ഇരുളടഞ്ഞ പാതാളഗര്‍ത്തങ്ങളില്‍ യൂദാസിന്റെ ആത്മാവ് അലഞ്ഞുനടന്നു. എങ്ങും മരണത്തിന്റെ രൂക്ഷഗന്ധം. ഇടയ്ക്കിടയ്ക്കുയരുന്ന ആത്മാക്കളുടെ നെടുവീര്‍പ്പുകളും ശാപവാക്കുകളും അട്ടഹാസങ്ങളും. യൂദാസിനു മടുത്തു. ഇവിടെ എത്തിയിട്ട് എത്ര ദിവസമായെന്നറിയില്ല. സമയമോ ദിവസത്തിന് കാലമോ ഇല്ലാത്ത അസഹ്യമായ കാത്തിരിപ്പ്. ഇവിടെ ഒരു ദിവസത്തേക്ക് ആയിരം വര്‍ഷത്തെക്കാള്‍ ദൈര്‍ഘ്യമുള്ളതുപോലെ. എല്ലാറ്റിനുമുപരി ദൈവത്തിന്റെ അസാന്നിധ്യം. അയാള്‍ തന്റെ വിധിയോര്‍ത്തു സ്വയം ശപിച്ചു. തന്റെ ഒടുങ്ങാത്ത ധനമോഹമാണ് തന്നെ ഈ നരകത്തില്‍ എത്തിച്ചത്. ഗുരു തന്നെ പണസഞ്ചി ഏല്പിച്ച നാള്‍ മുതല്‍ ഒരിക്കലും പണത്തിനു ദാരിദ്ര്യം അനുഭവിച്ചിരുന്നില്ല. അതില്‍നിന്നു പലപ്പോഴും ആരുമറിയാതെ താന്‍ മോഷ്ടിച്ചിട്ടുണ്ടുതാനും. ഒരിക്കല്‍പ്പോലും ഗുരു തന്നോടു കണക്കു ചോദിച്ചിട്ടില്ല. തന്റെ ഗുരുവായ യേശുക്രിസ്തുവിന്റെ അദ്ഭുതങ്ങള്‍ മൂന്നുവര്‍ഷം കൂടെനടന്ന് നേരിട്ടു കണ്ടു ജീവിച്ചിട്ടും ആ ഗുരുവിനെ തനിക്കു മനസ്സിലാക്കാന്‍ സാധിച്ചില്ലല്ലോ. ധനമോഹം തന്റെ കണ്ണുകളെ അന്ധമാക്കിയിരുന്നു. പാപിയാണു ഞാന്‍... മഹാപാപി. ദൈവപുത്രനെ മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത മഹാപാപി...
സത്യത്തില്‍ ഗുരുവിന് ഈ വിധം ഒരു ദുരന്തം സംഭവിക്കുമെന്ന് താന്‍ ~ഒരിക്കലും കരുതിയിരുന്നില്ല. എത്രയോ പ്രാവശ്യം യഹൂദന്മാര്‍ ഗുരുവിനെ ബന്ധിക്കാനും വധിക്കാനും ശ്രമിച്ചിരുന്നു. അപ്പോഴെല്ലാം ഗുരു അവരുടെ കണ്ണുകളില്‍നിന്നു മറഞ്ഞു രക്ഷപ്പെടുകയാണുണ്ടായിട്ടുള്ളത്. ഇതും അപ്രകാരമൊക്കെയേ സംഭവിക്കുകയുള്ളൂ എന്നാണു കരുതിയത്. പിന്നെ പണം, അതു നഷ്ടമില്ലാത്ത ഒരു കച്ചവടമായി തന്റെ കീശയില്‍ വീഴുമല്ലോ എന്നു കരുതി.
എന്നാല്‍, ശത്രുക്കള്‍ ഗുരുവിനെ ബന്ധിക്കുകയും വലിച്ചിഴയ്ക്കുകയും മുഖത്തടിക്കുകയും ദേഹോപദ്രവമേല്പിക്കുകയും ചെയ്തപ്പോള്‍ താന്‍ സ്തംഭിച്ചുപോയി. എപ്പോഴോ ആ കണ്ണുകള്‍ തന്റെ നേരേ തിരിയുന്നതു താന്‍ കണ്ടു. പിന്നെ അവിടെ നില്‍ക്കാന്‍ തോന്നിയില്ല. അത്ര ഹൃദയഭേദകമായിരുന്നു ആ കാഴ്ച. കണ്ണുകള്‍ ഇറുക്കിയടച്ച് മുഖംപൊത്തി എങ്ങോട്ടെന്നില്ലാതെ ഓടി. അവസാനം കൈയില്‍ കിട്ടിയ കയര്‍ത്തുമ്പില്‍ ജീവിതം അവസാനിപ്പിച്ചു.
അന്ന് ഗലീലിയിലൂടെ നടന്നു നീങ്ങുമ്പോള്‍ ശിഷ്യരായ ഞങ്ങളോടു പറഞ്ഞ ഗുരുവിന്റെ ദിവ്യവചനങ്ങള്‍ ഓര്‍മയില്‍ തെളിയുന്നു. 'അവര്‍ തന്നെ വധിക്കുമെന്നും മൂന്നാംനാള്‍ താന്‍ ഉയിര്‍പ്പിക്കപ്പെടു'മെന്നുമുള്ള തിരുവചനം. ഇപ്പോഴാണ് തനിക്കു കാര്യങ്ങള്‍ ബോധ്യമാകുന്നത്.
ആ പാദാന്തികത്തില്‍വീണ് ഒന്നു മാപ്പുചോദിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... അയാള്‍ സ്വയം ശപിച്ച് നെടുവീര്‍പ്പിച്ചു.
