ വിഘടിച്ചു നിന്നു നടത്തിയ പോരാട്ടങ്ങളില്‍ ആയിരങ്ങളെയാണ് ഇരുവരുടെയും സൈന്യം കൊന്നൊടുക്കിയത്. രണ്ടുപേരുടെയും സേനാവിഭാഗങ്ങള്‍ തമ്മില്‍ രാജ്യവ്യാപകമായി നടക്കുന്ന ഏറ്റുമുട്ടലുകള്‍ക്ക് ആശയപരമോ വര്‍ഗപരമോ മതപരമോ ആയ ഒരു സ്വഭാവവുമില്ലെന്നത് വിചിത്രമായിത്തോന്നാം. ഇരുവിഭാഗങ്ങളും തമ്മില്‍ ഇടതുപക്ഷമോ വലതുപക്ഷമോ എന്ന പേരില്‍ ആശയപരമായോ കറുത്തവരും വെളുത്തവരും എന്ന നിലയില്‍ വര്‍ഗപരമായോ, മുസ്ലീം-ക്രിസ്ത്യന്‍ എന്ന രീതിയില്‍ മതപരമായോ ഉള്ള വ്യത്യാസങ്ങളില്ലെന്നാണു നിരീക്ഷിച്ചിട്ടുള്ളത്. രാജ്യത്തെ മുഴുവന്‍ കലാപഭൂമിയാക്കിയത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള അധികാരപ്പോരാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ അയല്‍രാജ്യങ്ങള്‍ക്കോ വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കോ ഐക്യരാഷ്ട്രസംഘടനയ്‌ക്കോ വ്യക്തമായ നിലപാടുകളോ നടപടികളോ എടുക്കാന്‍ വയ്യാത്ത അവസ്ഥയും സംജാതമായിരിക്കുന്നു. തത്കാലം തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുകയെന്ന നയമാണ് ഓരോ രാജ്യവും സ്വീകരിച്ചിരിക്കുന്നത്. സുഡാനിലുള്ള 3,400 ഇന്ത്യക്കാരില്‍ 2,200 പേരെ ഇതിനകം നാട്ടിലെത്തിച്ചു കഴിഞ്ഞതായി വിദേശമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. 
മുഹമ്മദ് ഹംദാന്‍ ഡിഗോലോ അഥവാ ''ഹെമെഡ്ട്''

അറബി നാടോടിസമൂഹത്തില്‍ ജനിച്ചുവളര്‍ന്ന മുഹമ്മദ് ഹംദാന്‍ ഡഗോലോ, തന്റെ കുടുംബത്തിന്റെ ഒട്ടകക്കൂട്ടങ്ങളെ ആക്രമിച്ച് വസ്തുവകകള്‍ കൊള്ളയടിക്കുകയും 60 കുടുംബാംഗങ്ങളെ കൊന്നൊടുക്കുകയും ചെയ്ത കൊള്ളക്കാരെ നേരിടുന്നതിനു രൂപംകൊടുത്ത 'ജന്‍ജാവീഡ്' എന്ന സംഘടയുടെ പുതിയ രൂപമാണ് ആര്‍എസ്എഫ്. പ്രസിഡന്റ് ബഷീറിന്റെ വിശ്വസ്തനായിനിന്ന് ജനറല്‍പദവിവരെയെത്തിയ വ്യക്തിയാണ് ഡഗോലോ. ജനങ്ങള്‍ക്കിടയില്‍ 'ഹെമഡ്ട്' അഥവാ 'കുഞ്ഞു മുഹമ്മദ്' എന്നറിയപ്പെടുന്ന ഡഗോലോയെയാണ് 17 വര്‍ഷം നീണ്ടുനിന്ന ഡാര്‍ഫര്‍ മേഖലയിലെ ആഭ്യന്തരയുദ്ധം അടിച്ചമര്‍ത്താന്‍ ബഷീര്‍ നിയോഗിച്ചത്. ഫര്‍, മസാലിത്, സഗ്ഹാവ തുടങ്ങിയ വിഘടനവാദിസംഘടനകളെ മുഴുവന്‍ ഇല്ലായ്മചെയ്ത് കലാപം കെട്ടടങ്ങുമ്പോഴേക്കും മൂന്നു ലക്ഷം  പേരുടെ ജീവന്‍ പൊലിയുകയും 27 ലക്ഷം പേര്‍ ഭവനരഹിതരാവുകയും ചെയ്തു. ഇത്രയും വലിയ കൂട്ടക്കൊല നടത്തിയതിന്റെപേരില്‍ അന്തര്‍ദേശീയ കുറ്റാന്വേഷണക്കോടതി ഒമര്‍ അല്‍ബഷീറിനും