പെട്ടെന്ന് പാതാളഗര്‍ത്തങ്ങള്‍ ആടിയുലഞ്ഞു. ദൂരെ, ഒരു ആരവം കേള്‍ക്കുമാറായി. പെരുവെള്ളത്തിന്റെ ഇരമ്പല്‍പോലെ. ആത്മാക്കള്‍ പരിശുദ്ധന്‍... പരിശുദ്ധന്‍... എന്ന് ഉദ്‌ഘോഷിക്കുന്ന വലിയ സ്വരം. ഒപ്പം ഒരു പ്രകാശവലയം അകലെത്തെളിഞ്ഞു. അത് അടുത്തടുത്തു വരുന്നു. ആ പ്രകാശവലയത്തില്‍ യേശുനാഥന്റെ തിരുമുഖം തെളിഞ്ഞുകാണുന്നു.
ഒന്നേ നോക്കിയുള്ളൂ. യൂദാസിന്റെ ആത്മാവ് ഞെട്ടിവിറച്ചു. 'ഗുരു തന്റെ തെറ്റിനു ശിക്ഷിക്കാനും ശാസിക്കാനും വരുന്നു! ഇനി തനിക്കു രക്ഷയില്ല.' അയാളുടെ ആത്മാവ് പാതാളഗര്‍ത്തങ്ങളുടെ ചുവരുകളില്‍ ഒളിക്കാന്‍ ശ്രമിച്ചു.
''യൂദാസ്,'' യേശു അവന്റെ അടുത്തെത്തി. ''നീ എന്താണു മറഞ്ഞിരിക്കുന്നത്?'' യേശു ശാന്തമായി ചോദിച്ചു.
''ഗുരുവേ, എനിക്ക് അങ്ങയുടെ തിരുമുഖം ദര്‍ശിക്കാന്‍ കഴിയുന്നില്ല. അങ്ങ് എന്നില്‍നിന്ന് അകന്നുപോകണമേ... ഞാന്‍ പാപിയാണ്. അങ്ങയെ ഒറ്റിക്കൊടുത്ത മഹാപാപി...''
''യൂദാസേ, ഞാന്‍ എല്ലാം അറിയുന്നു. 'പാപികളേ തേടിയാണു ഞാന്‍ വന്നിരിക്കുന്നത്. നീതിമാന്മാരെയല്ല' എന്ന എന്റെ വചനം നീ മറന്നു അല്ലേ. നീ എല്ലാം മറന്നു, എന്നെയും.''
''കര്‍ത്താവേ, നീ എല്ലാമറിയുന്നവനും സര്‍വശക്തുമല്ലേ. പിന്നെ എന്തിനാണ് എനിക്കു ജന്മം നല്‍കിയതും ഈ കൊടും പാപം ചെയ്യാന്‍ എന്നെ അനുവദിച്ചതൂം?'' യൂദാസിന്റെ ആത്മാവ് നിരാശയോടെ യേശുവിനോടു തര്‍ക്കിച്ചു.
''എന്നോടൊപ്പമായിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞ ധൂര്‍ത്തപുത്രന്റെ ഉപമ നീ ഓര്‍ക്കുന്നോ? ധൂര്‍ത്തപുത്രന്‍ പാപം ചെയ്ത് പിതാവില്‍നിന്ന് അകന്നുപോയിട്ടും തിരിച്ചുവന്നില്ലേ, നിനക്ക് എന്തുകൊണ്ട് അനുതപിച്ച് തിരിച്ചുവന്നുകൂടായിരുന്നു. ദൈവത്തിന്റെ സ്‌നേഹം മനുഷ്യര്‍ക്കു വെളിപ്പെടുത്തിത്തരാനല്ലേ ഞാന്‍ പീഡകള്‍ സഹിച്ച് മരിച്ചടക്കപ്പെട്ടിരിക്കുന്നത്.''
''അപ്പോള്‍ അവിടുന്നു മരിച്ചോ?'' യൂദാസിനു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
''അതേ യൂദാസ്, ഞാന്‍ ക്രൂശിക്കപ്പെട്ടു. മരിച്ചടക്കപ്പെട്ടിരിക്കുന്നു. എന്റെ ആത്മാവ് പാതാളത്തില്‍ കഴിയുന്നവരോടു സുവിശേഷം അറിയിക്കാനും അനുതപിച്ചു മാനസാന്തരപ്പെടുന്നവരെ സ്വര്‍ഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകാനുമാണ് വന്നിരിക്കുന്നത്.''
''കര്‍ത്താവേ, ഈ പാപിയോടും അവിടുന്നു കരുണ കാണിക്കണമേ. അയോഗ്യനെങ്കിലും അവിടുത്തെ രാജ്യത്തില്‍ ഒരു ദാസനായി എന്നെയും സ്വീകരിക്കണമേ.'' യൂദാസിന്റെ ആത്മാവ് അനുതാപത്തോടെ കേണപേക്ഷിച്ചു.
''യൂദാസേ, നിനക്കുവേണ്ടിക്കൂടിയാണു ഞാന്‍ പീഡകള്‍ സഹിച്ചത്. ഓരോ ആത്മാവും എനിക്ക് എത്രമേല്‍ വിലപ്പെട്ടതാണെന്നറിയുമോ? അനുതപിക്കുന്ന ഒരു പാപിയെപ്പോലും എനിക്കു തള്ളിക്കളയാന്‍ പറ്റില്ല. നിന്നെയും ഞാന്‍ എന്റെ രാജ്യത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.'' യൂദാസിന്റെ ആത്മാവ് യേശുവിന്റെ പ്രകാശവലയത്തില്‍ സാവധാനം അലിഞ്ഞുചേര്‍ന്നു; ആനന്ദനിര്‍വൃതിയില്‍ ലയിച്ചു.