ഹെമെഡ്ടിനുമെതിരേ പ്രഖ്യാപിച്ച ഒരു വിധി നിലനില്ക്കുന്നുണ്ട്. ഡാര്‍ഫറിലെ ആഭ്യന്തരകലാപത്തിനു വിരാമമിട്ട ഹെമെഡ്ടിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നത് ഈ സംഭവത്തോടെയാണ്. ആര്‍എസ്എഫിന്റെ തലവന്‍ എന്ന നിലയില്‍ വിമതസംഘടനകളുമായി ചര്‍ച്ചകള്‍ നടത്താനും വഴങ്ങാത്തവരെ ഉന്മൂലം ചെയ്യാനുമുള്ള അധികാരവും അദ്ദേഹത്തിനുണ്ടായിരുന്നു. ശത്രുക്കളില്‍നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്ന പ്രസിഡന്റിന്റെ സംരക്ഷണച്ചുമതലയും ഹെമെഡ്ടിനായിരുന്നു.
പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിന്റെ കീഴില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്ന നാല്പത്തെട്ടുകാരനായ ഡഗോലോ അന്താരാഷ്ട്രതലങ്ങളിലും പ്രശസ്തനാണ്. സൗദി അറേബ്യ, യുഎഇ തുടങ്ങിയ സമ്പന്നരാജ്യങ്ങളിലെ ഭരണാധികാരികളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. റഷ്യയുടെ കൂലിപ്പട്ടാളമായ 'വാഗ്‌നര്‍' ഗ്രൂപ്പിന്റെ തലവന്‍ യവ്ജിനി പ്രിഗോഷിന്‍ ഡിഗോലോയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ഛാഡിലെയും ലിബിയയിലെയും യെമനിലെയും ആഭ്യന്തരകലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ ആര്‍എസ്എഫ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഡാര്‍ഫര്‍ കലാപം അടിച്ചൊതുക്കിയ ധീരരായ പോരാളികളാണ് ഹെമെഡ്ടിന്റെ തുറുപ്പുചീട്ട്. റോക്കറ്റ് പ്രൊപ്പല്ലറുകളും മെഷീന്‍ ഗണ്ണുകളും ഗ്രനേഡുകളും നിറച്ച ട്രക്കുകള്‍ സ്വന്തമായുള്ളതിനാല്‍ ബുര്‍ഹാന്റെ ഔദ്യോഗികസേനയോട് ഏറെനാള്‍ എതിര്‍ത്തുനില്ക്കാനാവും. 'ആരാണ് ഒന്നാമന്‍' എന്നു തീരുമാനിക്കാനുള്ള ഒരു ബലാബലമായി ഈ സംഘര്‍ഷം മാറിയിട്ടുണ്ട്. ഇത് എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ ലോകംകണ്ട ഏറ്റവും വലിയ ആഭ്യന്തരകലാപമായി മാറിയേക്കുമെന്ന് സുഡാന്റെ മുന്‍ പ്രധാനമന്ത്രി അബ്ദുള്ള ഹംഡോക് അഭിപ്രായപ്പെട്ടു. സുഡാന്റെ 18 സംസ്ഥാനതലസ്ഥാനങ്ങളില്‍ 12 ലും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടക്കുകയാണെന്നും ഖാര്‍ത്തുമിലെ സൈനികാസ്ഥാനം ഡഗോലോയുടെ സൈന്യം വളഞ്ഞിരിക്കുന്നുവെന്നും വാര്‍ത്തയുണ്ട്.
സുഡാന്‍ - നൈലുകളുടെ സംഗമസ്ഥാനം
'സുഡാന്‍' എന്ന വാക്കിന്റെ അര്‍ഥം 'കറുത്ത വര്‍ഗക്കാരുടെ നാട്' എന്നാണ്. സുഡാനിലെ ഭൂരിഭാഗം ജനങ്ങളും കറുത്തവര്‍ഗക്കാരായ അറബികളാണ്. 
1820 മുതല്‍ 1898 വരെ ഭരണം നടത്തിയ ഓട്ടോമാന്‍ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയ ബ്രിട്ടനില്‍നിന്നും 1956 ജനുവരി ഒന്നാം തീയതി സ്വാതന്ത്ര്യം നേടിയ സുഡാനില്‍ ഒരു ജനാധിപത്യസര്‍ക്കാര്‍ നിലവില്‍വന്നെങ്കിലും 1958 മുതലുള്ള തുടര്‍ച്ചയായ പട്ടാളഅട്ടിമറികള്‍ രാജ്യത്തെ അസ്ഥിരമാക്കി. ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായി എണ്ണപ്പെടുന്നുണ്ടെങ്കിലും സൗത്താഫ്രിക്കയും ഘാനയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം കയറ്റുമതി ചെയ്യുന്നത് സുഡാനാണ്. പരുത്തിയും പീനട്ടും അക്കേഷ്യയില്‍നിന്നെടുക്കുന്ന അറബിക് പശയുമാണ് മറ്റു പ്രധാന വിഭവങ്ങള്‍. ബ്രിട്ടീഷ് ഭരണകാലത്തു കണ്ടെത്തിയ എണ്ണയും പ്രകൃതിവാതകവും കയറ്റുമതി ചെയ്യുന്നത് ചെങ്കടല്‍തീരത്തുള്ള പോര്‍ട്ട് സുഡാന്‍ തുറമുഖം വഴിയാണ്. 900 കിലോമീറ്റര്‍ ദൈര്‍ഘ്യംവരുന്ന ചെങ്കടല്‍ത്തീരം ജനനിബിഡമാണെന്നു പറയാം. 18.86 ലക്ഷം ച. കിലോമീറ്റര്‍ വിസ്തൃതിയുള്ള സുഡാനില്‍ 4.46 കോടി ജനങ്ങള്‍ അധിവസിക്കുന്നുണ്ട്. 2011 ജൂലൈ 9-ാം തീയതി ദക്ഷിണ സുഡാന്‍ വേര്‍പിരിയുന്നതുവരെ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യവും സുഡാനായിരുന്നു. തലസ്ഥാനമായ ഖാര്‍ത്തുമില്‍ 60 ലക്ഷം ജനങ്ങളുണ്ട്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നൈല്‍നദിയുടെ വെളുത്ത നൈലും നീല നൈലും സംഗമിക്കുന്നിടത്താണ് ഖാര്‍ത്തും നഗരം സ്ഥിതി ചെയ്യുന്നത്.
സുഡാന്‍ സായുധസേനയും ആര്‍ എസ് എഫും തമ്മിലുള്ള പോരാട്ടം കൂടുതല്‍ രൂക്ഷമാകുമ്പോഴേക്കും 8 ലക്ഷം ജനങ്ങളെങ്കിലും  അയല്‍രാജ്യങ്ങളിലേക്കു പലായനം ചെയ്‌തേക്കുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെറസ് കണക്കുകൂട്ടുന്നു. ഒരു ലക്ഷത്തോളം പേര്‍ ഇതിനോടകം അയല്‍രാജ്യമായ ഛാഡില്‍ എത്തിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ ശ്രമഫലമായി രണ്ടു കൂട്ടരും ചേര്‍ന്നു പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാറുകളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ഏറ്റവുമൊടുവില്‍, 72 മണിക്കൂര്‍ നീളുന്ന ഒരു വെടിനിറുത്തല്‍ കരാര്‍കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റാനും വിദേശികളെ  അതതു രാജ്യങ്ങളിലേക്കയയ്ക്കാനും ഈ കരാര്‍ ഉപകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
സുഡാനിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും സമാധാനത്തിന്റെ പാതയിലേക്കു തിരിച്ചുവരാനും രണ്ടു കൂട്ടരോടും ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ഉത്കണ്ഠാകുലമായ ദിവസങ്ങളിലൂടെ കടന്നുപോകുന്ന അവിടത്തെ ജനങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത മാര്‍പാപ്പ ശത്രുക്കളെ സ്‌നേഹിക്കാനും അവരോടു പൊറുക്കാനും കഴിഞ്ഞാല്‍ യുദ്ധങ്ങള്‍ ഒഴിവാക്കാനാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)